ഉല്‍സവത്തിനിടെ തിടമ്പേറ്റിയ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി

ചാലക്കുടി: ഉല്‍സവസമാപനത്തോടനുബന്ധിച്ചുള്ള ആറാട്ടിനായി ഭഗവതിയുടെ തിടമ്പേറ്റിപോയ ആന നടുറോഡില്‍ വെച്ച് ഇടഞ്ഞത് പരിഭ്രാന്തി പരത്തി. പ്രദേശവാസികളെ മണിക്കൂറോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയ കൊമ്പനെ പിന്നീട് സ്വകാര്യവ്യക്തിയുടെ പറമ്പില്‍ പാപ്പാന്‍മാര്‍ തളച്ചു. പോട്ട ആശ്രമം ജംഗ്ഷന് സമീപത്ത് വച്ച് ഞായറാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. വി ആര്‍ പുരം ശ്രീധര്‍മ്മശാസ്താ ക്ഷേത്രത്തിലെ ഉല്‍സവ സമാപനത്തിന്റെ ഭാഗമായി ഞായറാഴ്ച ആറാട്ടിനായി പോവുകയായിരുന്ന മാവേലിക്കര ശ്രീകണ്ഠന്‍ ആനയാണ് പേടിച്ചോടിയത്. ആശ്രമം ജംഗ്ഷനില്‍ നിന്നും സര്‍വ്വീസ് റോഡ് വഴി കാടുകുറ്റി അറങ്ങാലി കടവിലേക്ക് ആറാട്ടുമുങ്ങാനായി പോവുകയായിരുന്നു എഴുന്നളിപ്പ് സംഘം. ഇതിനിടെ ദേശീയപാതയിലൂടെ ഒരു ആംബുലന്‍സ് പാഞ്ഞുപോയി. ആംബുലന്‍സിന്റെ ഉച്ചത്തിലുള്ള സൈറന്‍ കേട്ട് ഭയന്ന ആന സമീപത്തെ പാടത്തേക്ക് എടുത്ത് ചാടുകയായിരുന്നു. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്രം മേല്‍ശാന്തി ബിജീഷ് ശാന്തി ആനപ്പുറത്ത് നിന്നും താഴേക്ക് വീണു. ഇയാളെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ത്രീകളടക്കമുള്ള എഴുന്നള്ളിപ്പ് സംഘം ചിതറി ഓടി. പാടശേഖരത്തിലെ ചതുപ്പിലൂടെ ഓടിയ ആനയെ കുറേ നേരത്തെക്ക് കാണാതായത് വീണ്ടും പരിഭ്രാന്തിക്ക് കാരണമായി. പാടത്ത് നിന്നും കയറിയ ആന സ്വകാര്യവ്യക്തികളുടെ പറമ്പിലൂടെ ഓടി പലവട്ടം റോഡരികിലേക്കും എത്തി. പോട്ട ആശ്രമം പള്ളിയിലെ ദിവ്യബലികഴിഞ്ഞ് വരികയായിരുന്ന വിശ്വാസികള്‍ ആനയെ കണ്ട് ഭയന്നോടി. ഓടുന്നതിനിടെ പലരും റോഡില്‍ വിഴുകയും ചെയ്തു. റോഡ് മാര്‍ഗം ആന വരാതിരുന്നത് വന്‍ വിപത്ത് ഒഴിവാക്കി. ഓട്ടത്തിനിടെ ആന പോട്ട പുല്ലന്‍ ജോസിന്റെ മതിലും ഗേയ്റ്റുമടക്കം നിരവധിപേരുടെ മതിലുകളും തകര്‍ത്തു. പലരുടേയും കൃഷിയിടത്തിലെ ജാതി, കവുങ്ങ്, തെങ്ങ്, മാവ് തുടങ്ങിയ വിളകളും ആന ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. അരമണിക്കൂറിന് ശേഷം ആന രണ്ട് കിലോമീറ്ററോളം അകലെയുള്ള പ്രശാന്തി ആശുപത്രിക്ക് പിന്നിലെ സ്വകാര്യവ്യക്തിയുടെ പറമ്പിനടുത്ത് കാണപ്പെട്ടു. പലരുടേയും വീട്ടുമുറ്റത്ത് കൂടി കടന്നപോയ ആന പോട്ട പറമ്പിക്കാട്ടില്‍ ജനീഷിന്റെ വീട്ടുമുറ്റത്തെ മാവ് ഒടിച്ചിട്ടു. ഇവിടെ പാര്‍ക്ക് ചെയ്തിരുന്ന ജനീഷിന്റെ സുഹൃത്ത് മഠത്തിപറമ്പില്‍ ദിനേശന്റെ ആക്ടീവ സ്‌കൂട്ടറും ആന തകര്‍ത്തു. തുടര്‍ന്ന് ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കവുങ്ങ് തോട്ടത്തില്‍ ആന നിലയുറപ്പിച്ചു. കുട്ടികളടക്കമുള്ളവര്‍ വീട്ടുമുറ്റത്ത് നില്‍ക്കുന്ന സമയത്താണ് ആന ഇതുവഴി ഓടിയത്. തലനാരിഴക്കാണ് പലരും രക്ഷപ്പെട്ടത്. ആന കവുങ്ങ് തോട്ടത്തില്‍ നിലയുറപ്പിച്ചതോടെ പാപ്പാന്‍മാര്‍ സ്ഥലത്തെത്തി ആനയെ ശാന്തനാക്കി തളച്ചു. നെറ്റിപ്പട്ടവും ഭഗവതിയുടെ തിടമ്പും ആനപ്പുറത്ത് തന്നെയുണ്ടായിരുന്നു. എന്നാല്‍ ഭഗവതിയുടെ തിരുസ്വരൂപം ഓട്ടത്തിനിടയില്‍ വഴിയില്‍ തെറിച്ചുപോയി. തിരുസ്വരൂപം പിന്നീട് ഒരു പറമ്പില്‍ നിന്നും കണ്ടെത്തി. പോലിസ്, വനംവകുപ്പ് ഉദ്യോഗസ്ഥരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു.

RELATED STORIES

Share it
Top