എംബസിമാറ്റവും ആണവകരാറും

പശ്ചിമേഷ്യന്‍ കത്ത്   -   ഡോ. സി കെ അബ്ദുല്ല
മെയ് 14 നക്ബയുടെ 70ാം വാര്‍ഷികാചരണമാണ്. കിടപ്പാടങ്ങളില്‍ നിന്നു പുറത്തായ ഫലസ്തീന്‍ ജനതയുടെ പുതുതലമുറ തിരിച്ചുവരവിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് തെരുവുകളില്‍ ഇന്നലെ നിറഞ്ഞൊഴുകിയിരുന്നു. തദ്ദേശീയരെ ചവിട്ടിപ്പുറത്താക്കിയിടത്ത് സയണിസ്റ്റ് സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതിന്റെ ആഘോഷവുമായി കുടിയേറ്റ ജൂതര്‍ ഇസ്രായേല്‍ തെരുവുകളില്‍ തിമര്‍ത്താടുകയും അല്‍അഖ്‌സ പള്ളിയില്‍ അതിക്രമിച്ചു കയറി അര്‍മാദിക്കുകയും ചെയ്തിരുന്നു.
എല്ലാ മര്യാദകളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുന്ന ധിക്കാരസൂചനയായി അമേരിക്കന്‍ എംബസി തെല്‍അവീവില്‍ നിന്ന് ജറുസലേമിലേക്കു മാറ്റിസ്ഥാപിക്കുന്ന ഔദ്യോഗിക ചടങ്ങ് നക്ബ ദിനത്തില്‍ തന്നെ ഡോണള്‍ഡ് ട്രംപ് ഭരണകൂടം നടപ്പാക്കി. ചടങ്ങിന് സ്വന്തം പ്രാതിനിധ്യം ഉറപ്പുവരുത്താന്‍ പുത്രീഭര്‍ത്താവും ഉപദേഷ്ടാവും ജൂത സയണിസ്റ്റുമായ ജെറീഡ് കൊഷ്ണറെ ഇസ്രായേലിലേക്കയച്ചു.   ഫലസ്തീനികളെ സംബന്ധിച്ച് അധിനിവിഷ്ട പ്രദേശമായ തെല്‍അവീവില്‍ നിന്നു മറ്റൊരു അധിനിവിഷ്ട പ്രദേശമായ ജറുസലേമിലേക്ക് അമേരിക്കന്‍ എംബസി മാറ്റുന്നതിലൂടെ പ്രത്യേകിച്ചൊന്നും സംഭവിക്കാനില്ലെന്ന് മുതിര്‍ന്ന ഫലസ്തീന്‍ പത്രപ്രവര്‍ത്തകന്‍ അബ്ദുല്‍ബാരി അതുവാന്‍ അഭിപ്രായപ്പെടുന്നതില്‍ കാര്യമുണ്ട്. അറബ് സാമ്രാജ്യങ്ങളില്‍ നിന്നു കാര്യമായ എതിര്‍ശബ്ദങ്ങളൊന്നും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്താന്‍ ഈജിപ്ത്, ജോര്‍ദാന്‍, സൗദി അറേബ്യ, യുഎഇ ഭരണകര്‍ത്താക്കളുമായും റാമല്ലയിലെ രാജ്യമില്ലാ ഭരണകൂടത്തിന്റെ പ്രസിഡന്റുമായും ചര്‍ച്ച നടത്തിയ ശേഷമാണ് ട്രംപിന്റെ ഈ നടപടിയെന്നും അതുവാന്‍ വിശദീകരിക്കുന്നു.
