എംപി പ്രാദേശിക വികസന ഫണ്ട് വിനിയോഗം: ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

പാലിക്കണം തൃശൂര്‍: എം പി പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് പ്രാഥമിക-കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും ആശുപത്രികള്‍ക്കും ആംബുലന്‍സടക്കമുളള വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അതിന്റെ രജിസ്‌ട്രേഷന്‍ നടപടി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ പേരില്‍ നടത്തിയാല്‍ മതിയെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് പാലിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറകണമെന്ന് പി കെ ബിജു എം.പി പറഞ്ഞു.
എം.പി ഫണ്ട് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരന്നു അദ്ദേഹം. ആരോഗ്യ വകുപ്പിലേക്ക് വാങ്ങുന്ന വാഹനങ്ങള്‍ മുഴുവന്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ പേരില്‍ രജിസ്ട്രര്‍ ചെയ്യണമെന്ന ഡി എച്ച് എസിന്റെ ഉത്തരവ്, എം.പി വികസന ഫണ്ടിന്റെ മാനദണ്ഡങ്ങളോട് പൊരുത്തപെടാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി 2018 ഏപ്രില്‍ 14 ന് പുതിയ ഉത്തരവിറക്കിയത്. 2016 ജൂണ്‍ 21 ലേതാണ് ഡി എച്ച് എസിന്റെ ഉത്തരവ്. ചീഫ് സെക്രട്ടറിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മുളങ്കുന്നത്തുകാവ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് എം.പി ഫണ്ടുപയോഗിച്ച് അനുവദിച്ച ആംബുലന്‍സ് ഉടന്‍ വാങ്ങി നല്‍കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് പി കെ ബിജു എം.പി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ 4 വര്‍ഷത്തിനിടെ ജില്ലയില്‍ എം.പി ഫണ്ടുപയോഗിച്ച് 11.4 കോടി രൂപയുടെ 125 പ്രവര്‍ത്തികള്‍ക്കാണ് ഭരണാനുമതിയായത്. ഇതില്‍ 6.9 കോടി രൂപ ചെലവില്‍  100 പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചു. 25 പ്രവര്‍ത്തികളുടെ പണി പുരോഗമിക്കുന്നു.
ഇക്കാലയളവില്‍ പലിശയുള്‍പ്പെടെ 9.5 കോടി രൂപയില്‍ 7.7 കോടി രൂപ ചെലവഴിച്ച് കഴിഞ്ഞു. മൊത്തം തുകയുടെ 80.21 ശതമാനം ചെലവ്. 1.25 കോടി രൂപ ചെലവില്‍ പണിപൂര്‍ത്തിയാക്കിയ ചേലക്കര കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടത്തിന്റെ പ്രവൃത്തിബില്‍ ഉടന്‍ സമര്‍പ്പിക്കാനും പി കെ ബിജു എം.പി നിര്‍ദ്ദേശം നല്‍കി. ഈ വര്‍ഷം കമ്പ്യൂട്ടര്‍ വിതരണം ഉള്‍പ്പെടെ 92 ലക്ഷം രൂപയുടെ പ്രൊപ്പോസലുകളും എം.പി സമര്‍പ്പിച്ചു.
അടുത്ത 4 മാസത്തിനുളളില്‍ ബാക്കിയുളള പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച് ബില്‍ സമര്‍പ്പിക്കാന്‍ മുഴുവന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥരും ജാഗ്രത കാട്ടണമെന്ന് യോഗത്തില്‍ സംസാരിച്ച ജില്ലാ കളക്ടര്‍ ടി വി അനുപമ പറഞ്ഞു. അടുത്ത അവലോകനയോഗം ആഗസ്റ്റ് 10 ന് നടക്കുമെന്നും അവര്‍ അറിയിച്ചു. ജില്ലാ ആസൂത്രണ ഓഫീസര്‍ ഡോ. എം സുരേഷ്‌കുമാറും യോഗത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top