എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സേവനം ലൈബ്രറികളില്‍ കൂടികണ്ണൂര്‍: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ സേവനം ഇനി മുതല്‍ ലൈബ്രറികളില്‍ കൂടി ലഭ്യമാവും. നിലവില്‍ ഇ-വിജ്ഞാന കേന്ദ്രമുള്ള ലൈബ്രറികളിലും കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന ലൈബ്രറികളിലുമാണ് സേവനം ലഭിക്കുക. എല്ലാ ലൈബ്രറികളും കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതോടെ മുഴുവന്‍ ഗ്രാമ പ്രദേശങ്ങളിലും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സേവനം ലഭിക്കും.ലൈബ്രറികളില്‍ കൂടി സേവനം ലഭ്യമാവുന്നതിന്റെ ഉദ്ഘാടനവും ക്ലാസും ജൂണ്‍ മൂന്നിനു രാവിലെ 10ന് കണ്ണൂര്‍ ജില്ലാ ലൈബ്രറിയില്‍ നടക്കും. എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കലും ഓണ്‍ലൈനായി ചെയ്യാന്‍ സംവിധാനമായതോടെയാണ് ലൈബ്രറികളില്‍ സേവനം ഒരുക്കുന്നത്. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സാങ്കേതിക സഹായത്തോടെയാണ് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചുകള്‍ ഓണ്‍ലൈനിലേക്കു മാറിയത്. ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍, രജിസ്‌ട്രേഷന്‍ പുതുക്കാന്‍, അധികയോഗ്യത കൂട്ടിച്ചേര്‍ക്കല്‍ എന്നിവയെല്ലാം ഇനിമുതല്‍ വായനശാലകളില്‍നിന്ന് ചെയ്യാന്‍ സാധിക്കും.  സംസ്ഥാനത്ത് 43 ലക്ഷം പേര്‍ എംപ്ലോയ്‌മെന്റ് എകസ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത് തൊഴില്‍ കാത്തിരിപ്പുണ്ട്. 14 ജില്ലകളിലായി ഇരുപതിനായിരത്തോളം പേര്‍ വര്‍ഷത്തില്‍ പുതുതായി രജിസ്‌ട്രേഷന്‍ നടത്തുന്നുണ്ട്. ഇപ്പോള്‍ സജ്ജീകരിച്ചിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനത്തില്‍ തൊഴില്‍ദാതാക്കള്‍ക്കും രജിസ്ടര്‍ ചെയ്യാം. ഇതുവഴി ഇവര്‍ക്കും ആവശ്യത്തിന് ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള അവസരം ലഭിക്കും. നൈപുണ്യം അനുസരിച്ച് വിവിധ മേഖലകളിലേക്ക് ആവശ്യമുള്ളവരെ കണ്ടെത്തി തൊഴില്‍ നല്‍കാന്‍ ഇതുവഴി സാധിക്കും. ഓരോ ജില്ലയിലും പ്രത്യേകം പ്രത്യേകമായി കമ്പനികളെ തിരഞ്ഞെടുക്കാനുള്ള അവസരമുണ്ട്. സ്വകാര്യമേഖല ഉള്‍പ്പെടെ എഴുപതോളം വിഭാഗത്തിലെ കമ്പനികളുടെ സേവനം ഓണ്‍ലൈനില്‍ ലഭ്യമാണ്. വായനശാലകളില്‍ ഓണ്‍ലൈന്‍ സേവനം ലഭിക്കുന്നതോടെ ഗ്രാമപ്രദേശത്തുള്ള സ്ഥാപനങ്ങളിലേക്കും അതാത് പ്രദേശത്തുനിന്നുള്ള ജീവനക്കാരെയും തൊഴിലാളികളെയും കണ്ടെത്താന്‍ സാധിക്കും. ഈ സാധ്യത ഉപയോഗിച്ച് പല ലൈബ്രറികളും ലേബര്‍ ബാങ്ക് സംവിധാനവും ആലോചിക്കുന്നുണ്ട്. പല തൊഴിലിനും ആളെ കിട്ടാത്ത പ്രശ്‌നം ഇതുവഴി പരിഹരിക്കാനാവും.

RELATED STORIES

Share it
Top