എം എം അക്ബറിനെ അറസ്റ്റ് ചെയ്തു

കൊച്ചി: ഹൈദരാബാദ് വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസം തടഞ്ഞുവച്ച ഇസ്‌ലാമിക പണ്ഡിതനും പീസ് സ്‌കൂള്‍ ഡയറക്ടറുമായ എം എം അക്ബറിനെ പോലിസ് കൊച്ചിയില്‍ എത്തിച്ചു. ഇന്നലെ രാത്രിയോടെ കൊച്ചിയില്‍ എത്തിച്ച അക്ബറിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തിയതായി എസിപി കെ ലാല്‍ജി അറിയിച്ചു.
മതസ്പര്‍ധ വളര്‍ത്തുന്ന പാഠ ഭാഗം സ്‌കൂള്‍ പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയെന്ന് ആരോപിച്ച് കൊച്ചിയിലെ പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിനെതിരേ പോലിസ് കേസെടുത്തിരുന്നു. ഇതില്‍ അക്ബറിനെയും പ്രതിചേര്‍ത്തിരുന്നുവെങ്കിലും ഒരു വര്‍ഷത്തോളമായി അദ്ദേഹം വിദേശത്തായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിനായി പോലിസ് എല്ലാ വിമാനത്താവളങ്ങളിലും വിവരമറിയിച്ചിരുന്നു.
ആസ്‌ത്രേലിയയില്‍ നിന്നു ദോഹയിലേക്കുള്ള യാത്രാമധ്യേ അക്ബറിനു ഹൈദരാബാദില്‍ ഇറങ്ങേണ്ടിവന്നു. ഈ സമയം ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം അക്ബറിനെ തടഞ്ഞുവച്ച് കേരള പോലിസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് എറണാകുളത്തു നിന്ന് എസ്‌ഐ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം ഹൈദരാബാദിലെത്തി അക്ബറിനെ കസ്റ്റഡിയിലെടുത്തു കൊച്ചിയിലേക്കു കൊണ്ടുവരുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നേരത്തേ മൂന്നു പേരെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ 2016 ഒക്ടോബര്‍ 7നാണ് പാലാരിവട്ടം പോലിസ് കേസെടുത്തത്. പാഠഭാഗം അനുചിതമായതിനാല്‍ അതു പഠിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി കേസിന്റെ ആദ്യഘട്ടത്തില്‍ അക്ബര്‍ പോലിസിനു വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, തുടരന്വേഷണത്തില്‍ അക്ബറിനെ പ്രതി ചേര്‍ക്കുകയായിരുന്നു. 153-എ, 1-എ, 1-ബി-34 വകുപ്പുകള്‍ പ്രകാരമാണ് അക്ബറിനെതിരേ പോലിസ് കേസെടുത്തിരിക്കുന്നത്.
രാത്രി 9 മണിയോടെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്‌റ്റേഷനില്‍ എസിപിയുടെ നേതൃത്വത്തിലാണ് അക്ബറിനെ ചോദ്യം ചെയ്തത്. ഇന്നു കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top