എംസി റോഡില്‍ അപകടങ്ങള്‍ക്ക് അറുതിയില്ല

മൂവാറ്റുപുഴ: എംസി റോഡില്‍ അപകടങ്ങള്‍ക്ക് അറുതിയില്ല. ഇന്നലെ ഉച്ചയ്ക്ക് വൈക്കം പുതിയവീട്ടില്‍ രജിത്ത് (32), പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിലുണ്ടായ അപകടത്തില്‍ മരിച്ചതാണ് ഒടുവിലത്തേത്. രജിത്ത് സഞ്ചരിച്ചിരുന്ന കാര്‍ എതിരെ വന്ന ടിപ്പര്‍ ലോറിയുമായി ഇടിക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് തൃക്കളത്തൂരില്‍ ടൂറിസ്റ്റ് ബസും കാറുമായി ഇടിച്ചിരുന്നു. പൂര്‍ണമായും തകര്‍ന്ന കാറില്‍ നിന്നും യാത്രാക്കാരായ രണ്ട് യുവാക്കള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മണ്ണൂര്‍ മുതല്‍ വാഴപ്പിള്ളി വരെയുള്ള ഭാഗങ്ങളില്‍ അപടങ്ങളില്ലാത്ത ദിവസങ്ങളില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകടങ്ങള്‍ പതിവാകുമ്പോഴും അധികൃതര്‍ അമിതവേഗം തടയുന്നതിനു മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനു തയ്യാറാവുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സബൈന്‍ ആശുപത്രിയ്ക്ക് മുന്നില്‍ മാലിദ്വീപ് സ്വദേശിനിയുടെ ദാരുണ മരണത്തെ തുടര്‍ന്ന് നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.
ആശുപത്രിക്ക് മുന്നില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്ത ഓട്ടോറിക്ഷയിലിരിക്കുകയായിരുന്ന യുവതിയെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപടങ്ങള്‍ തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ റോഡ് ഉപരോധമടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ ശക്തമായ ഗതാഗത പരിഷ്‌കാരങ്ങളടക്കമുള്ള നടപടികള്‍ക്ക് തീരുമാനമെടുത്തിരുന്നു. എന്നാല്‍ ഒന്നും നടപ്പാക്കാനായില്ല. ഇതിനിടെ ഏതാനും ആഴ്ചകള്‍ക്ക് മുമ്പും എംസി റോഡ് സുരക്ഷാ പദ്ധതിക്കാവശ്യമായ നിര്‍ദേശങ്ങള്‍ തയ്യാറാക്കി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചെങ്കിലും നടപടിയായിട്ടില്ല. എംസി റോഡില്‍ ഇനിയെങ്കിലും ജീവന്‍ പൊലിയാതിരിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാവണമെന്നാണ് ജനങ്ങളുടെ ആവശ്യം.

RELATED STORIES

Share it
Top