എം എം അക്ബറിനെ പോലിസ് കസ്റ്റഡിയില്‍ വിട്ടു

കൊച്ചി: വിവാദ പാഠപുസ്തക കേസില്‍ മതപ്രഭാഷകനും കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ മാനേജിങ് ഡയറക്ടറുമായ എം എം അക്ബറിനെ അഞ്ചു ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞദിവസം ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത അക്ബറിനെ ഇന്നലെ വൈകീട്ടോടെയാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് ദേവികാ ലാല്‍ മുമ്പാകെ ഹാജരാക്കിയത്.
ഇദ്ദേഹത്തെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പു നടത്തണമെന്നും ഏഴുദിവസത്തെ കസ്റ്റഡി വേണമെന്നും അന്വേഷണ സംഘം കോടതി മുമ്പാകെ ആവശ്യപ്പെട്ടു. പീസ് സ്‌കൂളിലെ സിലബസ് സംബന്ധിച്ച വിശദാംശങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കേസ് ഗുരുതര സ്വഭാവത്തിലുള്ളതാണെന്നും പ്രോസിക്യൂഷന്‍  ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് കോടതി അക്ബറിനെ അഞ്ചു ദിവസത്തെ കസ്റ്റഡിയില്‍ വിടുകയായിരുന്നു. കേസിന്റെ ചുമതലയുള്ള കൊച്ചി അസി. പോലിസ് കമ്മീഷണര്‍ കെ ലാല്‍ജിയാണ് അക്ബറിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പാഠപുസ്തകം പീസ് സ്‌കൂളിലെ രണ്ടാം ക്ലാസില്‍ പഠിപ്പിച്ചുവെന്നാണ് അക്ബറിനെതിരേയുള്ള പ്രോസിക്യൂഷന്‍ കേസ്. 2016 ഡിസംബറില്‍ പാഠപുസ്തകം തയ്യാറാക്കിയ മുംബൈയിലെ അല്‍ബുറൂജ് പബ്ലിക്കേഷന്‍ മേധാവി, കണ്ടന്റ് എഡിറ്റര്‍, പാഠപുസ്തക ഡിസൈനര്‍ എന്നിവരെ മുംബൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് എറണാകുളത്തെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു.  പോലിസിനെതിരേ എന്തെങ്കിലും പരാതിയുണ്ടോ എന്ന ചോദ്യത്തിന്, ഇല്ലെന്ന് അക്ബര്‍ മറുപടി നല്‍കി.
2016 ഒക്ടോബറിലാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതിനിടയില്‍ എന്‍ഐഎയും അക്ബറിനെ ചോദ്യം ചെയ്തതായാണു വിവരം.

RELATED STORIES

Share it
Top