എംഇഎസ് സംസ്ഥാന ജനറല്‍ കൗണ്‍സിലില്‍ ബഹളം

മലപ്പുറം: പെരിന്തല്‍മണ്ണ എംഇഎസ് മെഡിക്കല്‍ കോളജില്‍ ഇന്നലെ രാവിലെ ചേര്‍ന്ന എംഇഎസ് സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളവും വാഗ്വാദവും. സംസ്ഥാന പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂറിനെതിരേ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും രംഗത്തുവന്നതാണ് ബഹളത്തിനു കാരണം.യോഗം നടക്കുന്ന ഹാളിനു പുറത്തും മുന്നിലും പ്രത്യേകം രജിസ്‌ട്രേഷന്‍ കൗണ്ടറുകള്‍ സ്ഥാപിച്ച് ഒപ്പിടണമെന്ന് നിര്‍ബന്ധിച്ചത് പ്രശ്‌നങ്ങള്‍ക്കു കാരണമായി. യോഗഹാളിനു മുന്നില്‍ ക്യൂ നീണ്ടതോടെ അംഗങ്ങള്‍ ഒപ്പിടാതെ കൂട്ടത്തോടെ യോഗഹാളിലേക്ക് ഇരച്ചുകയറി. ഇത് തങ്ങളുടെ തകരാറാണെന്ന് സമ്മതിച്ച സംസ്ഥാന സെക്രട്ടറി പ്രഫ. പി ഒ ജെ ലബ്ബ, രജിസ്റ്റര്‍ ഒപ്പിടുന്നതിന് അംഗങ്ങള്‍ക്ക് എത്തിക്കുമെന്ന് പറഞ്ഞതോടെയാണ് പ്രശ്‌നം അവസാനിച്ചത്.
പതിവിനു വിപരീതമായി ആയിരത്തിലേറെ അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സേവ് എംഇഎസ് ഫോറം പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനവും സംസ്ഥാന പ്രസിഡന്റിനെതിരേ ആരോപണങ്ങളടങ്ങിയ കത്ത് എല്ലാ അംഗങ്ങള്‍ക്കും അയച്ചതും ജനറല്‍ കൗണ്‍സില്‍ യോഗത്തെ ശ്രദ്ധാകേന്ദ്രമാക്കിയിരുന്നു.
40ഓളം അംഗങ്ങള്‍ പ്രസിഡന്റിനെതിരായ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ രേഖാമൂലം അനുമതി തേടിയിരുന്നു. ലാപ്‌ടോപ് ഉപയോഗിച്ച് ഡോ. ഫസല്‍ ഗഫൂര്‍ പ്രതികരിക്കാന്‍ തുടങ്ങിയതോടെ ബഹളമുണ്ടായി.
ഫസലിന്റെ വിശദീകരണം ശരിയല്ലെന്നു പറഞ്ഞ് സദസ്സിലെ വലിയൊരു വിഭാഗം എണീറ്റുനിന്നു ചോദ്യങ്ങള്‍ ഉന്നയിച്ചു. സംസ്ഥാന പ്രസിഡന്റിനെതിരേ 40ഓളം ആരോപണങ്ങളാണ് എംഇഎസ് പ്രവര്‍ത്തകര്‍ ഉന്നയിച്ചത്.
കൃത്യമായ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ നിരന്തരം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ പെട്ടെന്ന് യോഗം അവസാനിപ്പിച്ചു. 12 മണിക്ക് ആരംഭിച്ച ജനറല്‍ കൗണ്‍സില്‍ 1 മണിയോടെ പിരിച്ചുവിട്ടു. പ്രസിഡന്റിനും നേതൃത്വത്തിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ക്കെതിരേ നിയമ നടപടി വേണമെന്ന പ്രമേയം യോഗം പാസാക്കണമെന്ന് യോഗം പിരിഞ്ഞ ശേഷം ഫസല്‍ ഗഫൂര്‍ ഉറക്കെ പ്രഖ്യാപിച്ചത് കേട്ടുവെന്ന് അംഗങ്ങള്‍ പറഞ്ഞു.
കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലയില്‍ നിന്നു പ്രസിഡന്റിനെ അനുകൂലിക്കുന്നവരെ യോഗത്തിന് എത്തിച്ചതായി സേവ് എംഇഎസ് ഫോറം പ്രവര്‍ത്തകര്‍ പറയുന്നു. എറണാകുളം, കൊടുങ്ങല്ലൂര്‍, എടത്തനാട്ടുകര, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നായി 500ഓളം പ്രവര്‍ത്തകരെയാണ് സേവ് ഫോറം പങ്കെടുപ്പിച്ചത്. സേവ് ഫോറം നേതാക്കളായ ഡോ. മഹ്ഫൂസ് റഹ്മാന്‍, ആബിദ് റഹ്മാന്‍, ഡോ. അമീര്‍ അഹ്മദ്, പ്രഫ. നൂറുദ്ദീന്‍, പ്രഫ. ശെയ്ഖ് മുഹമ്മദ് തുടങ്ങിയവരാണ് പ്രസിഡന്റിനെതിരേ സംസാരിച്ചത്.
സംഘടനയില്‍ ഡോ. ഫസല്‍ ഗഫൂറിന്റെ ഏകാധിപത്യ നീക്കങ്ങള്‍ക്കെതിരേ നിയമ നടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സേവ് ഫോറം ആലോചിക്കുന്നുണ്ട്. എന്നാല്‍, ജനറല്‍ബോഡിയിലും കത്തിലും സേവ് ഫോറം ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും ഡോ. പി എ ഫസല്‍ ഗഫൂര്‍ അക്കമിട്ട് മറുപടി പറഞ്ഞതായി എംഇഎസ് സംസ്ഥാന നേതൃത്വം അറിയിച്ചു. പരാതിയുള്ളവര്‍ക്ക് അവ ഉന്നയിക്കാനും പരിഹരിക്കാനും സംഘടനാപരമായ രീതികളുണ്ടെന്നും അവ നിഷേധിച്ചിട്ടില്ലെന്നും നേതൃത്വം വിശദീകരിച്ചു.

RELATED STORIES

Share it
Top