എം എം അക്ബറിന് നീതി നല്‍കുക: എസ്ഡിപിഐ

കൊച്ചി: മുസ്‌ലിം പണ്ഡിതന്‍മാരെയും പ്രബോധകരെയും വേട്ടയാടുന്ന ഇടത് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
ചുരുങ്ങിയ കാലയളവില്‍ തന്നെ നിരവധി മുസ്‌ലിം മത പ്രഭാഷകരെ ഇടത് സര്‍ക്കാര്‍ യുഎപിഎ അടക്കമുള്ള കേസുകളില്‍പെടുത്തി. മത പ്രചാരണത്തിനുള്ള ഭരണഘടനാ അവകാശം ഉപയോഗപ്പെടുത്തിയതിന് എം എം അക്ബറിനെയും അന്യായമായി അറസ്റ്റ് ചെയ്തു. ഒരു തീവ്രവാദിയെ പിടികൂടുന്ന ശൈലിയിലായിരുന്നു അറസ്റ്റ്.  അതേസമയം മതസ്പര്‍ധ വളര്‍ത്തിയതിനെതിരേ 153 എ പ്രകാരമുള്ള കേസുകള്‍ നിലവിലുള്ള ഹിന്ദു ഐക്യവേദി നേതാവ് ശശികല, കുമ്മനം രാജ ശേഖരന്‍, വെള്ളാപ്പള്ളി നടേശന്‍, ബിജെപി നേതാവ് എന്‍ ഗോപാലകൃഷ്ണന്‍, ബാലകൃഷ്ണപിള്ള എന്നിവര്‍ക്കെതിരേ യാതൊരു അറസ്റ്റ് നടപടികളും ഉണ്ടായിട്ടില്ല.
വര്‍ഗീയത മാത്രം പ്രചരിപ്പിക്കുന്ന സംഘപരിവാര നേതാക്കളോട് വലിയ മമത പ്രദര്‍ശിപ്പിക്കുകയും മതസ്പര്‍ധ വളര്‍ത്തുന്നതിനെതിരായ വകുപ്പായ 153, മുസ്‌ലിങ്ങള്‍ക്ക് മാത്രമായി കേരളത്തില്‍ സംവരണം  ചെയ്തിരിക്കുകയാണ്. മുസ്‌ലിം സമുദായത്തെ ദ്രോഹിച്ച്, കേന്ദ്രം ഭരിക്കുന്ന സംഘപരിവാര സര്‍ക്കാരിന്റെ നല്ലപിള്ള ചമയാനുള്ള  പിണറായി സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കണമെന്നും മുസ്‌ലിം സമുദായത്തിനും പണ്ഡിതന്‍മാര്‍ക്കും നീതി നല്‍കണമെന്നും ആവശ്യപ്പെട്ടു. യോഗത്തി ല്‍ പ്രസിഡന്റ് പി പി മൊയ്തീന്‍കുഞ്ഞ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, നേതാക്കളായ അജ്മല്‍ കെ മുജീബ്, നാസര്‍ എളമന, സുല്‍ഫിക്കര്‍ അലി, ഫസല്‍ റഹ്മാന്‍, ഷെമീര്‍ മാഞ്ഞാലി, റഷീദ് എടയപ്പുറം, ഷിഹാബ് പടന്നാട്ട് സംസാരിച്ചു.

RELATED STORIES

Share it
Top