എം എം അക്ബറല്ല, ഇസ്‌ലാം തന്നെയാണു പ്രശ്‌നം

മതസ്പര്‍ധ വളര്‍ത്തുന്ന ഭാഗങ്ങള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഇസ്‌ലാം മതപ്രബോധകനും പീസ് ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ അമരക്കാരനുമായ എം എം അക്ബറിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. താരതമ്യേന അത്രയൊന്നും ഗുരുതരമല്ലാത്ത ഐപിസി 153(എ) വകുപ്പനുസരിച്ചാണ് അറസ്റ്റ്. എന്നാല്‍, അതിനു നല്‍കിയ പ്രാധാന്യവും അക്ബറിനുണ്ടെന്നു പ്രചരിപ്പിക്കപ്പെടുന്ന തീവ്രവാദബന്ധവും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളുടെ ധനസ്രോതസ്സ് ഉയര്‍ത്തിക്കാട്ടി നടത്തുന്ന അന്വേഷണങ്ങളും കാര്യങ്ങള്‍ ശരിയായ ദിശയിലേക്കല്ല പോവുന്നതെന്നു വ്യക്തമായി സൂചിപ്പിക്കുന്നു. ഇസ്‌ലാം മതപ്രബോധനത്തിന്റെ ദേശവിരുദ്ധ ധ്വനി എന്ന നിലയില്‍ ഈ സംഭവം അവതരിപ്പിക്കപ്പെടാനും, ഇസ്‌ലാമോഫോബിയക്ക് ആക്കംകൂട്ടാനുള്ള ശ്രമങ്ങള്‍ക്ക് ബലം കൈവരാനും അക്ബറിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ നിമിത്തമായേക്കാം എന്നതിലാണ് ഈ അപായസൂചനകള്‍ കുടികൊള്ളുന്നത്.
കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലുള്ള അന്വേഷണ ഏജന്‍സികളുടെ മുസ്‌ലിംവിരുദ്ധ സമീപനങ്ങള്‍ വളരെ പ്രകടമാണ്. കേരള പോലിസില്‍ സംഘപരിവാരത്തിനുണ്ടെന്ന് സംശയിക്കപ്പെടുന്ന സ്വാധീനം ഇതിനോട് ചേര്‍ത്തുവയ്ക്കുമ്പോള്‍ എം എം അക്ബര്‍ ബലിയാടാക്കപ്പെടുകയായിരുന്നു എന്ന സംശയം പ്രബലമാവുന്നു. ഹാദിയ കേസില്‍ കേരള പോലിസും സംസ്ഥാന വനിതാ കമ്മീഷനും കൈക്കൊണ്ട സമീപനങ്ങള്‍ ഇടതുപക്ഷ ഭരണകൂടത്തിന്റെ പരോക്ഷമായ ഹിന്ദുത്വപ്രേമം തുറന്നുകാട്ടുന്നവയാണ്. മുസ്‌ലിംകള്‍ക്കെതിരായി കര്‍ക്കശ സമീപനം പുലര്‍ത്തുന്ന അധികൃതര്‍ അത്യധികം പ്രകോപനപരമാംവണ്ണം ന്യൂനപക്ഷവിരുദ്ധ വിഷം വമിക്കുന്ന പ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശശികല ടീച്ചറെയോ ശോഭ സുരേന്ദ്രനെയോ കുമ്മനം രാജശേഖരനെയോ തൊടാന്‍ മടിക്കുന്നു. എം എം അക്ബറിനെതിരായി ചുമത്തിയ വകുപ്പുകള്‍ ഇവരില്‍ പലര്‍ക്കുമെതിരായി ചുമത്തിയിട്ടുണ്ട്. അവരെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. നീതിനടത്തിപ്പിലെ ഇരട്ടത്താപ്പാണ് ഇത് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ഈ ഇരട്ടത്താപ്പിനെതിരേ ശബ്ദമുയര്‍ത്തുകയാണ് മതേതരവാദികളും ജനാധിപത്യ-പുരോഗമന ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവരും ചെയ്യേണ്ടത്. എന്നാല്‍, മതേതരവാദികള്‍ക്ക് മിണ്ടാട്ടമില്ല. സിപിഎമ്മിന്റെ യുവജനവിഭാഗമാവട്ടെ, കാവിരാഷ്ട്രീയക്കാരെക്കാള്‍ ആവേശത്തോടെ അക്ബറിനെതിരേ തിരിയുകയും പീസ് സ്‌കൂളിലേക്ക് മാര്‍ച്ച് ചെയ്യുകയുമാണുണ്ടായത്.
പാഠപുസ്തകങ്ങളില്‍ മതസ്പര്‍ധ പുലര്‍ത്തുന്ന ആശയങ്ങളുണ്ടെങ്കില്‍, അതു പിന്‍വലിക്കുക തന്നെ വേണം. അറിയാതെ സംഭവിച്ച അബദ്ധമാണെന്നും പുസ്തകം പിന്‍വലിച്ചിട്ടുണ്ടെന്നുമാണ് അക്ബര്‍ പറയുന്നത്. എങ്കില്‍ എന്തിനാണ് ഇത്രയും കടുത്ത നടപടികള്‍? അക്ബറിന്റെ പ്രബോധനശൈലിയോട് വിയോജിക്കുമ്പോള്‍ തന്നെ പ്രബോധനത്തിനുള്ള അദ്ദേഹത്തിന്റെ അവകാശം സംരക്ഷിക്കപ്പെടണം. ഒരര്‍ഥത്തില്‍ ഇതു പല മുസ്‌ലിം സംഘടനകള്‍ക്കും പാഠമാണ്. തങ്ങള്‍ തീവ്രവാദികളല്ലെന്നും ദേശവിരുദ്ധരല്ലെന്നും ഒറിജിനല്‍ തീവ്രവാദികള്‍ വേറെയാണെന്നും പ്രസംഗിക്കാനും എഴുതാനും ആവേശം കാണിച്ചവര്‍ക്ക് തങ്ങളുമുണ്ട് ഹിറ്റ്‌ലിസ്റ്റില്‍ എന്നു മനസ്സിലായല്ലോ. ഒരു വ്യക്തിയോ സംഘടനയോ അല്ല, ഇസ്‌ലാമാണ് പ്രതിക്കൂട്ടിലെന്നും തിരിഞ്ഞുകിട്ടി. അത്രയേയുള്ളൂ.

RELATED STORIES

Share it
Top