എംഎല്‍എയെ വിമര്‍ശിച്ച്ജില്ലാ പഞ്ചായത്ത്

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ മള്‍ട്ടിപര്‍പ്പസ് ബ്ലോക്ക് നിര്‍മാണത്തിന് ജില്ലാ പഞ്ചായത്ത് തടസ്സം നില്‍ക്കുന്നുവെന്ന എംഎല്‍എ ഒ ആര്‍ കേളുവിന്റെ പ്രസ്താവനയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ജില്ലാ പഞ്ചായത്ത് ഭരണസമിതി രംഗത്ത്. എംഎല്‍എ അടിസ്ഥാനരഹിതവും അനാവശ്യവുമായ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നു പ്രസിഡന്റ് ടി ഉഷാകുമാരി വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. മുന്‍മന്ത്രി പി കെ ജയലക്ഷ്മി മുന്‍കൈയെടുത്ത് നബാര്‍ഡ് മുഖേന 45 കോടി അനുവദിക്കുകയും 2016ല്‍ തന്നെ എഎസും ടിഎസും ലഭ്യമാക്കുകയും ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്ത മള്‍ട്ടിപര്‍പ്പസ് ആശുപത്രി നിര്‍മാണം തുടങ്ങാത്തത് എംഎല്‍എയുടെയും പിഡബ്ല്യുഡിയുടെയും അനാസ്ഥ കാരണമാണ്. 2016 ആഗസ്ത് ആറിന് ജില്ലാ ആശുപത്രിയില്‍ കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പിഡബ്ല്യുഡി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയതിനെ തുടര്‍ന്ന് 10നു തന്നെ ഭൂമി കൈമാറാന്‍ തീരുമാനിക്കുകയും ജില്ലാ മെഡിക്കല്‍ ഓഫിസറെ അറിയിക്കുകയും ചെയ്തിരുന്നു. പുതിയ കെട്ടിടം പണിയുന്നതിന്നായി പഴയ കെട്ടിടം പൊളിച്ചുമാറ്റാനും ആഗസ്ത് 20ന് ജില്ലാ പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ സുപ്രണ്ടിനെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീടുണ്ടായ കാലതാമസം എല്‍എസ്ജിഡി വകുപ്പിന്റെ ഭാഗത്ത് നിന്നു ക്യത്യമായ ഇടപെടല്‍ ഇല്ലാത്തതുകൊണ്ടാണ്. ഇതിനു മുന്‍കൈയെടുക്കേണ്ട എംഎല്‍എ കണ്ടില്ലെന്നു നടിക്കുകയായിരുന്നു. ഭൂമി വിട്ടുനല്‍കണമെന്നല്ലാതെ മറ്റ് രേഖാമൂലമുള്ള ഒരു നിര്‍ദേശവും ഒരു വകുപ്പിന്റെ ഭാഗത്ത് നിന്നും ജില്ലാ പഞ്ചായത്തിന് ലഭിച്ചില്ല. എന്നിട്ടും ജില്ലാ പഞ്ചായത്തിന്റെ ഇടപെടല്‍ മൂലം പഴയ കെട്ടിടം പൊളിക്കാനുള്ള ജോലികള്‍ ആരംഭിച്ച സമയത്ത് എംഎല്‍എ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കത്തയച്ച് പത്രവാര്‍ത്ത നല്‍കിയത് വിവാദങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി മാത്രമാണ്. മള്‍ട്ടി പര്‍പ്പസ് ഹോസ്പിറ്റല്‍ ബ്ലോക്ക് നിര്‍മാണത്തില്‍ ജില്ലാ പഞ്ചായത്തിന് യാതൊരുവിധ ബന്ധവുമില്ലെന്നിരിക്കെ, എംഎല്‍എ മുന്‍കൈയെടുത്ത് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളൊന്നും നടത്താതെ ആരോപണമുന്നയിക്കുകയാണ്. ഡോക്ടര്‍മാരുടെ നിയമനമൊഴികെ കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ ജില്ലാ ആശുപത്രിയില്‍ എന്തു വികസനമാണ് എംഎല്‍എ കൊണ്ടുവന്നതെന്നു വ്യക്തമാക്കണം. എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു രൂപ പോലും ജില്ലാ ആശുപത്രിക്ക് ഒ ആര്‍ കേളു അനുവദിച്ചിട്ടില്ല. ആരോഗ്യ വകുപ്പിന്റെയും സര്‍ക്കാരിന്റെയും അനാസ്ഥ കാരണം ജില്ലാ ആശുപത്രിയിലെ രോഗികള്‍ക്കുള്ള പോഷകാഹാരം മുടങ്ങിയിട്ട് രണ്ടുമാസം കഴിഞ്ഞു. ഇതു മറച്ചുവയ്്ക്കാനാണ് ജില്ലാ പഞ്ചായത്തിനെതിരേ പ്രസ്താവനയുമായി എംഎല്‍എ രംഗത്തെത്തിയതെന്നും ഉഷാകുമാരി കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, മെംബര്‍മാരായ എ പ്രഭാകരന്‍, എ ദേവകി എന്നിവരും പങ്കെടുത്തു.

RELATED STORIES

Share it
Top