എംസി റോഡ് വികസനം : ഉദ്യോഗസ്ഥര്‍ എത്തി; പരാതി പ്രളയവുമായികച്ചവടക്കാരും നാട്ടുകാരുംചങ്ങനാശ്ശേരി: എംസി റോഡ് വികസനത്തിന്റെ ഭാഗമായി ചങ്ങനാശ്ശേരി നഗരത്തിലെ പണികള്‍ നടത്തേണ്ട ഭാഗത്തെ രൂപരേഖയില്‍ മാറ്റം വരുത്തിയെന്ന പരാതിയെ തുടര്‍ന്ന് കെഎസ്്ടിപി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ രാഗേഷ്, സര്‍വേ ഉദ്യേഗസ്ഥര്‍, കെഎസ്ടിപി മറ്റ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ ഇന്നലെ ചങ്ങാശ്ശേരിയില്‍ എത്തി. ഒപ്പം പണികള്‍ നടക്കുന്ന ഭാഗത്തെ കച്ചവടക്കാരും നാട്ടുകാരും ഉള്‍പ്പെടെ നിരവധിപേര്‍ പരാതികളുമായി അവര്‍ക്കു മുമ്പിലും എത്തി. ഇപ്പോള്‍ പണികള്‍ നടക്കുന്ന ചങ്ങനാശ്ശേരി നഗരത്തിലെ രൂപരേഖയില്‍ വലിയ തിരിമറികള്‍ നടന്നതായി കച്ചവടക്കാര്‍ അവരെ അറിയിച്ചു. തുടര്‍ന്നു തിരിമറി നടന്നതായി സംശയിക്കുന്ന ഭാഗങ്ങള്‍ ഒന്നൊന്നായി നഗരസഭാ കൗണ്‍സിലര്‍ പി എ നസീര്‍ ഉള്‍പ്പെടെയുള്ളവര്‍ അവരെ ചൂണ്ടിക്കാണിക്കുകയും പ്രശ്‌നത്തിനു പരിഹാരം ഉണ്ടാക്കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ പരാതി ഉയര്‍ന്ന ഭാഗങ്ങള്‍ സന്ദര്‍ശിച്ച എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ മറ്റു ഉദ്യേഗസ്ഥരുമായി അപ്പോള്‍തന്നെ സംസാരിക്കുകയും  നാട്ടുകാരുടെ പരാതിയില്‍ കഴമ്പുണ്ടോ എന്നു അന്വേഷിക്കുകയും ചെയ്തു.സെന്‍ട്രല്‍ ജങ്ഷനില്‍ പടിഞ്ഞാറു ഭാഗത്തെ ഓടയുടെ ഒരു ഭാഗം റോഡിലേക്ക് ഇറങ്ങി സ്ഥാപിച്ചിരിക്കുന്നതിനുള്ള പരിഹാരം കാണുമെന്നു അദ്ദേഹം പറഞ്ഞു. കാവാലം ബസാറിനു കുറുകെ നേരത്തെ ഓട സ്ഥാപിച്ചത് അളവില്‍ വന്ന പിശകാണെന്നും അതിനേക്കാള്‍ 12 സെന്റീ മീറ്റര്‍ ഉയര്‍ത്തി ശരിയായ നിലയിലാണ് ഇപ്പോള്‍ പുതിയ ഓട സ്ഥാപിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യസഹജമായ തെറ്റ് ഇവിടേയും സംഭവിച്ചതാണെന്നും ആരെയും ദ്രോഹിക്കാന്‍ വേണ്ടിയല്ല അങ്ങനെ സ്ഥാപിക്കേണ്ടിവന്നതെന്നും അദ്ദേഹം കച്ചവടക്കാരെ ബോധ്യപ്പെടുത്തി. പഴയ ഓടക്കു പുറത്താണ് പുതിയ ഓട സ്ഥാപിച്ചതെന്ന ആരോപണത്തിനു കഴമ്പില്ലെന്നും അളന്നു കല്ലിട്ടതിനേക്കാള്‍ 30 സെന്റീമീറ്റര്‍ പുറത്തായിട്ടാണ്് പുതിയ ഓട സ്ഥാപിച്ചരിക്കുന്നതെന്നും എന്നാല്‍ പണികള്‍ പൂര്‍ത്തായകുമ്പോഴേക്കും  വിട്ട സ്ഥലവും നടപ്പാതയായി വരുമെന്നും അദ്ദേഹം പറഞ്ഞു. നഗരത്തില്‍ എത്തിയപ്പോള്‍ റോഡിനു വീതി കുറഞ്ഞെന്നു പറയുന്നതിലും കഴമ്പില്ല. കുടിവെള്ളം, ടെലഫോണ്‍, വൈദ്യുതി തുടങ്ങിയ പൈപ്പുകളും മറ്റും സ്ഥാപിച്ചിരിക്കുന്നത് കണക്കാക്കി ചിലയിടങ്ങളില്‍ വീതിയില്‍ വ്യത്യാസം ഉണ്ടാകാമെന്നും എന്നാല്‍ 13 മീറ്റര്‍ വിതിയില്‍ കുറവു എങ്ങും വരികയില്ലെന്നും അദ്ദേഹം പറഞ്ഞു. പലപ്പോഴും റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ പാടില്ലാത്തതും ചെറിയ കാര്യങ്ങളില്‍പ്പോലും സംശയങ്ങള്‍ ഉണ്ടാകാവുന്നതു സ്വാഭാവികമാണെന്നും അതില്‍ ആരെയും കുറ്റപ്പെടുത്തനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ശരിയായ രീതിയില്‍ പണികള്‍ നടന്നാല്‍ ബുധനാഴ്ച ടാറിങ് ജോലികള്‍ നടക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ക്കും ബുദ്ധിമുട്ടുകള്‍ ഉണ്ടാവാത്ത വിധത്തില്‍ നേരത്തെ വ്യക്തമാക്കിയതിനേക്കാള്‍ വേഗത്തിലാണ് പണികള്‍ നടക്കുന്നതെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top