എംസി റോഡിലെ മണ്ണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് സ്ഥലത്തേക്കു മാറ്റാന്‍ തീരുമാനംചങ്ങനാശ്ശേരി: കെഎസ്ടിപിയുടെ നേതൃത്വത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ചങ്ങനാശ്ശേരി എംസി റോഡ് ഭാഗത്തെ മണ്ണ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനായി നഗരസഭ വാങ്ങിയ പെരുന്നയിലെ സ്ഥലത്ത് നിക്ഷേപിക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഹാളില്‍ ഇന്നലെ ചേര്‍ന്ന സര്‍വകക്ഷിയോഗം തീരുമാനിച്ചു. ഇതിനായി പോലിസിന്റെ സംരക്ഷണം തേടും. കഴിഞ്ഞ നാലിനു ചേര്‍ന്ന യോഗത്തില്‍ മണ്ണ് ഇവിടെ നിക്ഷേപിക്കാന്‍ തീരുമാനം എടുത്തെങ്കിലും ചിലര്‍ തടയാനായി എത്തിയതിനെ തുടര്‍ന്നു നിക്ഷേപം നടന്നില്ല. ഈ പശ്ചത്തലത്തിലാണ് പോലിസ് സംരക്ഷണം തേടുന്നത്. മണ്ണ് എവിടെയാണു നിക്ഷേപിക്കേണ്ടതെന്ന് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് രൂപകല്‍പ്പന ചെയ്യുന്ന ഏജന്‍സിയുമായി സംസാരിച്ചു തീരുമാനിക്കുമെന്നും സി എഫ് തോമസ് എംഎല്‍എ യോഗത്തെ അറിയിച്ചു. അവരുടെ നിര്‍ദേശം പ്രകാരം നാളെ മുതല്‍ മണ്ണു നിക്ഷേപം ആരംഭിക്കുമെന്നു കെഎസ്ടിപി ഭാരവാഹികളും യോഗത്തില്‍ പറഞ്ഞു. ഇവിടെ നിന്ന് നേരത്തെ എടുത്ത മണ്ണ് നിക്ഷേപിക്കാന്‍ സ്ഥലം ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന എംസി റോഡിലെ വിവിധ പ്രദേശങ്ങളില്‍ നിക്ഷേപിക്കേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ചങ്ങനാശ്ശേരി ഭാഗത്തു നിന്ന് എടുക്കുന്ന മണ്ണ് നഗരസഭ അതിര്‍ത്തിക്കുള്ളില്‍ തന്നെ നിക്ഷേപിക്കണം എന്നുള്ളതിനാലാണ് ഇവിടെ തന്നെ നിക്ഷേപിക്കാന്‍ തീരുമാനിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു. നേരത്തെ ഈ മണ്ണിനോടൊപ്പം ഫാത്തിമാപുരം ഡംപിങ് സ്റ്റേഷനിലെ മാലിന്യവും കാലപ്പഴക്കത്താല്‍ മണ്ണായി മാറിയ മാലിന്യവും ഇവിടെ നിക്ഷേപിക്കാന്‍ തീരുമാനം എടുത്തിരുന്നെങ്കിലും ഇപ്പോള്‍ റോഡിലെ മണ്ണു മാത്രമാവും നിക്ഷേപിക്കുക. ഇപ്പോള്‍ ചതുപ്പു നിലമായി കിടക്കുന്ന ഒരേക്കറോളം ഭാഗത്ത് ഈ മണ്ണു നിക്ഷേപിച്ചാല്‍ കുറയൊക്കെ നികത്താനാവുമെന്നും യോഗത്തില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു. അതേസമയം റോഡിന്റെ മുകളില്‍ വിരിക്കാനായുള്ള മണ്ണു മൂവാറ്റുപുഴ നിന്ന് കൊണ്ടുവരേണ്ടി വന്നതായും കെഎസ്ടിപി ഭാരവാഹികള്‍ പറഞ്ഞു. എന്നാല്‍ റോഡില്‍ നിന്ന് എടുക്കുന്ന മണ്ണ് സ്വകാര്യ വ്യക്തികള്‍ക്കോ ആവശ്യങ്ങള്‍ക്കൊ എടുക്കരുതെന്നിരിക്കെ ചങ്ങനാശ്ശേരിയിലെ ചില സ്വകാര്യ വ്യക്തികള്‍ക്കു മണ്ണ് നല്‍കിയതായി അറിയാന്‍ കഴിഞ്ഞെന്നും േവണ്ടി വന്നാല്‍ തെളിവു നല്‍കാന്‍ തയ്യാറാണെന്നും നഗരസഭാ ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ മാത്യു മണമേല്‍ പറഞ്ഞു. സ്‌പോര്‍ട്‌സ് കോംപ്ലക്‌സിനെടുത്ത സ്ഥലത്ത് മണ്ണ് നിക്ഷേപിക്കാന്‍ തുടങ്ങിയപ്പോള്‍ ചിലര്‍ തടഞ്ഞത് കെഎസ്ടിപിയുടെ അനുവാദത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി. നാളെ മുതല്‍ പോസ്റ്റോഫിസ് ജങ്ഷന്‍ മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള ഭാഗത്തെ റോഡ് നിര്‍മാണം ആരംഭിക്കാനിരിക്കെ നഗരസഭാ കോപൗണ്ടില്‍ നില്‍ക്കുന്ന ഈട്ടിത്തടിയും വെട്ടിമാറ്റും. ഇതു തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ പരസ്യമായി ലേലം ചെയ്യുമെന്നും ലേല തുക ട്രഷറിയില്‍ നിക്ഷേപിക്കാനും യോഗത്തില്‍ തീരുമാനമായി. ഈ തുക ട്രഷറില്‍ നിന്ന് നഗരസഭയ്ക്കു എടുക്കാവുന്നതാണ്. പോസ്‌റ്റോഫിസ് ജങ്ഷനില്‍ ഓട വിട്ടിട്ടാവും പണികള്‍ നടക്കുക. ചെങ്ങന്നൂര്‍ മുതല്‍ മൂവാറ്റുപുഴവരെയുള്ള ഭാഗത്തെ അഞ്ചു പോസ്‌റ്റോഫിസുകള്‍ക്കു സമീപത്തെയും കടുത്തുരുത്തി, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, പള്ളം, ചങ്ങനാശ്ശേരി) പണികള്‍ ഇത്തരത്തില്‍ ചെയ്യാന്‍ മാത്രമെ ഇപ്പോള്‍ കഴിയൂ. റോഡ് വികസനത്തിനായി പോസ്‌റ്റോഫിസിന്റെ സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ചു കേന്ദ്ര തപാല്‍ വകുപ്പിനു അനുമതിക്കായി അപേക്ഷിച്ചിട്ടും ലഭിക്കാത്തതാണ് ഇതിനു കാരണമെന്നും കെഎസ്ടിപി ഭാരവാഹികള്‍ പറഞ്ഞു. യോഗത്തില്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ സുമാഷൈന്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എയെ കൂടാതെ നഗരസഭാധ്യക്ഷന്‍, കെഎസ്ടിപി ഭാരവാഹികള്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വിവിധ സംഘടനാ ഭാരവാഹികള്‍ സംബന്ധിച്ചു.

RELATED STORIES

Share it
Top