എംഎല്‍എയും സര്‍ക്കാരും ശീതസമരത്തില്‍; മുണ്ടക്കയത്ത് പദ്ധതികള്‍ മുടങ്ങുന്നു

മുണ്ടക്കയം: പി സി ജോര്‍ജ് എംഎല്‍എയും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ശീതസമരത്തില്‍. ഇതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് മുരിക്കുംവയല്‍ സ്‌കൂളില്‍ നടത്താനിരുന്ന സ്മാര്‍ട്ട് സ്‌കൂള്‍ മാനേജര്‍ പദ്ധതിയുടെ ഉദ്ഘാടനം വിദ്യാഭാസ മന്ത്രി ഇടപെട്ട് തടഞ്ഞത്. ഇതോടെ എംഎല്‍എയും സര്‍ക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായിരിക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനം സംബന്ധിച്ചോ മറ്റു കാര്യങ്ങളോ സ്‌കൂള്‍ അധികൃതര്‍ വകുപ്പിനെ അറിയിക്കാതെ  നടത്തുവാന്‍ തീരുമാനിച്ചതാണ് ഉദ്ഘാടനം തടഞ്ഞതിന്റെ കാരണമായി പറയുന്നത്. എന്നാല്‍ ഇതിന്റെ സത്യാവസ്ഥ എന്തെന്ന്്് വ്യക്തമല്ല. സര്‍ക്കാരിന്റെ ഒരു നിയോജക മണ്ഡലത്തില്‍ ഒരു സ്‌കൂള്‍ ഏറ്റെടുത്ത് മികവിന്റെ കേന്ദ്രമായി ഉയര്‍ത്തുക എന്ന പദ്ധതിയുടെ ഭാഗമായിരുന്നു മുരിക്കുംവയല്‍ സ്‌കൂളിനെ ഇതിനായി തിരഞ്ഞെടുത്തത്. സര്‍ക്കാര്‍ ഏജന്‍സിയായ കിറ്റ്‌കോ കണ്‍സള്‍ട്ടന്റായിട്ടാണ് 5.20 കോടിയുടെ പദ്ധതി തയ്യാറാക്കിയത്. ഇതിന് കെഐഐഎഫ്ബി ഡയറക്ടര്‍ ബോര്‍ഡിന്റെ ഭരണാനുമതി ലഭിച്ചതായി കഴിഞ്ഞ ദിവസം പി സി ജോര്‍ജ് എംഎല്‍എ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചിരുന്നു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചാല്‍ ഉടന്‍ നിര്‍മാണം ആരംഭിക്കുമെന്നാണ് എംഎല്‍എ അറിയിച്ചത്. എന്നാല്‍ പദ്ധതിയുടെ ഉദ്ഘാടനം എംഎല്‍എയുടെ കാര്‍മികത്വത്തില്‍ നടന്നാലുള്ള രാഷ്ട്രീയ തിരിച്ചടി തിരിച്ചറിഞ്ഞ ജനപ്രതിനിധിയായ ഒരു നേതാവ് വിദ്യാഭാസ മന്ത്രിയുടെ ഓഫിസിനെ വിഷയത്തില്‍ ഇടപെടുവിക്കുകയായിരുന്നുവെന്നും സംസാരമുണ്ട്.വിദേശരാജ്യങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതി പി സി ജോര്‍ജ് എംഎല്‍എയുടെ ഇടപെടല്‍ മൂലമാണ് സ്വകാര്യ കമ്പനി ഏറ്റെടുത്തതെന്ന പ്രചരണം കൊടുത്തതും ഭരണപക്ഷത്തെ ചൊടിപ്പിച്ചതായാണ് അറിവ്.കെഎസ്ആര്‍ടി സി ബസ് സ്റ്റാന്‍ഡ് പണിതീര്‍ന്നിട്ടും തുറന്നു കൊടുക്കാന്‍ കഴിയാത്തതും മുണ്ടക്കയം ബൈപാസിന്റെ പണി ഇഴയുന്നതും വിവിധ റോഡുകളുടെ അറ്റകുറ്റപ്പണി വൈകുന്നതും ഈ ശീതസമരത്തിന്റെ ഭാഗമാണെന്നാണ് കരുതുന്നത്.

RELATED STORIES

Share it
Top