ഊര്‍ങ്ങാട്ടിരി ഓടക്കയത്ത് വീണ്ടും ഉരുള്‍പൊട്ടല്‍

അരീക്കോട്: ഊര്‍ങ്ങാട്ടീരി ഗ്രാമപ്പഞ്ചായത്ത് ഓടക്കയം റിസര്‍വ് വനഭൂമിയോട് ചേര്‍ന്ന ഈന്തുപാലിയില്‍ വീണ്ടും ഉരുള്‍പൊട്ടി. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെ തുടര്‍ന്ന് രാത്രിയോടെയാണ് ഉരുള്‍പൊട്ടിയത്. കഴിഞ്ഞ മാസമുണ്ടായ ഉരുപൊട്ടലിനെ തുടര്‍ന്ന് ഏഴ് ആദിവാസകള്‍ മരിക്കാനിടയായ പ്രദേശത്തിന്റെ തൊട്ടടുത്ത കോളനിക്ക് സമീപമാണ് ഉരുള്‍പൊട്ടല്‍. വന്‍ പാറകല്ലും മണ്ണും റോഡിലേക്കെത്തി യാത്ര തടസ്സപ്പെട്ടു.
കഴിഞ്ഞ മാസത്തെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഈന്തുംപാലി കോളനിക്ക് സമീപം പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറികള്‍ നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നുവെങ്കിലും ആവശ്യമായ പഠനം നടത്താതെ വീണ്ടും തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്‍കുകയായിരുന്നു.
മണ്ണിടിച്ചിലാണ് സംഭവിച്ചതെന്ന് വരുത്തി തീര്‍ക്കാനുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ ശ്രമം സമീപ പ്രദേശങ്ങളിലെ ക്വാറി മാഫിയകളെ സംരക്ഷിക്കാനാണെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇന്നലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അടിഞ്ഞുകൂടിയ പാറക്കല്ലുകളും മറ്റും പുലര്‍ച്ചയോടെ നീക്കംചെയ്തതും ക്വാറി മാഫിയകള്‍ തന്നെയാണ്. റവന്യൂ, ജിയോളജി ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് മുമ്പായി ഇവ നീക്കം ചെയ്യുന്നത് ചോദ്യംചെയ്ത പരിസരവാസികളെ ക്വാറി മാഫിയാസംഘം കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അതീവ ദുര്‍ബല പ്രദേശമായ ഇവിടെ പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ നിര്‍ത്തിവയ്ക്കമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ അടക്കമുള്ളവര്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയില്ലാത്തതിനെ തുടര്‍ന്ന് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ക്ക് നിവേദനം നല്‍കി കാത്തിരിക്കുന്നതിനിടെയാണ് വീണ്ടും ഉരുള്‍പൊട്ടല്‍. ഏഴുപേര്‍ മരിക്കാന്‍ ഇടയായ പ്രദേശത്ത് ജിയോളജി വിഭാഗം പഠനം നടത്തുകയും പരിസ്ഥിതി ദുര്‍ബല പ്രദേശമായ ഇവിടെ ഖനനം നടത്തിയാല്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയേറെയാണെന്നും കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസത്തെ ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചിലാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമായിരുന്നു ബന്ധപ്പെട്ട വില്ലേജ് ഓഫിസറുടെ ഭാഗത്തുനിന്നു ഉണ്ടായത്.
ഇതിനെ തുടര്‍ന്ന് 1,600 പേര്‍ ക്യാംപില്‍ ദിവസങ്ങളോളം താമസിച്ചിരുന്നു. ഇവര്‍ക്കുള്ള ധനസഹായം നഷ്ടപ്പെടുത്തുന്ന റിപോര്‍ട്ടാണ് വില്ലേജില്‍ നിന്ന് സമര്‍പ്പിച്ചിട്ടുള്ളതെന്ന് ദുരന്തത്തിന് ഇരയായവര്‍ ആരോപിച്ചു. മഴ ശക്തമായാല്‍ ഈ മേഖലയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടാവുമെന്ന് വിലയിരുത്തപ്പെടുന്നു. ജിയോളജി വകുപ്പിന്റെ മുന്നറിയിറിപ്പില്‍ മേഖലയില്‍ 47 ശതമാനം ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ടെന്ന നിരീക്ഷണം നിലനില്‍ക്കേ വീണ്ടും ക്വാറികള്‍ക്ക് ജില്ലാ ഭരണകൂടം പ്രവര്‍ത്തനാനുമതി നല്‍കിയതില്‍ ജനകീയ പ്രതിഷേധം ശക്തമാണ്.

RELATED STORIES

Share it
Top