എംപയര്‍ അത്ര ഗ്ലോറിയല്ല

കെ എ സലിം
ഇന്ത്യയിലെ ബ്രിട്ടിഷ് അധിനിവേശത്തില്‍ നിര്‍ണായകമായ 1757ലെ പ്ലാസി യുദ്ധത്തിന്റെ വിജയനായകന്‍ റോബര്‍ട്ട് ക്ലൈവ് ഇന്ത്യയില്‍ നിന്നു ബ്രിട്ടനിലേക്കുള്ള ആദ്യയാത്രയില്‍ തന്നെ 2,34,000 പൗണ്ട് ആരുമറിയാതെ കട്ടുകടത്തിയിരുന്നു. ബ്രിട്ടിഷ് രാജ്ഞിയുടെ കൊട്ടാരം ഖജനാവിലേക്കു പോകേണ്ട കൊള്ളമുതലില്‍ നിന്നായിരുന്നു ക്ലൈവിന്റെ മോഷണം. ഇന്നത്തെ മൂല്യം വച്ച് 23 ദശലക്ഷം പൗണ്ടിനു തുല്യമായ തുകയായിരുന്നു അത്. ക്ലൈവിനെ യൂറോപ്പിലെ ഏറ്റവും സമ്പന്നരിലൊരാളാക്കി മാറ്റിയത് ഇന്ത്യയില്‍ നടത്തിയ അത്തരം കൊള്ളയാണ്. 1765ല്‍ വീണ്ടും ഇന്ത്യയിലെത്തിയ ക്ലൈവ് മടങ്ങിയത് ഇന്ന് 40 ദശലക്ഷം പൗണ്ടിനു തുല്യമായി വരുന്ന നാലു ലക്ഷം പൗണ്ടും അടിച്ചുമാറ്റിയാണ്. ഈ സമ്പത്തിലൊരു വിഹിതം കൊണ്ട് തനിക്കും പിതാവിനും ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ഇടം വാങ്ങി ക്ലൈവ്.  ക്ലൈവിന്റെ അനധികൃത സ്വത്ത് അന്നു ബ്രിട്ടിഷ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്യപ്പെട്ടു. പക്ഷേ, ശക്തനായിരുന്നു ക്ലൈവ്. 200 കൊല്ലം ബ്രിട്ടിഷ് പ്രഭുക്കളുടെ ആഢ്യത്വത്തെ താങ്ങിനിര്‍ത്തിയ ഇന്ത്യയിലെ കൊള്ള ഒരു ചെറിയ കഥയല്ല. ബ്രിട്ടിഷ് സാമ്പത്തിക ചരിത്രകാരന്‍ അന്‍ഗസ് മാഡിസന്റെ കണ്ടെത്തല്‍ പ്രകാരം 18ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഗളന്മാരുടെ ഭരണത്തില്‍ 23 ശതമാനമായിരുന്നു ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം. യൂറോപ്പിന്റെ മൊത്തം സാമ്പത്തിക വിഹിതം കൂട്ടിച്ചേര്‍ത്താലും അത്ര വരുമായിരുന്നില്ല. 17ാം നൂറ്റാണ്ടില്‍ ഇത് അതിലും കൂടുതല്‍, 27 ശതമാന—മായിരുന്നു. ഔറംഗസീബിന്റെ ഭരണകാലത്ത് നികുതി വരുമാനം മാത്രമുണ്ടായിരുന്നത് 100 ദശലക്ഷം പൗണ്ടാണ്. 200 വര്‍ഷത്തെ ഭരണത്തിനു ശേഷം ബ്രിട്ടിഷുകാര്‍ ഇന്ത്യ വിടുമ്പോള്‍ ലോക സാമ്പത്തിക വ്യവസ്ഥയില്‍ ഇന്ത്യയുടെ വിഹിതം എത്രയാണെന്നറിയേണ്ടേ? വെറും മൂന്നു ശതമാനം! അത്ര ഭീകരമായിരുന്നു ഇന്ത്യയില്‍ നിന്ന് ബ്രിട്ടിഷുകാര്‍ നടത്തിയ കൊള്ള. ബ്രിട്ടിഷുകാര്‍ ഇന്ത്യയിലെത്തുമ്പോള്‍ സമ്പന്നമായിരുന്നു ഇന്ത്യ. