എംഎല്‍എയുടെ ചിത്രത്തെ കടല്‍വെള്ളം കൊണ്ടു കുളിപ്പിച്ച് എസ്ഡിപിഐ പ്രതിഷേധം

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എയുടെ ചിത്രത്തെ കടല്‍ വെള്ളം കൊണ്ടു കുളിപ്പിച്ച് എസ്ഡിപിഐ പ്രതിഷേധം.
ചാവക്കാട് നഗരസഭ കോപ്ലക്‌സിലെ എംഎല്‍എ ഒഫീസിനു മുമ്പില്‍ വച്ചാണ് എസ്ഡിപിഐ ഗുരുവായൂര്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. ശക്തമായ കടല്‍ക്ഷോഭത്തില്‍ മേഖലയിലെ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറുകയും നിരവധി കുടുംബങ്ങള്‍ ദുരിതത്തിലാവുകയും ചെയ്തിട്ടും കടപ്പുറം പഞ്ചായത്തുകാരന്‍ കൂടിയായ എംഎല്‍എ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതിരുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.
കടല്‍ക്ഷോഭം തടയുന്നതിന് ശാസ്ത്രീയമായി കരിങ്കല്‍ഭിത്തി നിര്‍മിക്കുക, ദുരിതബാധിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുക, പകര്‍ച്ചവ്യാധി തടയാന്‍ മെഡിക്കല്‍ സംഘത്തെ നിയോഗിക്കുക, സൗജന്യ റേഷന്‍ ഉറപ്പ് വരുത്തുക, ഓഖി ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അനുകുല്യങ്ങള്‍ ഉടന്‍ വിതരണം ചെയ്യുക തുടങ്ങി ആവശ്യങ്ങളും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
നിയോജക മണ്ഡലം പ്രസിഡന്റ് റ്റി എം അക്ബര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കെ എച്ച് ഷാജഹാന്‍, അന്‍വര്‍ സാദിക്ക്, ജബ്ബാര്‍ അണ്ടത്തോട്, സക്കറിയ വലിയപുരക്കല്‍, സക്കീര്‍ ഹുസൈന്‍ സംസാരിച്ചു.

RELATED STORIES

Share it
Top