എംഇഎസ് കോളജുകളുടെ വളര്‍ച്ച തടയാന്‍ ഇടതു നീക്കം

പി വി മുഹമ്മദ് ഇഖ്ബാല്‍

തേഞ്ഞിപ്പലം: സംസ്ഥാനത്തൊട്ടാകെ എംഇഎസ് നിയന്ത്രണത്തിലുള്ള കോളജുകളുടെ പുരോഗതി തടസ്സപ്പെടുത്താന്‍ ഇടതുപക്ഷം നീക്കംതുടങ്ങി. പൊന്നാനി എംഇഎസ് കോളജില്‍ സമരം ചെയ്തതിന് പുറത്താക്കിയ എസ്എഫ്‌ഐക്കാരെ തിരിച്ചെടുക്കാതെ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നു കലാലയങ്ങളില്‍ വിദ്യാര്‍ഥിസമരങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തി ഹൈക്കോടതി ഉത്തരവിട്ടു. ഇതേതുടര്‍ന്നാണ് എംഇഎസ് കോളജുകള്‍ക്കെതിരേ ഇടതുപക്ഷം നീക്കംതുടങ്ങിയത്.
പൊന്നാനി കോളജില്‍ എസ്എഫ്‌ഐക്കേറ്റ തിരിച്ചടിയെ തുടര്‍ന്നുള്ള പ്രതികാരമായിരുന്നു മമ്പാട് എംഇഎസ് കോളജില്‍ മുന്‍ സിന്‍ഡിക്കേറ്റിന്റെ കാലത്ത് പരിശോധനാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ മാത്‌സ്, കൊമേഴ്‌സ്, കെമിസ്ട്രി, അറബിക് പഠനവകുപ്പുകള്‍ക്ക് ഡിസംബര്‍ മുപ്പതിന് ചേര്‍ന്ന യോഗത്തിലും ഗവേഷണ കേന്ദ്രത്തിന്റെ പദവി നല്‍കാതിരുന്നത്.
സിന്‍ഡിക്കേറ്റിലെ എസ്എഫ്‌ഐക്കാരനായ വിദ്യാര്‍ഥിപ്രതിനിധി ഗവേഷണകേന്ദ്രം അനുവദിക്കരുതെന്ന് ശക്തമായി ആവശ്യപ്പെട്ടത് അധ്യാപകരായ അംഗങ്ങള്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍, സിന്‍ഡിക്കേറ്റിലെ സിപിഐ അംഗം വിജയരാഘവന്‍ മമ്പാട് ഗവേഷണകേന്ദ്രം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും മറ്റുള്ളവര്‍ ഇത് ചെവികൊണ്ടില്ല.
നാല് പഠനവകുപ്പിന്റെയും നിയന്ത്രണമുള്ള അധ്യാപകര്‍ ഇടതു അധ്യാപക സംഘടനയായ എകെപിസിടിഎ നേതാക്കളാണ്. എംഇഎസിനോടുള്ള വിരോധമാണ് ഗവേഷണകേന്ദ്രത്തിന് അനുമതി നല്‍കാത്തതിനു പിന്നില്‍. പൊന്നാനി കോളജിലെ സമരമായിരുന്നു മണ്ണാര്‍ക്കാട് എംഇഎസിലേക്കും വ്യാപിച്ചത്.കഴിഞ്ഞ നവംബര്‍ 3, 5, 6, 7 തിയ്യതികളില്‍ മുന്നറിയിപ്പില്ലാതെ മണ്ണാര്‍ക്കാട് എംഇഎസില്‍ സമരം ചെയ്ത ഒരു എസ്എഫ്‌ഐക്കാരനെയും ഒരു എഐഎസ്എഫുകാരനെയും പുറത്താക്കി. സമരത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 20ന് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിടുകയും ചെയ്തു. കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത പിടിഎ യോഗത്തില്‍ കോളജ് ഈ മാസം മൂന്നിന് തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പോലിസ് സംരക്ഷണത്തിന് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
മണ്ണാര്‍ക്കാട് കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഒ പി സലാഹുദ്ദീനെ ചേംബറില്‍ കയറി ഡിവൈഎഫ്‌ഐക്കാര്‍ വധഭീഷണി മുഴക്കിയതായി പ്രിന്‍സിപ്പല്‍ മണ്ണാര്‍ക്കാട് പോലിസിനു പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ മാനേജ്‌മെന്റുമായി ഇടഞ്ഞ കൊടുങ്ങല്ലൂര്‍ അസ്മാബി കോളജിലെ ഇടതു അധ്യാപകസംഘാംഗമായ അധ്യാപകനെ മാനേജ്‌മെന്റ് പുറത്താക്കിയിട്ടുണ്ട്. ഇതോടെ എസ്എഫ്‌ഐയുടെയും ഇടതുപക്ഷത്തിന്റെയും ഭീഷണിക്കു വഴങ്ങി കോളജുകളുടെ പഠനനിലവാരം തകര്‍ക്കേണ്ടെന്നാണ് എംഇഎസിന്റെ നിലപാട്.
ഇടതുപക്ഷവുമായി രാഷ്ട്രീയമായി നല്ല ബന്ധം പുലര്‍ത്തിയിരുന്ന ഡോ. ഫസല്‍ഗഫൂറും സ്ഥാപനങ്ങള്‍ക്കെതിരായ സിപിഎം നീക്കത്തില്‍ കടുത്ത പ്രതിഷേധത്തിലാണ്. മുസ്‌ലിം വോട്ട് ബാങ്കിന് എല്‍ഡിഎഫിനൊപ്പം നിന്നിരുന്ന എംഇഎസിന്റെ നിലപാടുകള്‍ക്കനുകൂലമായി നിന്നില്ലെങ്കില്‍ കടുത്ത നഷ്ടമായിരിക്കും പാര്‍ട്ടിക്കുണ്ടാവുകയെന്നാണ് ഇടതുപക്ഷത്തിനൊപ്പമുള്ള സ്വതന്ത്ര മുസ്‌ലിം എംഎല്‍എമാരുടെ നിലപാട്.
എംഇഎസിനോടുള്ള ഇടതുപക്ഷത്തിന്റെ  പിടിവാശി അവസാനിപ്പിച്ചില്ലെങ്കില്‍ മറ്റു സംഘടനകളിലെ പങ്കാളിത്തത്തെപ്പറ്റി ആലോചിക്കേണ്ടിവരുമെന്നാണ് എംഇഎസ് സ്ഥാപനങ്ങളിലുള്ള ഇടതു അധ്യാപകസംഘടനാംഗങ്ങളുടെ നിലപാട്.

RELATED STORIES

Share it
Top