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ ലോകത്ത് ഏറ്റവും മികച്ചതായിരുന്നു. ഏതൊരു യൂറോപ്യന്‍ രാജ്യത്തെക്കാളും മികച്ച ഉല്‍പന്നങ്ങള്‍ അക്കാലത്ത് ഇന്ത്യയില്‍ ഉണ്ടായിരുന്നു. കൊതിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ ശില്‍പികള്‍ രൂപം കൊടുത്ത ആഭരണങ്ങള്‍. ശില്‍പഭംഗി നിറഞ്ഞ കെട്ടിടങ്ങള്‍, മികച്ച കച്ചവടക്കാര്‍, നല്ല സാമ്പത്തിക വിദഗ്ധര്‍, കപ്പല്‍ നിര്‍മാണത്തില്‍ ലോകത്ത് ഏറ്റവും മികച്ച രാജ്യം- അങ്ങനെ നിരവധിയുണ്ടായിരുന്നു. 1600ല്‍ ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിതമായതോടെയാണ് കൊള്ളയ്ക്ക് തുടക്കമാവുന്നത്. വ്യാപാരത്തിനെത്തിയവര്‍ പിന്നെ കയ്യൂക്കുകൊണ്ട് ചരക്കുകള്‍ പിടിച്ചെടുക്കാന്‍ തുടങ്ങി.  1857ല്‍ ഈസ്റ്റിന്ത്യാ കമ്പനിയില്‍ നിന്നു വിക്‌ടോറിയ മഹാറാണി ഭരണം ഏറ്റെടുത്തു. പിന്നെ ബ്രിട്ടിഷുകാര്‍ രണ്ടര ലക്ഷത്തോളം വരുന്ന സൈനികരെ ഉപയോഗിച്ച് ഇന്ത്യയൊട്ടാകെ പിടിച്ചെടുക്കാനുള്ള പദ്ധതി നടപ്പാക്കുമ്പോള്‍ അതിനു ബ്രിട്ടിഷ് പാര്‍ലമെന്റിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നു. ഇന്ത്യയില്‍ നിന്നൂറ്റിയെടുത്ത സ്വത്തുക്കളായിരുന്നു 18ാം നൂറ്റാണ്ടിലെ ബ്രിട്ടിഷ് വാണിജ്യവത്കരണത്തിന്റെ അടിസ്ഥാന മൂലധനം. ബംഗാളിലെ നെയ്ത്തുകാര്‍ നിര്‍മിച്ച കൈത്തറി ഉല്‍പന്നങ്ങള്‍ അക്കാലത്ത് ലോകവിപണി—ക്ക് പ്രിയപ്പെട്ടതായിരുന്നു. ആകെ ലോക തുണിവിപണി ഓഹരിയുടെ 25 ശതമാനമായിരുന്നു ഇന്ത്യയുടെ കൈയില്‍.  1750കളില്‍ പ്രതിവര്‍ഷം 16 ദശലക്ഷം രൂപയുടെ കയറ്റുമതിയായിരുന്നു ബംഗാള്‍ കൈത്തറിയുടേത് മാത്രമായി ഉണ്ടായിരുന്നത്. യൂറോപ്പിന്റെ ഇന്ത്യയിലേക്കുള്ള കയറ്റുമതി പരമാവധി ആറു ദശലക്ഷം രൂപയുടേതു മാത്രവും. അധികാരം കിട്ടിയതോടെ ബ്രിട്ടിഷുകാര്‍ ഇന്ത്യന്‍ പട്ടുവിപണി തകര്‍ക്കാന്‍ തുടങ്ങി. പട്ടിനു പൗണ്ടില്‍ പണം നല്‍കുന്നത് നിര്‍ത്തി. പകരം നികുതി വരുമാനത്തില്‍ നിന്നു നല്‍കാന്‍ തുടങ്ങി. ഇന്ത്യന്‍ വസ്ത്രങ്ങളുടെ കയറ്റുമതി കുറച്ചു. എന്നിട്ടും വിലക്കുറവും ഗുണനിലവാരവുമുള്ള ഇന്ത്യന്‍ തുണികളെ വെല്ലാന്‍ ബ്രിട്ടിഷ് കമ്പനികള്‍ക്ക് കഴിഞ്ഞിരുന്നില്ല. ബ്രിട്ടിഷ് ഉല്‍പന്നങ്ങള്‍ക്ക് വലിയ വിലയുമായിരുന്നു. അതോടെ ബ്രിട്ടിഷുകാര്‍ ഇന്ത്യന്‍ തുണികള്‍ക്ക് ചുങ്കം ചുമത്തി. ഇതോടെ വിലക്കയറ്റമുണ്ടായി. ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖല തകര്‍ന്നു. ബ്രിട്ടിഷ് വാണിജ്യവത്കരണം വ്യാപകമായതോടെ ലോകവിപണിയില്‍ നിന്ന് ഇന്ത്യന്‍ തുണിത്തരങ്ങള്‍ അപ്രത്യക്ഷമായി. തുണിവിപണി മാത്രമല്ല, വജ്രമേഖലയിലും ഇന്ത്യക്ക് ഉണ്ടായിരുന്ന ആധിപത്യം നികുതികള്‍ അടിച്ചേല്‍പിച്ചു തകര്‍ക്കുകയായിരുന്നു ബ്രിട്ടിഷുകാര്‍. *****ചെല്ലിനി, മാല്‍ക്കം എക്‌സ്, ഗാന്ധിജി  തുടങ്ങിയവരുടെ ആത്മകഥകള്‍ പോലെ ലോക ക്ലാസിക്കുകളില്‍ പെടുത്താവുന്ന സാന്‍മിഷേലിന്റെ രചയിതാവാണ് ആക്‌സല്‍ മുന്‍തെ. സ്വീഡിഷ് ഡോക്ടര്‍ ആക്‌സല്‍ മാര്‍ട്ടിന്‍ ഫ്രെഡറിക് മുന്‍തേ മരിച്ചിട്ട് 70 വര്‍ഷമാവുന്നു. മുന്‍തേയുടെ ആത്മകഥയായ സാന്‍മിഷേലിന്റെ കഥ പ്രസാധകരായ ജോണ്‍ മുറൈ 1929ലാണ് ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. (ഇതിന്റെ വിവര്‍ത്തനം മലയാളത്തിലുണ്ട്). 90 വര്‍ഷങ്ങള്‍ക്കു ശേഷവും സാന്‍മിഷേലിന്റെ കഥയുടെ പതിപ്പുകള്‍ ലോകത്തെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുകയും ചൂടോടെ വിറ്റഴിയുകയും ചെയ്യുന്നു. 17ാം വയസ്സില്‍ ഇറ്റാലിയന്‍ ദ്വീപായ കാപ്രിയിലേക്ക് തോണിയില്‍ നടത്തുന്ന യാത്രയോടെയാണ് സാന്‍മിഷേലിന്റെ കഥ ആരംഭിക്കുന്നത്. അന്നാ കാപ്രിയിലെത്തിയ മുന്‍തേ മാസ്‌ട്രോ വിന്‍സേന്‍സോയെന്ന വ്യക്തിയുടെ കുന്നിന്‍മുകളിലുള്ള തകര്‍ന്നടിഞ്ഞ ചെറിയ പള്ളി കാണുകയും അതില്‍ ആകൃഷ്ടനായി അത് വാങ്ങുകയും ചെയ്യുന്നു. റോമന്‍ ചക്രവര്‍ത്തി ടൈബിരിയസിന്റെ തകര്‍ന്ന വില്ലയില്‍ നിന്നുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് സാന്‍മിഷേല്‍ എന്ന കെട്ടിടം പടുത്തുയര്‍ത്തുന്നു. സ്വീഡിഷ് ഭാഷയ്‌ക്കൊപ്പം ഇംഗ്ലീഷും ഫ്രഞ്ചും ഇറ്റാലിയനും നന്നായി സംസാരിക്കുമായിരുന്ന മുന്‍തേ ഇംഗ്ലീഷിലാണ് സാന്‍മിഷേലിന്റെ കഥ എഴുതിയത്. സമ്പന്നയായ ഇംഗ്ലീഷുകാരിയെ വിവാഹം ചെയ്ത മുന്‍തേ കൂടുതല്‍ കാലവും