എംആര്‍എഫ് കേന്ദ്രം: പ്രതിഷേധം ശക്തമാക്കാന്‍ പൗരസമിതി തീരുമാനം

വടകര: ജെടി റോഡില്‍ നഗരസഭ സ്ഥാപിക്കാന്‍ പോകുന്ന  മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്റര്‍(എംആര്‍എഫ്)നെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കുന്നു. ഏതാനും ദിവസത്തിനുള്ളില്‍ റിലേ സത്യഗ്രഹം ആരംഭിക്കാനാണ് പൗരസമിതിയുടെ തീരുമാനം. സമര രംഗത്തുള്ളവര്‍ മാറി മാറി സത്യഗ്രഹമിരിക്കും. നിര്‍മാണം പുരോഗമിക്കുന്ന മാലിന്യ സംഭരണ കേന്ദ്രത്തിനു സമീപം സത്യാഗ്രഹ പന്തല്‍ ഉയര്‍ത്തിയിട്ടുണ്ട്. സമരത്തിന്റെ ഭാഗമായി നഗരസഭയില്‍ കൗണ്‍സില്‍ നടക്കുന്ന സമയത്ത് മുനിസിപ്പല്‍ ഓഫിസ് ഉപരോധമുള്‍പ്പെടെയുള്ള സമരങ്ങളെ കുറിച്ചും ജെടി റോഡ് പൗരസമിതി ആലോചിക്കുന്നുണ്ട്. ജനങ്ങളെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചു കൊണ്ടാണ് എംആര്‍എഫ് കേന്ദ്രം ജെടി റോഡില്‍ ആരംഭിക്കുന്നതെന്ന് പൗരസമിതിയുമായി ബന്ധപ്പെട്ടവര്‍ കുറ്റപ്പെടുത്തുന്നത്. സമരക്കാരുമായി ചര്‍ച്ച നടത്താനുള്ള മനസ്ഥിതി പ്രകടിപ്പിക്കുമ്പോള്‍ തന്നെ പോലിസിനെ ഉപയോഗിച്ച് സമരം നടത്തുന്നവരെ അറസ്റ്റ് ചെയ്യിക്കാനും നഗരസഭ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചുവെന്നും മാലിന്യ സംഭരണ കേന്ദ്രം വിഷയത്തില്‍ പ്രദേശവാസികളെ പൂര്‍ണമായും വഞ്ചിക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിച്ചതെന്നും പൗരസമിതി ഭാരവാഹികള്‍ ആരോപിച്ചു. നഗര മധ്യത്തില്‍ നിരവധി മാലിന്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്ന ജെടി റോഡ് പ്രദേശത്തു തന്നെ സംഭരണ കേന്ദ്രം വേണമെന്ന് വാശി പിടിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. പുതുക്കിയ മാസ്റ്റര്‍ പ്ലാനില്‍ പോലും നഗരസഭയുടെ ഉടമസ്ഥയിലുള്ള ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യ പ്ലാന്റ് നിര്‍മിക്കാനുള്ള നിര്‍ദേശം ഉണ്ട്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു സ്ഥലം നിലവിലുണ്ടായിട്ടും നഗര മധ്യത്തില്‍ തന്നെ എംആര്‍എഫ് കേന്ദ്രം വേണമെന്ന വാശി എന്തിനാണെന്നും ജെടി റോഡ് പൗരസമിതിയുമായി ബന്ധപ്പെട്ടവര്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. അതേസമയം സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ചെയര്‍മാന്‍ കെ ശ്രീധരന്‍ നടത്തിയ പ്രസ്താവനക്കെതിരെ യുഡിഎഫ് ശക്തമായി രംഗത്തു വന്നിട്ടുണ്ട്. സംഭരണ കേന്ദ്രവുമായി ബന്ധപ്പെട്ട്് ജനങ്ങളെ കബളിപ്പിക്കാനാണ് ചെയര്‍മാന്‍ ശ്രമിക്കുന്നതെന്ന് നഗരസ സഭാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍.

RELATED STORIES

Share it
Top