എംഎല്‍എയുടെ വാക്ക് പാഴ് വാക്കായിഓപണ്‍ ഓഡിറ്റോറിയം വീണ്ടും വിവാദത്തിലേക്ക്

ആലത്തൂര്‍: താലൂക്ക് ഓഫിസ് റോഡിലെ ഓപണ്‍ ഓഡിറ്റോറിയം വീണ്ടും വിവാദ കേന്ദ്രമാകുന്നു. എംഎല്‍എ ഫണ്ടില്‍ നിന്ന് 20 ലക്ഷം ചെലവഴിച്ച് റവന്യു പുറമ്പോക്ക് വഴിയില്‍ നിര്‍മിച്ച ഓപണ്‍ ഓഡിറ്റോറിയത്തില്‍ ടാക്‌സി വാഹനങ്ങള്‍ നിര്‍ത്തുകയും അന്യ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തതാണ് ഇപ്പോഴത്തെ വിവാദ വിഷയം. ഓപണ്‍ ഓഡിറ്റോറിയം ഉദ്ഘാടന സമയത്ത് ഇവിടം പൊതു ഇടമാണെന്ന് എംഎല്‍എ പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഇതിനെ തിരുത്തുന്നതാണ് ഇപ്പോഴത്തെ നടപടികള്‍. ഓഡിറ്റോറിയം നിര്‍മിച്ചതോടെ അവിടെ വാടകക്ക് ഓടുന്ന വിവിധ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയും,  ദിവസങ്ങള്‍ക്കകം  ടാക്‌സി സ്റ്റാന്റ് എന്ന് ബോര്‍ഡ് വെക്കുകയും ചെയ്തിരുന്നു.
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അന്യ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് മറ്റൊരു ബോര്‍ഡും സ്ഥാപിച്ചു. ഓപണ്‍ ഓഡിറ്റോറിയത്തിന് ഓഫിസോ ജീവനക്കാരോ ഇല്ല എന്നിരിക്കെ അന്യ വാഹനങ്ങള്‍ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് എന്തിനെയാണെന്ന് ആര്‍ക്കും അറിയില്ല. ഓഡിറ്റോറിയത്തില്‍ പരിപാടികളില്ലാത്ത സമയം ആളുകള്‍ക്കും വാഹനങ്ങള്‍ക്കും മറ്റുമെല്ലാം നില്‍ക്കാം.
അന്യ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന ബോര്‍ഡ് സ്ഥാപിച്ചത് എന്തടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.
അങ്ങിനെയൊരു ബോര്‍ഡ് സ്ഥാപിക്കാന്‍ റവന്യു വകുപ്പ് ആര്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഓഡിറ്റോറിയത്തില്‍ പരിപാടികള്‍ നടക്കുമ്പോള്‍ മാത്രം വാഹനങ്ങള്‍ മാറ്റിയിടുകയും മറ്റ് സമയങ്ങളില്‍ സ്വകാര്യ വാഹനങ്ങളുള്‍പ്പടെ നിര്‍ത്താമെന്നും റവന്യൂ അധികൃതര്‍ പറഞ്ഞു.

RELATED STORIES

Share it
Top