ഊര്‍ങ്ങാട്ടിരിയില്‍ ആദിവാസി യുവാവിന്റേത് അസ്വഭാവികമരണം; ബന്ധുക്കള്‍ പരാതി നല്‍കി

അരീക്കോട്: ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പനമ്പിലാവ് കരിമ്പ് ആദിവാസി കോളനിയിലെ യുവാവായ സുരേഷിന്റെ (23) മരണത്തില്‍ സംശയം ഉണ്ടന്ന് ആരോപിച്ച് ബന്ധുക്കള്‍ ഇന്നലെ വൈകീട്ട് മലപ്പുറം കലക്ടര്‍ക്ക് പരാതി നല്‍കി. അരീക്കോട് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട പനമ്പിലാവില്‍ ആദിവാസി കോളനിക്കടുത്ത് ബിനുവെന്ന കുട്ടസ്സന്റെ ജോലിക്കാരനായിരുന്നു സുരേഷ്. ഞായറാഴ്ച ജോലിക്ക് പോയതിനുശേഷം മരത്തില്‍ നിന്ന് വീണെന്ന് പറഞ്ഞ് സ്ഥലമുടമ ബന്ധുക്കളെ വിവരമറിയിക്കാതെ ആശുപത്രിയിലെത്തിക്കുകയും പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും ചെയ്തു. മൃതദേഹം വീട്ടിലെത്തിക്കുമ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. കുട്ടസ്സന്‍ ഞായറാഴ്ച രാത്രിയില്‍ സുരേഷിന്റെ അമ്മാവനെ വിളിച്ച് മരണത്തില്‍ പരാതിയില്ല എന്ന് രേഖാമൂലം എഴുതി വാങ്ങിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
ബിനുവെന്ന കുട്ടസ്സന്‍ ആദിവാസികളെ തൊഴിലെടുപ്പിച്ചാല്‍ കൂലി നല്‍കാറില്ലന്നും ജോലിക്കാര്‍ക്ക് മദ്യം നല്‍കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് പരാതിപ്പെടാറില്ലെന്നുമാണ് ആദിവാസികളില്‍ നിന്നുള്ള വിവരം. ആദിവാസിയായ സുരേഷിനെ ഉപയോഗിച്ച് നിലമ്പൂരില്‍നിന്ന് റോഡ് വര്‍ക്കിന് എത്തിച്ച ടാര്‍ മോഷ്ടിപ്പിച്ചതിന് സുരേഷ് അടക്കമുള്ളവരുടെ പേരില്‍ കേസ് നിലവിലുണ്ട്. ഇന്നലെ വൈകീട്ട് അഞ്ചിന് അരീക്കോട് പോലിസ് വിവരമറിഞ്ഞ് കോളനിയിലെത്തുകയും ഇന്നലെ രാത്രി എട്ടിന് പോലിസിന്റെ സാനിധ്യത്തില്‍ മൃതദേഹം മറവു ചെയ്യുകയുമായിരുന്നു. അരീക്കോട് സ്‌റ്റേഷന്‍ പരിതിയില്‍പ്പെട്ട ഊര്‍ങ്ങാട്ടിരി പനമ്പിലാവ് കോളനിയില്‍ നടന്ന മരണം നടപടിക്രമം പൂര്‍ത്തിയാക്കിയത് മുക്കം സ്‌റ്റേഷനില്‍ നിന്നായതുകൊണ്ട് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്നാണ് അരീക്കോട് സ്‌റ്റേഷനില്‍ നിന്നുള്ള വിവരം. ഇന്നലെ വൈകീട്ട് ജില്ലാ കലക്ടര്‍ക്ക് ബന്ധുക്കള്‍ പരാതി സമര്‍പ്പിക്കുകയും തുടരന്വേഷണം ആവശ്യപ്പെടുകയും ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു.

RELATED STORIES

Share it
Top