ഊര്‍ജിത നടപടികളുമായി ആരോഗ്യവകുപ്പ്

മലപ്പുറം: ജില്ലയില്‍ വീണ്ടും ഡിഫ്തീരയ മരണം റിപോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഊര്‍ജിത ബോധവല്‍ക്കരണ നടപടികളുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. കുത്തിവയ്‌പ്പെടുക്കേണ്ട ആവശ്യകത ചൂണ്ടികാട്ടിയാണ് ആരോഗ്യവകുപ്പ് ശക്തമായ ബോധവല്‍ക്കരണവുമായി രംഗത്തുള്ളത്. കഴിഞ്ഞ ദിവസമാണ് ഡിഫ്തീരിയ പിടിപെട്ട് പാങ്ങില്‍ നാലുവയസ്സുകാരന്‍ മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന കുട്ടി രോഗം കടുത്തതിനെതുടര്‍ന്ന് തിങ്കളാഴ്ച്ച മരണപ്പെടുകയായിരുന്നു. കുട്ടിക്ക് പ്രതിരോധ കുത്തിവയ്പുകള്‍ പൂര്‍ണമായി നല്‍കിയിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ജില്ലയില്‍ ഡിഫ്തീരിയ പിടിപ്പെട്ട് ഈ വര്‍ഷം രണ്ടാമത്തെ മരണമാണിത്. നേരത്തെ പൊന്നാനിയില്‍ ഏഴു വയസ്സുകാരന്‍ മരിച്ചിരുന്നു. 29 ഡിഫ്തീരിയ കേസുകള്‍ ജില്ലയില്‍ ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗ ലക്ഷണമുള്ള 150 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡിഫ്തീരിയ മരണം റിപോര്‍ട്ട് ചെയ്ത പാങ്ങില്‍ വീടുകളില്‍ ആരോഗ്യവകുപ്പ് ബോധവല്‍കരണം നടത്തുന്നുണ്ട്. നിലവില്‍ ഇവിടെ എംആര്‍ വാക്‌സിനേഷന്‍ കാംപയിന്‍ നടക്കുകയാണ്. ഇവരെ ഉപയോഗിച്ച് ബോധവല്‍ക്കരണവുമായി മുന്നോട്ടുപോവുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. സക്കീന പറഞ്ഞു. മറ്റുകുട്ടികളില്‍ രോഗം ലക്ഷണം ഉണ്ടോ എന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു.

RELATED STORIES

Share it
Top