എംപി ഫണ്ട് വിനിയോഗം; ജില്ലയില്‍ വന്‍ പുരോഗതി

കണ്ണൂര്‍: എംപിമാരായ പികെ ശ്രീമതി, പി കരുണാകരന്‍ എന്നിവരുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികളില്‍ നല്ല പുരോഗതി കൈവരിച്ചതായി അവലോകന യോഗം വിലയിരുത്തി. പി കെ ശ്രീമതി എംപിയുടെ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന 672 പ്രവൃത്തികളില്‍ 503 എണ്ണം പൂര്‍ത്തീകരിച്ചു.
വിവിധ പദ്ധതികള്‍ക്കായി എംപി ഫണ്ടില്‍ നിന്ന് ലഭ്യമായ 14.23 കോടി രൂപയില്‍ 10.83 കോടി രൂപ ഇതിനകം ചെലവഴിച്ചു. 2014-15 വര്‍ഷത്തെ ആകെയുള്ള 153 പ്രവൃത്തികളും 2015-16ലെ 121ല്‍ 119ഉം, 16-17ലെ 162ല്‍ 137ഉം 17-18ലെ 236ല്‍ 94ഉം പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി യോഗം വിലയിരുത്തി. ബാക്കിയുള്ള പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. 188 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും സ്ഥാപിക്കാനായി 2.07 കോടി രൂപ പി കെ ശ്രീമതിയുടെ വികസന ഫണ്ടില്‍ നിന്ന് അനുവദിച്ചു. ഇതില്‍ 1.2 കോടി രൂപ ചെലവില്‍ 76 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിച്ചു. 85.3 ലക്ഷം രൂപ ചെലവില്‍ 112 സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ പ്രവൃത്തികള്‍ പൂര്‍ത്തിയായിവരികയാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലയിലെ 18 കേന്ദ്രങ്ങളില്‍ 95.4 ലക്ഷം രൂപ ചെലവില്‍ ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിച്ചു. 70 ലക്ഷം രൂപ ചെലവില്‍ പായം പഞ്ചായത്തിലെ കോളിക്കടവ് എസ്‌സി കോളനിയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ പൈലിങ് പ്രവൃത്തി ആരംഭിച്ചതായി ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു. നാലു മാസത്തിനകം പാലം പണി പൂര്‍ത്തിയാക്കി ഗതാഗത യോഗ്യമാക്കണമെന്ന് എംപി നിര്‍ദേശം നല്‍കി.
പി കരുണാകരന്‍ എം പിയുടെ പ്രാദേശിക വികസന നിധിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്കായി ലഭ്യമായ 6.16 കോടി രൂപയില്‍ 5.42 കോടി രൂപ ചെലവഴിച്ചു. എട്ട് സ്‌കൂളുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം സ്ഥാപിക്കാനാവശ്യമായ കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും വിതരണം ചെയ്തു.
എരമം കുറ്റൂര്‍ പഞ്ചായത്തിലെ മേനോന്‍കുന്ന് എസ്‌സി കോളനിയില്‍ 11.5 ലക്ഷം രൂപയുടെ അങ്കണവാടി കെട്ടിടം നിര്‍മാണവും കരിവെള്ളൂര്‍-പെരളം പഞ്ചായത്തിലെ മുരിങ്ങാട്ട് എസ്‌സി കോളനി പാലത്തിന്റെ അപ്രോച്ച് റോഡിന് സംരക്ഷണ ഭിത്തി നിര്‍മിക്കുന്ന 20 ലക്ഷത്തിന്റെ പ്രവൃത്തിയും പൂര്‍ത്തീകരിച്ചതായി യോഗത്തില്‍ അറിയിച്ചു. കലക്്ടറേറ്റില്‍ നടന്ന യോഗത്തില്‍ എംപിമാര്‍ക്കു പുറമെ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, ഡിപിഒ കെ പ്രകാശന്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top