എംആര്‍എഫ് കേന്ദ്രത്തിനെതിരേ കൗണ്‍സിലര്‍മാരും; പദ്ധതി ഉപേക്ഷിച്ചു

മുക്കം: അഗസ്ത്യന്‍മുഴിയില്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി (എംആര്‍എഫ് ) കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാരും രംഗത്ത് വന്നതോടെ പദ്ധതി ഉപേക്ഷിച്ചു. പദ്ധതി നടപ്പിലാക്കാന്‍ നഗരസഭാ പരിധിയില്‍ ഇനി പുതിയ സ്ഥലം കണ്ടെത്തണം.
അഗസ്ത്യന്‍മുഴിയില്‍ പ്രവര്‍ത്തിക്കുന്ന മുക്കം മിനി സിവില്‍ സ്റ്റേഷനു പിന്‍വശത്താണ് എംആര്‍എഫ് കേന്ദ്രം ആരംഭിക്കാന്‍ സ്ഥലം കണ്ടെത്തിയിരുന്നത്. സീറോ വേസ്റ്റ് പദ്ധതിയുടെ ചുമതലയുള്ള അസിസ്റ്റന്റ് കളക്ടര്‍ സ്‌നേഹിത് കുമാര്‍ സിങിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ച ശേഷമാണ് സിവില്‍ സ്റ്റേഷനു പിന്നിലെ നാല് സെന്റ് സ്ഥലം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ നവംബര്‍ 20 നായിരുന്നു സന്ദര്‍ശനം.
പ്ലാസ്റ്റിക് ഉള്‍പ്പടെ അജൈവ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനും പുനഃചക്രമണം ചെയ്യുന്നതിനുമുള്ള സൗകര്യമൊരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. ഉപയോഗ ശൂന്യമായ പാസ്റ്റിക്  ഉത്പന്നങ്ങള്‍ റോഡ് പ്രവര്‍ത്തികള്‍ ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുമെന്നതായിരുന്നു പദ്ധതിയുടെ പ്രത്യേകത.എന്നാല്‍ മിനി സിവില്‍ സ്റ്റേഷനു തൊട്ടുപിന്നില്‍ കേന്ദ്രം ആരംഭിക്കുന്നതിനെതിരെ സിവില്‍ സ്റ്റേഷനിലെ ജീവനക്കാരും സമീപവാസികളും എതിര്‍പ്പറിയിച്ചതോടെയാണ് കൗണ്‍സില്‍ യോഗത്തില്‍ മുഴുവന്‍ കൗണ്‍സിലര്‍മാരും വിയോജിപ്പ് രേഖപ്പെടുത്തിയത്. കേവലം നാല് സെന്റ് സ്ഥലത്ത് പദ്ധതി യാഥാര്‍ഥ്യമാക്കുന്നതെങ്ങനെയെന്നും ഇവര്‍ ചോദിക്കുന്നു. ഇതോടെ അഗസ്ത്യന്‍മുഴിയില്‍ എംആര്‍എഫ് കേന്ദ്രം ആരംഭിക്കേണ്ടെന്ന് യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു.വിവിധ വകുപ്പുകളുടെ കീഴില്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയില്‍ 10 സെന്റ് എങ്കിലും സീറോ വേസ്റ്റ് പദ്ധതിയ്ക്കായി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് താത്കാലികമായി നല്‍കണമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
മുക്കം നഗരസഭയിലെ പച്ചക്കാട് പ്രദേശത്ത് ഏക്കറ് കണക്കിന് മിച്ചഭൂമിയാണുള്ളത്. ജനവാസം പൊതുവെ കുറവായ ഇവിടം പദ്ധതിയ്ക്ക് കൂടുതല്‍ അനുയോജ്യമായിരുന്നു. എംആര്‍എഫ് പദ്ധതിയ്ക്കായി പച്ചക്കാടിലെ മിച്ചഭൂമി നഗരസഭാ അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ടവര്‍ ഗൗനിച്ചില്ലെന്ന് ആരോപണമുണ്ട്.

RELATED STORIES

Share it
Top