ഊര്‍ജ പ്രതിസന്ധിയില്‍ ഷോക്കടിച്ച് കേരളം ആഭ്യന്തര വൈദ്യുതോല്‍പാദനം കൂട്ടി

ടി   എസ്   നിസാമുദ്ദീന്‍
ഇടുക്കി: വന്‍തോതിലുള്ള ഊര്‍ജ പ്രതിസന്ധി മൂലം കനത്ത വേനലില്‍ പൊരിയുന്ന കേരളത്തിനു ഷോക്ക് ട്രീറ്റ്‌മെന്റ് കൂടി. സംസ്ഥാനത്തെ ഊര്‍ജമേഖലയെ അപ്പാടെ പ്രതിസന്ധിയിലാക്കി പുറത്തുനിന്നുള്ള വൈദ്യുതിക്കമ്മി പരിഹരിക്കാന്‍ ആഭ്യന്തര ഉല്‍പാദനം വര്‍ധിപ്പിച്ചിരിക്കുകയാണ്.
പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ ഇന്നലെ 150 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്തുണ്ടായത്. ഇതിനെ മറികടക്കാന്‍ 27.4065 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഇന്നലെ ആഭ്യന്തരമായി ഉല്‍പാദിപ്പിക്കേണ്ടിവന്നു. ഇതില്‍ 26.2689 ദശലക്ഷം യൂനിറ്റും ജലവൈദ്യുതിയായിരുന്നു. ഇടുക്കി പദ്ധതിയിലാണ് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ചത്. 11.298 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് പദ്ധതിയുടെ മൂലമറ്റം പവര്‍ഹൗസിലെ ഇന്നലത്തെ ഉല്‍പാദനം. പീക്ക് സമയം ഇടുക്കിയിലെ ഉല്‍പാദനം വീണ്ടും ഉയര്‍ത്തി. ഇതോടെ പൂര്‍ണ സംഭരണശേഷിയിലെത്തിയ മലങ്കര അണക്കെട്ടിന്റെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി.
കല്‍ക്കരി ഇല്ലാത്തതിനാല്‍ ഛത്തീസ്ഗഡിലെ ജിന്‍ഡാല്‍ പവര്‍ പ്ലാന്റില്‍ അടക്കം ഉല്‍പാദനം നിലച്ചതാണ് വന്‍ പ്രതിസന്ധിയിലേക്ക് കേരളത്തെ നയിച്ചത്. ബുധനാഴ്ച 300 മെഗാവാട്ടിന്റെ കുറവു വന്നിരുന്നു. ചെങ്കുളം പവര്‍ഹൗസിലെ സര്‍ജില്‍ ചോര്‍ച്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മാര്‍ച്ച് 18 മുതല്‍ പവര്‍ഹൗസ് അടച്ചിട്ടിരിക്കുകയാണ്. 49.847 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് ഇന്നലെ പുറത്തുനിന്ന് എത്തിച്ചത്. 62 ദശലക്ഷം യൂനിറ്റ് വരെ വൈദ്യുതി എത്തിക്കാനുള്ള ശേഷി നിലവില്‍ ഗ്രിഡിനുണ്ട്.
കേരളത്തിനു കേന്ദ്രവിഹിതമായി ദിവസവും 35 ദശലക്ഷം യൂനിറ്റ് വരെ ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പവര്‍ പര്‍ച്ചേസ് എഗ്രിമെന്റ് പ്രകാരം 25 ദശലക്ഷം യൂനിറ്റ് വരെ ലഭിക്കണം. ഇതിലാണ് രണ്ടു ദിവസമായി കുറവു വന്നിരിക്കുന്നത്. 1560 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള ജലമാണ് നിലവില്‍ കേരളത്തിലെ അണക്കെട്ടുകളിലുള്ളത്. ആകെ സംഭരണശേഷിയുടെ 38 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തേക്കാള്‍ 591.636 ദശലക്ഷം യൂനിറ്റിനുള്ള വെള്ളം കൂടുതലുണ്ട് എന്നതാണ് ആശ്വാസം. ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ് 2338.021 അടിയാണ്. ഇത് സംഭരണശേഷിയുടെ 36 ശതമാനമാണ്. 2.244 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇന്നലെ ഒഴുകിയെത്തി.
അതേസമയം, പുറത്തുനിന്ന് തുടര്‍ച്ചയായി വൈദ്യുതി ലഭിക്കാതിരുന്നാല്‍ കേരളത്തെ ഗുരുതരമായി ബാധിക്കും. ഇപ്പോള്‍ തന്നെ ദിവസത്തില്‍ നിരവധി തവണ വൈദ്യുതി മുടങ്ങുന്നുണ്ട്. കനത്ത വേനലില്‍ കേരളം ഉരുകുമ്പോള്‍ വൈദ്യുതോപഭോഗം വര്‍ധിക്കുകയേയുള്ളൂ. അതിനാല്‍ തന്നെ വൈദ്യുതിക്കമ്മി പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് വൈദ്യുതി വകുപ്പ് അധികൃതര്‍.

RELATED STORIES

Share it
Top