എംപിയുടെ ഭൂമി കൈയേറ്റം: 10 കേന്ദ്രങ്ങളില്‍ സായാഹ്ന ധര്‍ണ

തൊടുപുഴ: ജോയ്‌സ് ജോര്‍ജ് എംപിയുടെ ഭൂമി കൈയേറ്റത്തിനെതിരെ ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ 2018 ജനുവരി 10നു മുമ്പായി സായാഹ്ന ധര്‍ണ നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍ അറിയിച്ചു. വന്‍കിട കൈയേറ്റത്തിന്റെ മറവില്‍ കുടിയേറ്റ കര്‍ഷകരെ ഉപദ്രവിക്കാനുള്ള ശ്രമമുണ്ടായാല്‍ ശക്തമായി പ്രതികരിക്കും. അഞ്ചുനാട് വില്ലേജുകളില്‍ മരംവെട്ടാനുള്ള അനുമതി, പച്ചക്കറി കൃഷിക്കായുള്ള സഹായപാക്കേജ്, വന്യമൃഗങ്ങളില്‍ നിന്നുണ്ടാവുന്ന കൃഷിനാശത്തിന് നഷ്ടപരിഹാരം എന്നിവ എത്രയും വേഗം നല്കണം. ഇക്കാര്യത്തില്‍ അടിയന്തര നടപടിയുണ്ടാവുന്നില്ലെങ്കില്‍ പ്രത്യക്ഷസമരവുമായി പാര്‍ട്ടി രംഗത്തിറങ്ങും. ത്രിതല പഞ്ചായത്ത് പ്രസിഡന്റമാര്‍, പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍, വൈസ് ചെയര്‍പേഴ്‌സണ്‍, സഹകരണബാങ്ക്, സൊസൈറ്റി പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം 30ന് 11ന് ഇടുക്കി ഡിസിസി ഓഫിസില്‍ ചേരുമെന്നും അദ്ദേഹം അറിയിച്ചു. 22ന് ഡിസിസി ജനറല്‍ ബോഡിയോഗം 10ന് ഇടുക്കി ജവഹര്‍ ഭവനില്‍ ചേരും. ഡിസംബര്‍ 23ന് മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ ചരമദിനത്തില്‍ ഡിസിസി ആഭിമുഖ്യത്തില്‍ രാവിലെ 10ന് പുഷ്പാര്‍ച്ചനയും അനുസ്മരണയോഗവും തൊടുപുഴ രാജീവ് ഭവനില്‍ നടത്തും.

RELATED STORIES

Share it
Top