എംജിയില്‍ പുറത്താവുന്നത് രണ്ടാമത്തെ വിസി

കോട്ടയം: രാജ്യത്തു തന്നെ മികച്ച സര്‍വകലാശാലകളിലൊന്നായി എംജി സര്‍വകലാശാലയെ ഉയര്‍ത്തിക്കാട്ടുമ്പോഴും ഉന്നത സ്ഥാനങ്ങള്‍ അലങ്കരിക്കുന്നവരുടെ യോഗ്യതാ വിവാദം സര്‍വകലാശാലയെ തുടര്‍ച്ചയായി വേട്ടയാടുന്നു. യോഗ്യതയില്ലാത്തയാള്‍ നിയമിതനായെന്ന പരാതിയില്‍ ഇതു രണ്ടാം തവണയാണ് എംജി വിസി പുറത്താവുന്നത്. എംജി വിസി ഡോ. ബാബു സെബാസ്റ്റിയന് യുജിസി അനുശാസിക്കുന്ന യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി ഇന്നലെ ഹൈക്കോടതിയാണ് അദ്ദേഹത്തിന്റെ നിയമനം റദ്ദാക്കിയത്. തൊട്ടുമുമ്പ് വിസിയായിരുന്ന എ വി ജോര്‍ജിനെയും ഇതേ കാരണത്താല്‍ 2014 മെയ് 12നു സര്‍വകലാശാലാ ചാന്‍സലര്‍ കൂടിയായ കേരള ഗവര്‍ണര്‍ ഷീലാ ദീക്ഷിത് പുറത്താക്കിയിരുന്നു.
ഗവര്‍ണറുടെ നടപടിക്കെതിരേ എ വി ജോര്‍ജ് സുപ്രിംകോടതിയെ സമീപിച്ചെങ്കിലും നടപടി പരമോന്നത നീതിപീഠവും ശരിവയ്ക്കുകയായിരുന്നു. 2013 ജനുവരി അഞ്ചിനായിരുന്നു എ വി ജോര്‍ജ് എംജി വിസിയായി ചുമതലയേറ്റത്. ജോര്‍ജിനു ശേഷമാണ് ബാബു സെബാസ്റ്റിയന്‍ വിസിയായി നിയമിതനാവുന്നത്.
എംജി രജിസ്ട്രാര്‍ എം ആര്‍ ഉണ്ണിക്കെതിരേയും നിശ്ചിത യോഗ്യതയില്ലെന്ന പരാതി ഉയര്‍ന്നിരുന്നു. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടമാണ് ഈ വിഷയത്തിലും അരങ്ങേറിയത്. എംജി പിവിസി ആയിരുന്ന ഡോ. ഷീനാ ഷുക്കൂറിനെതിരേയും ഇത്തരത്തില്‍ വിവാദമുയര്‍ന്നിരുന്നു. ബാബു സെബാസ്റ്റ്യനു നിശ്ചിത യോഗ്യതയില്ലെന്നാണു ഹൈക്കോടതി കണ്ടെത്തിയതെങ്കില്‍ യോഗ്യതാ വിവരങ്ങളില്‍ കൃത്രിമം കാട്ടിയെന്നായിരുന്നു എ വി ജോര്‍ജിനെതിരായ പരാതി.
സര്‍വകലാശാല വൈസ് ചാന്‍സലര്‍ പദവി പവിത്രമാ—ണെന്നും പ്രാദേശിക എംഎല്‍എമാരുടെ ശുപാര്‍ശയിലൂടെ നേടേണ്ടതല്ലെന്നുമായിരുന്നു ജോര്‍ജിന്റെ ഹരജി പരിഗണിച്ച സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം. തെറ്റായ യോഗ്യതാ വിവരങ്ങള്‍ നല്‍കിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് 2014 മെയിലാണ് എംജി സര്‍വകലാശാല വിസി സ്ഥാനത്തുനിന്ന് എ വി ജോര്‍ജിനെ കേരള ഗവര്‍ണര്‍ പുറത്താക്കിയത്. കാസര്‍കോട്ടുള്ള കേന്ദ്ര സര്‍വകലാശാലയില്‍ എര്‍ത്ത് സയന്‍സ് വിഭാഗത്തിന്റെ തലവനായി പ്രവര്‍ത്തിച്ചെന്ന തെറ്റായ വിവരമാണു നല്‍കിയതെന്നായിരുന്നു പരാതി. തന്നെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിക്കെതിരേ കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഉത്തരവ് റദ്ദാക്കിയില്ല. തുടര്‍ന്നാണു ജോര്‍ജ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച സുപ്രിംകോടതിയും ഗവര്‍ണറുടെ ഉത്തരവ് ശരിവച്ചു.
ബാബു സെബാസ്റ്റിയന്റെ നിയമനവുമായി ബന്ധപ്പെട്ടു സമിതി രൂപീകരിച്ചതിലും ക്രമക്കേടു നടന്നെന്നാണു ഹൈക്കോടതി നിരീക്ഷണം. രണ്ടു വിസിമാരുടെ നിയമനത്തിലും രാഷ്ട്രീയ താല്‍പര്യങ്ങളാണു പ്രകടമായതെന്ന കോടതികളുടെ കണ്ടെത്തല്‍ ഗൗരവതരമാണ്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ താക്കോല്‍സ്ഥാന നിയമനങ്ങളുള്‍പ്പെടെ സുതാര്യമല്ല എന്നതിലേക്കാണ് ഇത്തരം സംഭവങ്ങള്‍ വിരല്‍ചൂണ്ടുന്നത്.

RELATED STORIES

Share it
Top