എംഎല്‍എയുടെ പേര് ദുരുപയോഗം ചെയ്ത് പണപ്പിരിവ്; 6 പേര്‍ പിടിയില്‍

കട്ടപ്പന: അര്‍ബുദ ചികില്‍സ സഹായനിധി സ്വരൂപിക്കുക എന്ന വ്യാജേന ലക്ഷക്കണക്കിന് രൂപ പിരിച്ചെടുത്ത് തട്ടിപ്പുനടത്തിയ സംഘത്തിലെ ആറുപേര്‍ ഇടുക്കിയിലെ അണക്കരയില്‍ അറസ്റ്റിലായി. തിരുവനന്തപുരം സ്വദേശി ഷിജുമോന്‍, വയനാട് വൈത്തിരി സ്വദേശികളായ പ്രിന്‍സ് തോമസ്, ഹെന്‍ഡ്രി തോമസ്, രാജന്‍ ഹരിദാസ്, സിബിന്‍ കുര്യന്‍, മാനന്തവാടി സ്വദേശി സുധിന്‍ തങ്കപ്പന്‍ എന്നിവരാണു പിടിയിലായത്.
കേരള ചങ്ങാതിക്കൂട്ടം എന്ന പേരില്‍ കാസര്‍കോട് കേന്ദ്രീകരിച്ച് ചാരിറ്റബിള്‍ സൊസൈറ്റി രജിസ്റ്റര്‍ ചെയ്ത സംഘം കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്നിനെ കൊണ്ട് ഫഌഗ് ഓഫ് ചെയ്യിച്ച ശേഷമാണ് തട്ടിപ്പുയാത്ര തുടങ്ങിയത്. ഏതാനും ചെറുപ്പക്കാര്‍ നല്ല മനസ്സോടെ ചെയ്യുന്ന പ്രവൃത്തി എന്നുകണ്ടായിരുന്നു എംഎല്‍എ ഈ ചടങ്ങിനെത്തിയത്. പിന്നീട് യാത്രയിലുടനീളം ഇദ്ദേഹത്തിന്റെ ഫോട്ടോ പതിച്ച ഫഌക്‌സ് വച്ചാണ് സംഘം പിരിവുനടത്തിയത്.
പിരിച്ചെടുത്ത പണം മുഖ്യപ്രതി ഷിജുമോന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് ഇടുകയായിരുന്നു. പിടിയിലാവുമ്പോള്‍ അണക്കരയിലെ വ്യാപാരികളില്‍ നിന്നു പിരിച്ചെടുത്ത 19,300 രൂപ പ്രതികളുടെ കൈവശം ഉണ്ടായിരുന്നു. നെടുങ്കണ്ടത്ത് സമാനരീതിയില്‍ പണംതട്ടുന്ന സംഘത്തെ നേരത്തെ പിടികൂടിയിരുന്നു. പൊതുപ്രവര്‍ത്തകനായ സതീഷ് ചന്ദ്രനാണ് ഇവരെ കുറിച്ച് പോലിസില്‍ അറിയിച്ചത്. വണ്ടന്‍മേട് പോലിസ് ഇവര്‍ക്കെതിരേ കേസെടുത്ത് നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top