ഊര്‍ങ്ങാട്ടിരിയില്‍ ആദിവാസികളെ അധികൃതര്‍ കണ്ടില്ലെന്നുനടിക്കുന്നു

അരീക്കോട്: ഊര്‍ങ്ങാട്ടിരി ഓടക്കയം രണ്ടാം വാര്‍ഡില്‍പ്പെട്ട ഈന്തുപാലി ആദിവാസി കോളനിയെ അധികാരികള്‍ അവഗണിക്കുന്നു. ഇവിടെയുള്ള മാതയും വിധവയായ മകള്‍ ശാരദയും താമസിക്കാന്‍ സൗകര്യമില്ലാത്ത ചെറിയ കുടിലിലാണ് കഴിയുന്നത്. വീടിന് നിരന്തരമായ അപേക്ഷ നല്‍കിയിട്ടും ട്രൈബല്‍ ഡിപ്പാര്‍ട്ട്‌മെന്റും ഊര്‍ങ്ങാട്ടിരി പഞ്ചായത്തും അവഗണിക്കുകയാണന്ന് ആക്ഷേപമുയരുന്നുണ്ട്. തങ്ങള്‍ക്ക് വീട് അനുവദിക്കാന്‍ പഞ്ചായത്ത് വൈകിപ്പിക്കുകയാണന്ന് മാത തേജസിനോട് പറഞ്ഞു. ആദിവാസി പ്രമോട്ടര്‍ തൊട്ടടുത്താണ് താമസം. പ്രമോട്ടര്‍ ഇവര്‍ക്ക് വീടിന് ഫണ്ട് അനുവദിക്കാന്‍വേണ്ടി നിരന്തരം അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും പരിഗണിക്കപ്പെടാതെ അവഗണിക്കുകയാണ്.
ആദിവാസി ഫണ്ടുകള്‍ യഥേഷ്ടം ചിലവഴിക്കുന്നെങ്കിലും അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാവുന്നില്ലെന്ന് പരാതിയുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയിലാണ് ഇവരുടെ താമസം. മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായതു കൊണ്ട് മഴക്കാലത്ത് ഭീതിയോടെയാണ് ഇവര്‍ കഴിയുന്നത്. തൊട്ടടുത്ത് ക്വാറി ക്രഷര്‍ യൂനിറ്റും പ്രവര്‍ത്തിക്കുന്നത് ഭീഷണിയുണ്ട്.   ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള ഈ ഭാഗത്ത് സുരക്ഷിതത്വമില്ലാത്ത അവസ്ഥയില്‍ കഴിയുന്ന ഇവര്‍ക്ക് വീട് അനുവദിച്ചുനല്‍കാന്‍ വൈകിപ്പിക്കുന്നത് രാഷ്ട്രീയ താല്‍പര്യമാണെന്ന് ആക്ഷേപമുയരുന്നു. നൂറ് വയസ്സിലേറെ പ്രായമുള്ള മാതയുടെ അമ്മ ചിരുതയ്ക്ക്  വയോജനങ്ങള്‍ക്ക് സൗജന്യമായി നല്‍കുന്ന കട്ടില്‍ ഇതുവരെ ലഭിച്ചിട്ടില്ല. വഴി സൗകര്യം ലഭ്യമല്ലാത്തതു കൊണ്ട് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നതായും കോളനിക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top