എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധി സംഘം സന്ദര്‍ശിച്ചു

കേച്ചേരി: ചൂണ്ടല്‍ പഞ്ചായത്തിലെ പെരുമണ്ണ് ചിറ സന്ദര്‍ശിക്കാന്‍ മുരളി പെരുനെല്ലി എംഎല്‍എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ സംഘമെത്തി.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ചിറയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് സംഘം സന്ദര്‍ശിച്ചത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എം പത്മിനി ടീച്ചര്‍, ചൂണ്ടല്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് കരീം, പഞ്ചായത്ത് അംഗങ്ങളായ കെ പി രമേഷ്, എം ബി പ്രവീണ്‍, പെരുമണ്ണ് പാടശേഖര സമിതി സെക്രട്ടറി കെ എ മോഹനന്‍, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം പി കെ വല്‍സന്‍ എന്നിവരാണ് ചിറ സന്ദര്‍ശിക്കാനെത്തിയത്.
ജില്ലാ പഞ്ചായത്തില്‍ നിന്ന് അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് സംരക്ഷണഭിത്തി നവീകരണം, ഷട്ടര്‍ ബലപ്പെടുത്തല്‍, മോട്ടോര്‍ സ്ഥാപിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. പാറന്നൂര്‍ ചിറ പോലെ ടൂറിസം സാധ്യത നിലനില്‍ക്കുന്ന പ്രദേശമാണ് പെരുമണ്ണ് ചിറ. ചിറയുടെ ടൂറിസം സാധ്യതകള്‍ പരിശോധിച്ച് ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം പ്രദേശവാസികള്‍ക്കുണ്ട്. ജനപ്രതിനിധികളുടെ സന്ദര്‍ശനം ചിറയുടെ സംരക്ഷണത്തിനും, ടൂറിസ്റ്റ് കേന്ദ്രമാക്കുന്നതിനും ഗുണം ചെയ്യുമെന്ന പ്രതിക്ഷയിലാണ് പരിസരവാസികള്‍.

RELATED STORIES

Share it
Top