എംഎല്‍എയുടെ ഭൂമി കൈയേറിയതെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം/മൂന്നാര്‍: ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്റെ മൂന്നാറിലെ വീട് കൈയേറ്റഭൂമിയിലാണെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പിസി ജോര്‍ജ് എംഎല്‍എയുടെ ചോദ്യത്തിന് നിയമസഭയിലാണ് ഇതുസംബന്ധിച്ച് മന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. മൂന്നാറിലെ ഇക്കാനഗറില്‍ രാജേന്ദ്രന്റെ പേരിലുള്ള ഭൂമിയുടെ പട്ടയം വ്യാജമാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ജില്ലാ കലക്ടറും ലാന്‍ഡ് റവന്യൂ കമ്മീഷണറും ശരിവച്ചു എന്ന രേഖയാണ് ഇ ചന്ദ്രശേഖരന്‍ സഭയില്‍ സമര്‍പ്പിച്ചത്. രാജേന്ദ്രന്റെ പട്ടയരേഖയില്‍ തെറ്റായി രേഖപ്പെടുത്തിയ പട്ടയ നമ്പര്‍ തിരുത്തണമെന്നുള്ള അപേക്ഷ 2011 ഒക്‌ടോബര്‍ 29ന് ജില്ലാ കലക്ടര്‍ തള്ളിയിരുന്നു. ഇതിന്‍മേല്‍ നല്‍കിയ അപ്പീല്‍ 2015 ജനുവരി 5ന് ലാന്‍ഡ് റവന്യൂ കമ്മീഷണറും നിരസിച്ചെന്ന് വ്യക്തമാക്കുന്ന റിപോര്‍ട്ടാണ് മന്ത്രി സമര്‍പ്പിച്ച രേഖയിലുള്ളത്. മൂന്നാറിലെ കൈയേറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ചചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ഇന്നു നടക്കാനിരിക്കെയാണ് എംഎല്‍എയുടെ ഭൂമിയുമായി ബന്ധപ്പെട്ട വിവാദം വീണ്ടും പൊങ്ങിവന്നത്. രാജേന്ദ്രന്റേത് കൈയേറ്റഭൂമിയാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിട്ടും അദ്ദേഹത്തെ സംരക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎമ്മിനെയും റവന്യൂ മന്ത്രിയുടെ വെളിപ്പെടുത്തല്‍ കൂടുതല്‍ പ്രതിരോധത്തിലാക്കും. എസ് രാജേന്ദ്രന്റെ വീട് പട്ടയഭൂമിയിലാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാട്. ഭൂമിക്കു പട്ടയവും രേഖകളുമുണ്ടെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എയും നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിയാണ് രാജേന്ദ്രന്റെ ഭൂമിക്ക് പട്ടയമില്ലെന്ന് റവന്യൂ മന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയത്. നാലു ചോദ്യങ്ങളാണ് മൂന്നാറിലെ വ്യാജ പട്ടയങ്ങളുമായി ബന്ധപ്പെട്ട് പി സി ജോര്‍ജ് ചോദിച്ചത്.  ഇതില്‍ മൂന്നാമതായാണ് എസ് രാജേന്ദ്രന്‍ എംഎല്‍എയുടെ പട്ടയവിഷയം ഉന്നയിച്ചത്. അതേസമയം, റവന്യൂ മന്ത്രി പറഞ്ഞതിനോട് യോജിപ്പില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പ്രതികരിച്ചു. റവന്യൂ മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയാണു ചെയ്തത്. നല്ല പട്ടയവും ചീത്ത പട്ടയവും തിരിച്ചറിയാന്‍ സാധിക്കണം. ആരെങ്കിലും എഴുതിക്കൊടുക്കുന്നത് വായിക്കുകയല്ല മന്ത്രി ചെയ്യേണ്ടത്. മന്ത്രി കാര്യങ്ങള്‍ പഠിക്കുന്നില്ല. വകുപ്പിലെ ഉദ്യോഗസ്ഥരെക്കൊണ്ട് ജോലി ചെയ്യിപ്പിക്കണം. ഇതില്‍ ഗൂഢാലോചനയുണ്ടെന്നാണ് സംശയിക്കുന്നത്. തന്റെ പട്ടയം സംബന്ധിച്ച ഫയലുകള്‍ എവിടെയാണെന്നു മന്ത്രിയുടെ വകുപ്പ് കണ്ടെത്തണം. ഭൂമി സ്വന്തമെന്നു കാണിക്കുന്ന എല്ലാ രേഖകളും തന്റെ കൈയിലുണ്ടെന്നും രാജേന്ദ്രന്‍ പറഞ്ഞു. എന്നാല്‍, രാജേന്ദ്രന്റെ പേരിലുള്ള പട്ടയത്തിന്റെ തിയ്യതിയിലും സീലിലുമുള്ള പൊരുത്തക്കേടുകള്‍ നേരത്തേ പുറത്തുവന്നിരുന്നു. സര്‍വേ നമ്പറിലും തിരുത്തലുകളുണ്ട്. ഇക്കാര്യങ്ങളെല്ലാം ഇന്നു ചേരുന്ന യോഗത്തില്‍ ചര്‍ച്ചയായേക്കും.

RELATED STORIES

Share it
Top