എംവിആര്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികള്‍ക്കായി ഹോപ്പ് ബിയോണ്ട് ലുക്കീമിയ പദ്ധതി

ചാത്തമംഗലം: രക്താര്‍ബുധ ബാധിതരായ കുട്ടികള്‍ക്ക് പ്രതീക്ഷയായി ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്റെ ഹോപ്പ് ബിയോണ്ട് ലുക്കീമിയ എന്ന പദ്ധതിയുടെ ധാരണാപത്രത്തില്‍ എം വി ആര്‍ ക്യാന്‍സര്‍ സെന്റര്‍ ഒപ്പുവെച്ചു. ആദ്യ ഘട്ടത്തില്‍ 100 കുട്ടികള്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.
എംവിആര്‍ കാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ പദ്ധതിയുടെ ധാരണാപത്രം ഹോപ്പ് ഫൗണ്ടര്‍ കെ കെ  ഹാരിസ് എം വി ആര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.നാരായണന്‍ കുട്ടി വാരിയര്‍ക്ക് കൈമാറി. അര്‍ബുധ ബാധിതരായ കുട്ടികളുടെ ചികില്‍സാരംഗത്തും ചികില്‍സേതര മേഖലയിലും ശ്രദ്ധേയമായ പ്രവൃത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സംഘടനയാണ് ഹോപ്പ് ചൈല്‍ഡ് കാന്‍സര്‍ കെയര്‍ ഫൗണ്ടേഷന്‍ . ഹോപ്പിന്റെ മേല്‍നോട്ടത്തില്‍ ഇന്ത്യയിലെ അത്യാധുനിക ആശുപത്രികളില്‍ കാന്‍സര്‍ ബാധിതരായ കുട്ടികള്‍ക്ക് ഏറ്റവും മികച്ച ചികില്‍സാസൗകര്യം ലഭ്യമാക്കുകയാണ് പ്രൊജക്റ്റിലൂടെ ഉദ്ദേശിക്കുന്നത്. സ്വന്തം ചിലവില്‍ ചികില്‍സ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ രക്താര്‍ബുധ ബാധിതരായ നൂറ് കുട്ടികളെ കേരളത്തിന്റെ വ്യത്യസ്ഥ ഭാഗങ്ങളില്‍ നിന്ന് പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ ഏറ്റെടുക്കും. തുടര്‍ന്ന് കുട്ടികളിലെ അര്‍ബുധ ചികില്‍സ വിദഗ്ദരുടെ മേല്‍നോട്ടത്തിലായിരിക്കും മുന്നോട്ട് പോവുക. ചികിത്സക്കിടെ  ഓരോ ഘട്ടത്തിലേയും പുരോഗതി ഹോസ്പിറ്റല്‍ ടീമുമായി ഹോപ്പ് മെഡിക്കല്‍ ബോര്‍ഡ്— ചര്‍ച്ച നടത്തും. കുട്ടികളുടെ അര്‍ബുധ ചിക്ത്‌സാരംഗത്ത് ഇത്തരം ഒരു ചുവട് വെപ്പ് ഇന്ത്യയില്‍ ആദ്യമായിട്ടാണ്. ഭാവിയില്‍ സര്‍ക്കാര്‍ മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കഴിയുന്ന ഒരു മാതൃകാ പദ്ധതിയാണിത്. ഹോപ്പും ഹോസ്പിറ്റലും കുട്ടിയുടെ രക്ഷിതാവും തമ്മിലുള്ള പരസ്പര ധാരണയിലൂടെയാണ് ലോകോത്തര നിലവാരത്തിലുള്ള ചികില്‍സാ സൗകര്യം കുട്ടികള്‍ക്ക് ഉറപ്പ് വരുത്തുന്നത്. രക്താര്‍ബുധ ബാധിതരായ കുട്ടികളെ പൂര്‍ണമായും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുക എന്നതാണ്  ഈ പ്രൊജക്റ്റിലൂടെ ഹോപ്പ് ലക്ഷ്യം വെക്കുന്നത്.  29ന് മംഗലാപുരം കസ്തുര്‍ബ മെഡിക്കല്‍ കോളജുമായും ഹോപ്പ് ഇതുസംബന്ധിച്ച ധാരാണാ പത്രം ഒപ്പു വെക്കും. കൂടുതല്‍ ഹോസ്പ്പിറ്റലുകള്‍ പ്രൊജക്റ്റ് ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്നതായും വരും ദിവസങ്ങളില്‍ കൂടുതല്‍ ഹോസ്പിറ്റലുകളിലേക്ക് പ്രൊജക്റ്റ് വ്യാപിപ്പിക്കുമെന്നും ഹോപ്പ് ഭാരവാഹികള്‍ അറിയിച്ചു. എം വി ആര്‍ കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍, ഡോ. സൈനുല്‍ ആബിദീന്‍, ഡോ. യാമിനി, കെയര്‍  ഫൗണ്ടേഷന്‍ സെക്രട്ടറി ടി വി വേലായുധന്‍, ഹോപ്പ് പ്രൊജക്റ്റ്— ഓഫിസര്‍ ബെന്ന  സംസാരിച്ചു.

RELATED STORIES

Share it
Top