ഇറ്റലിയിലാണ് കഴിഞ്ഞത്. പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയും യുദ്ധത്തിന്റെയും പ്ലേഗിന്റെയും കാലത്ത് വൈദ്യസഹായവുമായി ഓടിയെത്തിയും സാന്‍മിഷേലിലെ കിളികളോടും പൂക്കളോടും കുട്ടിച്ചാത്തനോടും സംസാരിച്ചും മുന്‍തേ ജീവിച്ചു. കിളികളെ കെണിവച്ച് കുടുക്കുന്നതില്‍ വേദനിച്ചിരുന്ന മുന്‍തേ, ഇതു ചെയ്യുന്നുണ്ടെന്ന കാരണത്താല്‍ തന്റെ വീടിനടുത്തുള്ള ഒരു പക്ഷിസങ്കേതം തന്നെ വിലയ്ക്ക് വാങ്ങി. കിളികള്‍ മാത്രമല്ല, കുരങ്ങുകളും വിവിധ തരത്തിലുളള നായ്ക്കളും നിറഞ്ഞതായിരുന്നു മുന്‍തേയുടെ വീട്. സ്വീഡനിലെ ഉപ്‌സല സര്‍വകലാശാലയില്‍ നിന്നു ബിരുദമെടുത്ത മുന്‍തേ നല്ലൊരു ഡോക്ടറുമായിരുന്നു. പാരിസില്‍ കുറേക്കാലം പ്രാക്ടീസ് ചെയ്തു. 1887 മുതല്‍ അന്നാ കാപ്രിയില്‍ സ്ഥിരതാമസമാക്കിയ മുന്‍തേ ഗ്രാമീണര്‍ക്കിടയില്‍ ജീവിക്കാനും അവര്‍ക്ക് സേവനം ചെയ്യാനുമാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. 1892ല്‍ സ്വീഡിഷ് രാജകുടുംബം മുന്‍തേയെ കൊട്ടാരം ഡോക്ടറായി നിയമിച്ചു. കിരീടാവകാശി വിക്ടോറിയയുടെ സ്വകാര്യ ഡോക്ടറായും നിയമിതനായി. വിക്ടോറിയ നിരവധി രോഗങ്ങള്‍ കൊണ്ട് തളര്‍ന്നപ്പോള്‍ തനിക്കൊപ്പം കാപ്രിയില്‍ അല്‍പകാലം കഴിയാനായിരുന്നു മുന്‍തേയുടെ നിര്‍ദേശം. ആദ്യം മടിച്ചുനിന്ന വിക്ടോറിയ പിന്നീട് കാപ്രിയിലെത്തി. തുടര്‍ന്ന് അവര്‍ സാന്‍മിഷേലിന്റെ ആരാധികയായി, അവിടേക്ക് വീണ്ടും വീണ്ടുമെത്തി. സാന്‍മിഷേലിന്റെ കഥ കൂടാതെ ഇംഗ്ലീഷിലുള്ള നാലു പുസ്തകങ്ങള്‍ ഉള്‍പ്പെടെ നിരവധി കൃതികള്‍ മുന്‍തേ എഴുതിയിരുന്നു. എന്നാല്‍, അതെല്ലാം സാന്‍മിഷേലിന്റെ നിഴലില്‍ മാത്രമേ നിന്നുള്ളൂ. ഓണ്‍ബീറ്റ്: ലോകത്തെ ഭൂരിഭാഗം പേരും തിങ്കളാഴ്ചയെ വെറുക്കുന്നുണ്ടോ? ആഴ്ചയവധിക്കു ശേഷമുള്ള ആദ്യദിനം ആളുകള്‍ക്ക് വെറുപ്പാണെന്ന ധാരണ തെറ്റാണെന്നാണ് ആസ്‌ത്രേലിയയിലെ ഒരുപറ്റം മനശ്ശാസ്ത്രജ്ഞര്‍ സര്‍വേ നടത്തി കണ്ടെത്തിയിരിക്കുന്നത്. ഞായറാഴ്ച ചോദിച്ചാല്‍ അവര്‍ തിങ്കളാഴ്ചയെ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, തിങ്കളാഴ്ച ചോദിച്ചുനോക്കൂ. അവര്‍ക്ക് തിങ്കളിനോട് ഒരു പ്രശ്‌നവുമില്ല.

RELATED STORIES

Share it
Top