എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും പെരുമാറ്റച്ചട്ടം വേണം: വെങ്കയ്യ നായിഡു

ന്യൂഡല്‍ഹി: രാഷ്ട്രീയത്തിലും ഭരണഘടനാ സ്ഥാപനങ്ങളിലും ജനങ്ങള്‍ക്കുള്ള വിശ്വാസം ഉറപ്പുവരുത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അവരുടെ അംഗങ്ങള്‍ക്കും നിയമനിര്‍മാണ സഭയ്ക്ക് അകത്തും പുറത്തും പെരുമാറ്റച്ചട്ടം അനിവാര്യമാണെന്ന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു. തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലാണ് ഉപരാഷ്ട്രപതിയുടെ പരാമര്‍ശം. ഒരംഗം പാര്‍ട്ടി മാറുകയാണെങ്കില്‍ അയാള്‍ നിര്‍ബന്ധമായും സഭാംഗത്വം രാജിവയ്ക്കണം. കൂറുമാറ്റ നിയമം മൂന്നു മാസത്തിനുള്ളില്‍ പൂര്‍ണമായ അര്‍ഥത്തില്‍ നടപ്പാക്കണമെന്നും വെങ്കയ്യ നായിഡു പറഞ്ഞു. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ തിരഞ്ഞെടുപ്പ് പരാതികളും ക്രിമിനല്‍ക്കേസുകളും കൃത്യമായ സമയത്തിനുള്ളില്‍ തീര്‍പ്പാക്കണം. ആവശ്യമെങ്കില്‍ സുപ്രിംകോടതിയിലും ഹൈക്കോടതികളിലും ഇത്തരം കേസുകള്‍ കേള്‍ക്കാന്‍ പ്രത്യേക ബെഞ്ചുകള്‍ സ്ഥാപിക്കണം. വേണമെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ ഒരു ദേശീയ നയം തന്നെ കൊണ്ടുവരണമെന്നും വെങ്കയ്യനായിഡു പറഞ്ഞു. ജനാധിപത്യ സംസ്‌കാരം ശക്തിപ്പെടുത്തുന്നതില്‍ അമൂല്യമായ പങ്കാളിത്തമാണു മാധ്യമങ്ങള്‍ക്കുള്ളതെന്ന് പറഞ്ഞ ഉപരാഷ്ട്രപതി, അംഗങ്ങളുടെ മോശം കാര്യങ്ങളേക്കാള്‍ അവരുടെ നിര്‍ണായകമായ സംഭാവനകള്‍ക്കു മാധ്യമങ്ങള്‍ ഊന്നല്‍ നല്‍കണമെന്നും വ്യക്തമാക്കി.പാര്‍ലമെന്റിന്റെ അവസാന മണ്‍സൂണ്‍ സമ്മേളത്തെ സാമൂഹികനീതിക്കായുള്ള സമ്മേളനമെന്നു വിളിക്കപ്പെട്ടതിന് കാരണം പ്രാതിനിധ്യം കുറവുള്ളവര്‍ക്കു വേണ്ടി നിയമനിര്‍മാണം നടന്നതുകൊണ്ടാണ്. സത്രീശാക്തീകരണത്തിനായി വനിതാ സംവരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം രാഷ്ട്രീയപ്പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു.

RELATED STORIES

Share it
Top