എംപിമാരുടെ പ്രാദേശിക വികസന ഫണ്ട്‌സുതാര്യമാക്കാന്‍ നിയമ ചട്ടക്കൂട് വേണം

ന്യൂഡല്‍ഹി: എംപിമാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ വിനിയോഗം സുതാര്യമാക്കാന്‍ നിയമ ചട്ടക്കൂടു വേണമെന്നു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷന്റെ ശുപാര്‍ശ. ഫണ്ടുകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ കൂടുതല്‍ ഉത്തരവാദിത്തവും സുതാര്യതയും കൊണ്ടുവരുന്നതിന് ഉചിതമായ നിയമ ചട്ടക്കൂട് പുറപ്പെടുവിക്കണമെന്നാണു ലോക്‌സഭാ സ്പീക്കര്‍ക്കും രാജ്യസഭാ അധ്യക്ഷനോടും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
ഫണ്ട് വിനിയോഗത്തെക്കുറിച്ച് വിവരാവകാശ നിയമപ്രകാരം വ്യക്തികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണു കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ പ്രഫ. എം ശ്രീധര്‍ ആചാര്യലുവിന്റെ ശുപാര്‍ശ. മണ്ഡലം അടിസ്ഥാനത്തിലുള്ള എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ലെന്നു കാണിച്ച് ഇവരുടെ അപേക്ഷകള്‍ കമ്മീഷന്‍ മടക്കിയിരുന്നു. ഇതിനു പിന്നാലെയാണു കമ്മീഷന്‍ ഇതു സംബന്ധിച്ച് നിയമ ചട്ടക്കൂട് നിര്‍മിക്കണമെന്ന ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
എംപിമാരുടെ പ്രാദേശിക വികസന പദ്ധതികളുടെ ചുമതല കേന്ദ്ര സ്ഥിതിവിവരക്കണക്ക്, പദ്ധതി നടപ്പാക്കല്‍ മന്ത്രാലയത്തിനാണ്. പ്രാദേശിക ഫണ്ടുകള്‍ എംപിമാരുടെ സ്വകാര്യ പ്രവൃത്തികള്‍ക്ക് ഉപയോഗിക്കുന്നുണ്ടോ, ഫണ്ടുകള്‍ സ്വകാര്യ ട്രസ്റ്റുകള്‍ക്ക് നല്‍കുന്നുണ്ടോ, എംപിയുടെയോ അദ്ദേഹത്തിന്റെ ബന്ധുക്കളുടെയോ പ്രവൃത്തികള്‍ക്കു വകമാറ്റി ചെലവാക്കുന്നുണ്ടോ എന്നീ കാര്യങ്ങള്‍ ലഭ്യമാവുന്ന തരത്തില്‍ നിയമപരമായ ചട്ടക്കൂട് അനിവാര്യമാണെന്നാണ് ഇന്‍ഫര്‍മേഷന്‍ കമ്മീഷന്‍ നല്‍കുന്ന ശുപാര്‍ശയില്‍ പറയുന്നത്.RELATED STORIES

Share it
Top