നക്ബ സ്മരണയുടെ നീറ്റല്‍ അയവിറക്കുന്നതിനിടെ ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയ പ്രഖ്യാപനം പശ്ചിമേഷ്യയില്‍ കൂടുതല്‍ യുദ്ധ കാര്‍മേഘങ്ങള്‍ പടര്‍ത്തിയ മറ്റൊരു നീക്കമാണ്. 2003 മുതല്‍ ഇറാന്‍ അണ്വായുധ പ്രശ്‌നത്തില്‍ നടന്ന അനവധി ഉഭയകക്ഷി ചര്‍ച്ചകള്‍ക്കൊടുവില്‍ 2010 മുതല്‍ തയ്യാറാക്കാന്‍ തുടങ്ങിയ ആണവകരാര്‍ 2015 ജൂലൈയിലാണു യാഥാര്‍ഥ്യമാവുന്നത്.   അമേരിക്കയുടെ മുന്‍ ഭരണകൂടം ആഭ്യന്തര പൊതുജനാഭിപ്രായം രൂപപ്പെടുത്തിയ ശേഷം പ്രധാനികളായ അഞ്ച് (ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന) രാജ്യങ്ങളുമായി ചേര്‍ന്ന് ഇറാനുമായി ഒപ്പുവച്ച, 'ചരിത്രനേട്ടം' എന്ന് മുന്‍ പ്രസിഡന്റ് ബറാക് ഒബാമ വിശേഷിപ്പിച്ച കരാര്‍ ചീന്തിയെറിയുമെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനമാണ് ട്രംപ് നിറവേറ്റിയിരിക്കുന്നത്. അമേരിക്കയിലെ തീവ്രവലതുപക്ഷത്തോടും ഇസ്രായേല്‍ സയണിസത്തോടും പശ്ചിമേഷ്യയിലെ ചില ഏകാധിപത്യ വന്‍കച്ചവടക്കാരോടും മാത്രം കൂറുപുലര്‍ത്തുന്ന അമേരിക്കന്‍ പ്രസിഡന്റ്, ആണവകരാറിലെ സഖ്യരാജ്യങ്ങളുടെ അപേക്ഷകളും അവഗണിച്ചാണ് തന്റെ വാഗ്ദാനം നിറവേറ്റിയിരിക്കുന്നത്.
ആണവകരാറില്‍ ഒപ്പിട്ട രാജ്യങ്ങള്‍ക്കൊന്നും അതില്‍നിന്നു പിന്‍വാങ്ങേണ്ട ഒരു സാഹചര്യവും നിലവിലില്ലാതെയാണ് അമേരിക്കയുടെ പിന്മാറ്റം. ഇറാന്റെ ഭാഗത്തുനിന്ന് കരാര്‍ലംഘനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും കരാര്‍ ശക്തമായി നിലനില്‍ക്കുന്നുവെന്നും അന്താരാഷ്ട്ര ആറ്റമിക് ഏജന്‍സി രണ്ടുമാസം മുമ്പ് (ഫെബ്രുവരിയില്‍) ഉറപ്പുകൊടുത്തത് അവഗണിച്ച് പ്രസിഡന്റ് പ്രഖ്യാപിച്ച ഈ പിന്മാറ്റം, അമേരിക്കയുമായി ഉടമ്പടികളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ലോകരാജ്യങ്ങളെ പിന്നോട്ടടിപ്പിക്കുന്നതിനേ ഉപകരിക്കൂ എന്നാണ് ട്രംപിന്റെ നയങ്ങളില്‍ അതൃപ്തിയുള്ള ഫോറിന്‍ പോളിസി മാഗസിന്‍ പ്രതികരിച്ചത്. ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതോടെ ഇറാനുമേല്‍ മുമ്പുണ്ടായിരുന്ന ഉപരോധങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നതിനു പുറമേ, പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. തിരിച്ചുവരുന്നതും പുതുതായി അടിച്ചേല്‍പ്പിക്കുന്നതുമായ ഉപരോധങ്ങള്‍ ഇറാന്റെ സാമ്പത്തികസ്ഥിതിയെ തല്‍ക്കാലം ബാധിക്കുമെന്നു തന്നെയാണ് ഇറാന്റെ ഔദ്യോഗിക പ്രതികരണങ്ങള്‍. പെട്രോളിയം, ബാങ്കിങ്, വ്യോമയാന മേഖലകളെ കാര്യമായി ബാധിക്കുന്നത് ഇറാന്‍ സമൂഹത്തില്‍ എന്തെല്ലാം ആഭ്യന്തര പ്രതിസന്ധികള്‍ ഉണ്ടാക്കുമെന്നതു പ്രവചനാതീതമാണ്; ബദല്‍ മാര്‍ഗങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വൈകാതെ ഉപരോധത്തെ മറികടക്കാനാവുമെന്നും സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഉറപ്പുകൊടുക്കുന്നുണ്ടെങ്കില്‍ കൂടി.
