എംഎസ്ഡിപി പദ്ധതിക്ക് 23.26 കോടിയുടെ അംഗീകാരം

മലപ്പുറം: പൊന്നാനി നഗരസഭയില്‍ നടന്നു വരുന്ന എംഎസ്ഡിപി പദ്ധതിക്കു കീഴില്‍ 2018-2019 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23.26 കോടി രൂപയുടെ അഞ്ചു പുതിയ പദ്ധതികള്‍ക്ക് അംഗീകാരം.  ജില്ലാ കലക്ടടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അംഗീകാരം നല്‍കിയത്.
സമഗ്രവികസനത്തിനായുള്ള പുതിയ കേന്ദ്ര സഹായ പദ്ധതികളുടെ നിര്‍ദ്ദേശങ്ങള്‍ ഉടന്‍ സമര്‍പ്പിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇ ടി മുഹമ്മദ് ബഷീര്‍ എംപി യോഗത്തില്‍ ആവശ്യപ്പെട്ടു. തീരദേശ മേഖലയില്‍ സ്‌കില്‍ ഡവലെപ്‌മെന്റ് സെന്ററുകള്‍, കുടിവെള്ള പദ്ധതികള്‍, ഐടിഐ കള്‍, സ്ഥല സൗകര്യമുള്ള അങ്കണവാടികള്‍ക്ക് കെട്ടിടം നിര്‍മിക്കല്‍ തുടങ്ങിയ പദ്ധതികള്‍ ഇതില്‍ ഉള്‍പ്പെടുത്തണമെന്നു അദ്ദേഹം നിര്‍ദേശിച്ചു.
പൊന്നാനിയില്‍ ഡയാലിസിസ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന് 4.7 കോടി, തെയ്യങ്ങാട് ജിഎല്‍പി സ്‌കൂള്‍ കെട്ടിടത്തിന് 5.37കോടി രൂപ, കടവനാട് ഗവ.ഫിഷറീസ് യുപി സ്‌കൂളിന് 5.91കോടി, വെള്ളീരി ജിഎല്‍പി സ്‌കൂളിന് 2.35കോടി, ബിയ്യം ചെറുവായ്ക്കര ജിഎല്‍പി ആന്റ് യുപി സ്‌കൂളിന് 4.89 കോടി രൂപ എന്നിങ്ങനെയാണ് പുതുതായി അംഗീകാരം നല്‍കിയ പദ്ധതികള്‍. 2017-18 വാര്‍ഷിക പദ്ധതിക്കു കീഴില്‍ നിര്‍മ്മാണത്തിലിരിക്കുന്ന 8.51 കോടി ചിലവിലുള്ള പ്രവൃത്തിയുടെ പുരോഗതി യോഗം വിലയിരുത്തി.
പുതുപൊന്നാനി ഗവ. ഫിഷറീസ് എല്‍പി സ്‌കൂള്‍ കെട്ടിടം, പൊന്നാനി ടൗണ്‍ ജിഎംഎല്‍പി സ്‌കൂള്‍ കെട്ടിടം, കടവനാട് ജിഎല്‍പി സ്‌കൂള്‍ കെട്ടിടം, ഈഴവത്തുരുത്തി ബഡ്‌സ് സ്‌കൂള്‍ പുനരധിവാസ കേന്ദ്രം കെട്ടിടം,  തൃക്കാവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിട നവീകരണം എന്നിവയുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കാന്‍ യോഗം നിര്‍ദ്ദേശിച്ചു.
രാജ്യത്തെ 92 ജില്ലകള്‍ക്കു പുറമെ എംഎസ്ഡിപി പദ്ധതിയില്‍ ഉള്‍പ്പെട്ട ആദ്യ നഗരസഭയാണ് പൊന്നാനി. മലപ്പുറം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ പഌനിങ് ഓഫിസര്‍ പി പ്രദീപ് കുമാര്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top