എംആര്‍എഫ് കേന്ദ്രം മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം: നഗരസഭ

വടകര: സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി ജെടി റോഡില്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന എംആര്‍എഫ് കേന്ദ്രം പുതിയ ബസ് സ്റ്റാന്റിന് സമീപത്തെ മല്‍സ്യമാര്‍ക്കറ്റിലേക്ക് മാറ്റിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് നഗരസഭാ ചെയര്‍മാന്‍.
നഗരസഭയിലെ 47 വാര്‍ഡുകളില്‍ നിന്ന് ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ താല്‍കാലികമായി സംഭരിക്കാനും, വേര്‍തിരിക്കാനുമാണ് ഈ കെട്ടിടം ഉപയോഗിച്ചു വരുന്നത്. അല്ലാതെ നിലവില്‍ സ്ഥാപിക്കാനുദ്ദേശിച്ച സ്ഥലം മാറ്റി ഇവിടേക്ക് മാറ്റിയെന്ന വാര്‍ത്ത തികച്ചും കെട്ടിച്ചമച്ചതാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
സീറോ വേസ്റ്റ് പദ്ധതി ആരംഭിച്ച് ഇത്ര ദിവസം കൊണ്ട് എംആര്‍എഫ് കേന്ദ്രം സ്ഥാപിക്കണമെന്നായിരുന്നു തീരുമാനിച്ചത്. എന്നാല്‍ പദ്ധതിയെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് കൊണ്ട് നാട്ടുകാരെ സമര രംഗത്തേക്ക് ഇറക്കിയതാണ് കേന്ദ്രം സ്ഥാപിക്കാന്‍ വൈകാന്‍ കാരണം.
ഗ്രീന്‍സിറ്റി ക്ലീന്‍സിറ്റി സീറോ വേസ്റ്റ് പദ്ധതിയിലൂടെയാണ് വടകര നഗരത്തെ ശുചിത്വമാക്കാന്‍ നഗരസഭ തീരുമാനിച്ചത്.
ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള സ്ഥലമാണ് താല്‍കാലിക കേന്ദ്രം. ഇത് എംആര്‍എഫിനായി അനുവദിക്കുന്ന കാര്യം സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. എംആര്‍എഫ് കേന്ദ്രമായി ഈ കെട്ടിടത്തെ മാറ്റാനുള്ള തീരുമാനം എടുക്കാന്‍ നഗരസഭയ്ക്കാവില്ലെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി നഗരസഭാ കൗണ്‍സില്‍ ഐക്യകണ്‌ഠേന തീരുമാനിച്ച വടകര ജെടി റോഡിലെ കേന്ദ്രത്തെ ട്രഞ്ചിങ് ഗ്രൗണ്ടെന്ന് വിശേഷിപ്പിച്ച് പദ്ധതിയെ ഇല്ലാതാക്കാനുളള നീക്കവും നടന്നുവരികയാണ്.
നഗരസഭ മാലിന്യ മുക്തമാക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെയുള്ള പദ്ധതിയാണ് ആവിഷ്‌കരിച്ചത്.  ട്രഞ്ചിങ് ഗ്രൗണ്ടില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വേര്‍ തിരിവില്ലാതെ ഒരുമിച്ച് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ അത്യാധുനിക രീതിയില്‍ ശാസ്ത്രീയമായി കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക്കുകള്‍ രണ്ടാംഘട്ട തരംതിരിക്കലിനും സംസ്‌കരണത്തിനുമായാണ് എംആര്‍എഫ് കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ നഗരസഭ തീരുമാനിച്ചതെന്നും നഗരസഭാ ചെയര്‍മാന്‍ പറഞ്ഞു.

RELATED STORIES

Share it
Top