ഇറാനുമായുള്ള ആണവകരാറില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മൂന്നു വന്‍കിട യൂറോപ്യന്‍ രാജ്യങ്ങളും റഷ്യയും ചൈനയും പറയുന്നുണ്ട്. ആണവകരാര്‍ ശില്‍പിയെന്ന് അറിയപ്പെടുന്ന ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് സരീഫ് കരാര്‍ എങ്ങനെയും പിടിച്ചുനിര്‍ത്താന്‍ ഓടിനടക്കുന്നുണ്ട്. അതോടൊപ്പം, ആണവകരാര്‍ ലംഘിക്കപ്പെട്ടാല്‍ അണ്വായുധ വികസനത്തിനുള്ള തങ്ങളുടെ അവകാശവുമായി മുന്നോട്ടുപോവുമെന്നാണ് ഇറാന്‍ പ്രസിഡന്റ് റൂഹാനി കഴിഞ്ഞ ദിവസം പറഞ്ഞത്.
അമേരിക്കയുടെ ഏകപക്ഷീയമായ പിന്മാറ്റം തങ്ങളെ സമ്മര്‍ദത്തില്‍ നിര്‍ത്താനാണെന്നും അമേരിക്കയുടെ വാലായി നില്‍ക്കേണ്ട ഗതികേട് തങ്ങള്‍ക്കില്ലെന്നുമെല്ലാം ജര്‍മനിയുടെ ആന്‍ഗല മെര്‍ക്കലിനെ പോലുള്ള യൂറോപ്യന്‍ നേതാക്കളുടെ ചൊടിയന്‍ പ്രതികരണങ്ങളെല്ലാം ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. എന്നാല്‍, പ്രായോഗികതലത്തില്‍ അത് എത്രത്തോളം പ്രതിഫലിക്കുമെന്നു കണ്ടറിയണം. ആണവകരാറില്‍ ഇറാനുമായി സഹകരിക്കുന്നവര്‍ക്കുമേലും ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാപാര ലാഭമാണു പടിഞ്ഞാറന്‍ നയങ്ങള്‍ക്ക് എന്നും മാനദണ്ഡം. ലോക വ്യാപാരത്തിന്റെ മാനദണ്ഡമായി അമേരിക്കന്‍ ഡോളര്‍ നിലനില്‍ക്കുന്നിടത്തോളം യൂറോപ്പ് മാത്രമല്ല, റഷ്യയും ചൈനയുമെല്ലാം ഇറാനു വേണ്ടിയോ പശ്ചിമേഷ്യക്കു വേണ്ടിയോ അമേരിക്കന്‍ ഉപരോധത്തിന് സ്വയം ഇരയാവുകയില്ലെന്നു വേണം കരുതാന്‍. കച്ചവടതാല്‍പര്യങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍, യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മൊത്തം ഇറാനുമായി നിലവിലുള്ള വ്യാപാരം ഏതാണ്ട് 1,500 കോടി ഡോളറാണെന്നു കണക്കാക്കപ്പെടുന്നു. എന്നാല്‍, അമേരിക്കയുമായി ഇവര്‍ക്കുള്ള വ്യാപാര നിലവാരം ലക്ഷം കോടി ഡോളര്‍ കവിയുമെന്നാണു കണക്ക്. കരാര്‍പാലനത്തിന്റെ അന്തസ്സിനു വേണ്ടി യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ വന്‍കിട കച്ചവടങ്ങള്‍ ഒഴിവാക്കിയേക്കുമെന്നു കൊളോണിയല്‍ സ്വഭാവം