എംജിയില്‍ പരിഷ്‌കരിച്ച സിലബസ് പൊളിച്ചെഴുതാനുള്ള നീക്കം വിവാദമാവുന്നുകോട്ടയം:എംജി യുനിവേഴ്‌സിറ്റിയില്‍ ലക്ഷങ്ങള്‍ മുടക്കി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പരിഷ്‌കരിച്ച ഡിഗ്രി സിലബസ് പൊളിച്ചെഴുതാനുള്ള നീക്കം  വിവാദത്തിലേക്ക്. സിലബസ് പൊളിച്ചെഴുതുന്നത് വന്‍ സാമ്പത്തിക ക്രമക്കേടിന് ഇടയാക്കുമെന്ന്് ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തി.സിലബസ് പരിഷ്‌കരണത്തിന് യൂനിവേഴ്‌സിറ്റി ചാന്‍സിലര്‍ നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസ് പരിഷ്‌കരിച്ച സിലബസ്് ഇപ്പോള്‍ രാഷ്ട്രീയ താല്‍പര്യപ്രകരാം മാറ്റാന്‍ അണിയറയില്‍ നീക്കം നടക്കുകയാണ്. ചാന്‍സിലേഴ്‌സ് അവാര്‍ഡ് യൂനിവേഴ്‌സിറ്റിക്ക് ലഭിച്ചതില്‍ ബോര്‍ഡ് ഓഫ് സ്റ്റഡീസ് പരിഷ്‌കരിച്ച പുതിയ സിലബസും പ്രധാന ഘടകമായിരുന്നു. എന്നാല്‍ അവാര്‍ഡ് നേടിയതിന് ശേഷം സിലബസ് പൊളിച്ചെഴുതാനുള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നതെന്നും കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ രോപിക്കുന്നു. നിയമപരമായി സിലബസ് പരിഷ്‌കരണാധികാരം ബോര്‍ഡിനാണ്. എന്നാല്‍ ബോര്‍ഡിനെ അട്ടിമറിച്ച് ഇടതു സിന്‍ഡിക്കേറ്റ് അനുകൂലികളെ ഉള്‍പ്പെടുത്തി നിയമിച്ച് വിദഗ്ധ സമിതി രൂപീകരിച്ചാണ് സിലബസ് ഇടത് അനുകൂലമാക്കാന്‍ നീക്കം നടക്കുന്നത്. പാഠ്യപദ്ധതി രൂപീകരണത്തിന്റെ മറവില്‍ വന്‍തോതില്‍ സ്വജനപക്ഷപാതവും സാമ്പത്തിക ക്രമക്കേടും നടക്കുന്നതായി  സംഘടനാ ഭാരവാഹി ഡോ. ജോര്‍ജ് ജയിംസ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ നോക്കുകുത്തിയാക്കി ചിലരുടെ വ്യക്തി താല്‍പര്യത്തിനായി മികച്ച സിലബസ് വീണ്ടും മാറ്റുന്നതിന് എംജി വിസിയും കൂട്ടുനില്‍ക്കുന്നുവെന്ന് പ്രൊഫ. പി ജെ തോമസ് കുരുവിള പറഞ്ഞു. സിലബസ് രൂപീകരിച്ച് സമര്‍പിച്ചപ്പോള്‍ ഏറ്റവും മികച്ച സിലബസാണിതെന്ന് വ്യക്തമാക്കിയ വിസി ഇപ്പോള്‍ മറുകണ്ടം ചാടിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭരണം മാറിയപ്പോള്‍ അക്കാദമിക് മര്യാദകള്‍ മറന്നുകൊണ്ടാണ് വിസിയും പ്രവര്‍ത്തിക്കുന്നത്. ഒമ്പത് വര്‍ഷക്കാലം സിലബസ് പരിഷ്‌കരണം യൂനിവേഴ്‌സിറ്റിയില്‍ നടന്നിരുന്നില്ല.  2014ലാണ് ഡിഗ്രി സിലബസ് പരിഷ്‌കരിക്കാനുള്ള തീരുമാനമുണ്ടായത്. ഏറ്റവും മികച്ച സിലബസ് ഉള്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ 2014 പരിഷ്‌കരണ ജോലികള്‍ ആരംഭിക്കുകയും 2016 ല്‍ പുതിയ സിലബസ് സമര്‍പിക്കുകയും ചെയ്തു. പരിഷ്‌കരിച്ച സിലബസ് യൂനിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും പരാതികള്‍ സ്വീകരിച്ച് തെറ്റുകള്‍ തിരുത്തിക്കഴിഞ്ഞ് വിസിയും അംഗീകരിച്ചു. ഇതിനിടയില്‍ ഭരണം മാറിയതോടെ സിന്‍ഡിക്കേറ്റിന്റെ താല്‍പര്യപ്രകാരം ഇടതു അധ്യാപകരുടെ പുസ്തകങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ സമീപിക്കാതെ, നിയമവിരുദ്ധമായി വിദഗ്ധ സമിതി രൂപീകരിച്ച് സിലബസ് പരിഷ്‌കരിക്കാനുള്ള പുതിയ നീക്കമാണ് നടക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. രണ്ടു വര്‍ഷത്തെ കഠിന പരിശ്രമഫലമായിട്ടായിരുന്നു മറ്റു യൂനിവേഴ്‌സിറ്റികളുടെ പോലും പ്രശംസ നേടിയ സിലബസ് യൂനിവേഴ്‌സിറ്റിക്ക് കൈമാറിയത്. പുതിയ സിലബസ് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നു നേരത്തെ വിസിയും വ്യക്തമാക്കിയിരുന്നു. ഇതിനിടയിലാണ് എല്ലാം മാറിമറിഞ്ഞിരിക്കുന്നത്. ചാന്‍സിലര്‍ നിയമിച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിലനില്‍ക്കെ, നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂനിവേഴ്‌സിറ്റിക്കെതിരേ നിയമപരമായ നടപടികള്‍ സ്വീകരിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ചാന്‍സിലര്‍ക്ക് പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തി ല്‍ കോളജ് അധ്യാപകരായ ഡോ. ജോര്‍ജ് ജയിംസ് ടി, ഡോ.റോണി ജോര്‍ജ്,പ്രൊഫ. തോമസ് കുരുവിള ഡോ. കെ എം ബെന്നി പങ്കെടുത്തു.

RELATED STORIES

Share it
Top