അറിയുന്നവരാരും കരുതാനിടയില്ല. സര്‍ക്കാരുകള്‍ നടത്തുന്ന പ്രഖ്യാപനങ്ങള്‍ വെറുംവാക്കുകളില്‍ ഒതുങ്ങുമെന്നും ബാങ്കിങ് മേഖലയും വ്യവസായമേഖലയും ഇറാനുമായി സഹകരിക്കുന്നത് നിര്‍ത്തിയേക്കുമെന്നുമാണു സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണങ്ങള്‍.  യൂറോപ്പിലെ രണ്ടു വിമാന നിര്‍മാണക്കമ്പനികള്‍ (ബോയിങ്, എയര്‍ ബസ്) 200 വിമാനങ്ങള്‍ക്ക് ഇറാന്‍ കൊടുത്ത ഓര്‍ഡര്‍, ട്രംപിന്റെ കരാര്‍ പിന്മാറ്റ പ്രഖ്യാപനം മുതല്‍ ചവിട്ടിപ്പിടിച്ചിരിക്കുന്നത് ഇത്തരത്തിലൊരു സൂചനയാണ്. യൂറോപ്യന്‍ രാജ്യങ്ങളെ വിശ്വാസത്തിലെടുത്ത് ഒരു നീക്കങ്ങള്‍ക്കും മെനക്കെടരുതെന്നാണ് അമേരിക്കയുടെ കരാര്‍ പിന്മാറ്റ പ്രഖ്യാപനത്തിനു ശേഷം ഇറാന്‍ പരമാധികാരി ഖാംനഈ, പ്രസിഡന്റ് റൂഹാനിയോടു നിര്‍ദേശിച്ചിരിക്കുന്നത്.
ആണവകരാറില്‍ നിന്നു പിന്‍വാങ്ങുന്നതിനു ന്യായമായി ട്രംപ് ഉന്നയിച്ച ഇറാന്‍ വിരുദ്ധ ആരോപണങ്ങള്‍ മിക്കതും പെരുംനുണകളോ അര്‍ധസത്യങ്ങളോ ആണെന്നത് ലോക സംഭവവികാസങ്ങളില്‍ അല്‍പജ്ഞാനമുള്ളവര്‍ പോലും സമ്മതിക്കും. അല്‍ഖാഇദ പോലുള്ള സംഘങ്ങളെ ഉണ്ടാക്കിയതും വളര്‍ത്തിയതും ഇറാനാണെന്ന് ട്രംപ് നിസ്സങ്കോചം ആരോപിക്കുമ്പോള്‍ ചുരുങ്ങിയപക്ഷം മുന്‍ സിഐഎ മേധാവികളെങ്കിലും ഊറിച്ചിരിക്കാതിരിക്കില്ല. കരാറിന്റെ പരിധിയില്‍ വരാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് ട്രംപ് ഭരണകൂടം കരാറില്‍ നിന്നു പിന്‍വാങ്ങിയതെങ്കിലും യഥാര്‍ഥ കാരണങ്ങള്‍ വേറെയുണ്ട്. ഇസ്രായേലിന്റെ ഏതുഭാഗത്തും ചെന്നുവീഴാന്‍ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഇറാന്‍ വികസിപ്പിച്ചുകഴിഞ്ഞതില്‍ പരിഭ്രാന്തരായ ഇസ്രായേലിന്റെയും പണം കൊടുത്ത് പഴകിയ അമേരിക്കന്‍ ആയുധങ്ങള്‍ വാങ്ങിക്കൂട്ടി മാത്രം പരിചയമുള്ള, സമൂഹത്തില്‍ ഇറാന്‍വിരുദ്ധത ആളിക്കത്തിക്കുന്ന ചില ആധിപത്യങ്ങളുടെയും പേടിയാണ് യഥാര്‍ഥത്തില്‍ ട്രംപ് ഭരണകൂടത്തിന്റെ പിന്മാറ്റത്തിനു പിന്നില്‍. ഈ വിഭാഗങ്ങളുടെ എതിര്‍പ്പുകള്‍ മറികടന്നായിരുന്നു ഒബാമ ഭരണകൂടം ആണവകരാറില്‍ ഒപ്പുവച്ചത്.
ഇറാന്‍ ആണവകരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിനെ പ്രകീര്‍ത്തിച്ച അതേ അറബ് തമ്പുരാക്കന്‍മാരായിരുന്നു ജറുസലേമിലേക്ക് അമേരിക്കന്‍ എംബസി മാറ്റുന്നതിനെ അനുകൂലിക്കുകയും ജൂതര്‍ക്ക് ഇസ്രായേലിലെ ചരിത്രപരമായ അവകാശം അനുവദിച്ചുകൊടുക്കുകയും ചെയ്യുന്ന പ്രസ്താവനകള്‍ ഈയിടെ പുറത്തുവിട്ടത്. കുറച്ചു പിറകോട്ടു നോക്കിയാല്‍, ഇസ്രായേല്‍ സ്ഥാപിക്കുന്നതിനു വേണ്ടി പിന്‍വാതിലിലൂടെ ഒത്താശ ചെയ്തുകൊടുക്കുകയും ഫലസ്തീന്‍ ജനതയുടെ സംരക്ഷണം നടിച്ച് അവരുടെ ചെറുത്തുനില്‍പ് നിര്‍വീര്യമാക്കിയ നക്ബ സാധ്യമാക്കുകയും ചെയ്തതില്‍ കാര്യമായ പങ്കുള്ളത് അന്നത്തെ ബ്രിട്ടിഷ് തമ്പുരാക്കളെ പ്രീതിപ്പെടുത്തി കസേരകള്‍ കാത്ത ഇവരുടെ പൂര്‍വികര്‍ക്കു തന്നെയാണെന്ന് സൗദി ഭരണകൂടവുമായി അടുത്ത ബന്ധമുണ്ടായിരുന്ന കുടുംബത്തില്‍ നിന്ന് ഉയര്‍ന്നുവന്ന, ഭരണകൂടത്തെ വിമര്‍ശിച്ചതു കാരണം അഭയാര്‍ഥിയായി കഴിയുന്ന പ്രഫ. മുഹമ്മദ് അല്‍മസ്അരി നിരീക്ഷിക്കുന്നുണ്ട്.
മതവിഭാഗീയതയുടെ ലേബലില്‍ ആധിപത്യങ്ങള്‍ അറബ് ലോകത്ത് കത്തിച്ചെടുത്ത ഇറാന്‍ വിരോധമെന്ന ചുട്ടുപഴുപ്പിക്കപ്പെട്ട ഇരുമ്പില്‍ ആഞ്ഞടിക്കാന്‍ അമേരിക്കയെയും അറബ് ലോകത്തെ തോഴരെയും കൂട്ടുപിടിച്ച് ഇസ്രായേല്‍ ഒരുങ്ങിക്കഴിഞ്ഞു. ഈയിടെ സിറിയയില്‍ നടന്ന ഇസ്രായേല്‍ ആക്രമണങ്ങള്‍ അതിന്റെ സൂചനകളാണെന്നു നിരീക്ഷിക്കപ്പെടുന്നു. നേര്‍ക്കുനേര്‍ ഒരു യുദ്ധത്തിനു പകരം ഇറാനുമായി മേല്‍ക്കോയ്മാ മല്‍സരത്തില്‍ രംഗത്തുള്ള അറബ് പ്രദേശങ്ങളിലെ ആയുധപ്പുരകള്‍ക്ക് പടക്കമെറിയാനാണ് ഇസ്രായേല്‍ ശ്രമിക്കുക. വഴങ്ങിക്കൊടുക്കലിന്റെ ചരിത്രം ഇറാന് ഇല്ലതാനും. ഇറാഖ്, സിറിയ, യെമന്‍ പ്രദേശങ്ങളിലെ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ അറബ് സമൂഹത്തില്‍ നിന്ന് അവരെ അകറ്റിയിരിക്കുന്നു എന്ന വ്യത്യാസമുണ്ടെങ്കിലും ഇസ്രായേലും ഇറാനും നേര്‍ക്കുനേര്‍ കൊമ്പുകോര്‍ത്താല്‍ അതിന്റെ വില നല്‍കേണ്ടിവരുക അറബ് സമൂഹം തന്നെയായിരിക്കും.                                                             ി

RELATED STORIES

Share it
Top