ഉല്‍പ്പാദനം കൂട്ടി പ്രതിസന്ധി പരിഹരിച്ച് വൈദ്യുതി ബോര്‍ഡ്‌

സി എ സജീവന്‍
തൊടുപുഴ: കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതി ഇറക്കുമതി കുറഞ്ഞതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വൈദ്യുതോല്‍പാദനം കൂട്ടി. സംസ്ഥാനത്തെ വൈദ്യുതോല്‍പാദനത്തില്‍ അഞ്ചു ദശലക്ഷം യൂനിറ്റിന്റെ വര്‍ധനയാണ് വരുത്തിയത്. കനത്ത മഴയില്‍ ജാബുവയുള്‍െപ്പടെയുള്ള രണ്ടു കല്‍ക്കരി സ്റ്റേഷനുകളിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് വൈദ്യുതിയുടെ വരവ് കുറഞ്ഞത്.
150 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണ് ഉണ്ടായത്. കനത്ത മഴയെത്തുടര്‍ന്ന് കല്‍ക്കരി നനഞ്ഞതിനെ തുടര്‍ന്ന് ഉല്‍പാദനം കുറവാണെന്നു ബന്ധപ്പെട്ടവര്‍ നേരത്തേ വൈദ്യുതി ബോര്‍ഡിനെ അറിയിച്ചിരുന്നു. സാധാരണ നിലയില്‍ ഇങ്ങനെ കുറവുവന്നാല്‍ മറ്റു സ്റ്റേഷനുകളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. എന്നാല്‍, ഇത്തവണ ഇടുക്കിയുള്‍െപ്പടെയുള്ള ഡാമുകളില്‍ ഉല്‍പാദനം ഉയര്‍ത്തി ഇറക്കുമതി ഒഴിവാക്കാനായത് വൈദ്യുതി ബോര്‍ഡിന്റെ നേട്ടമാണ്.
27.8424 ദശലക്ഷം യൂനിറ്റ് വൈദ്യുതിയാണ് സംസ്ഥാനത്ത് ഉല്‍പാദിപ്പിച്ചത്. ശരാശരി 22.9061 ദശലക്ഷം യൂനിറ്റായിരുന്നു സംസ്ഥാനത്തിന്റെ ശരാശരി ഉല്‍പാദനം. എന്നാല്‍, 49363 ദശലക്ഷം യൂനിറ്റ് വൈദ്യുതി കൂടുതല്‍ ഉല്‍പാദിപ്പിച്ചാണ് കേരളം ഇറക്കുമതിയിലെ കുറവ് മൂലമുണ്ടായ പ്രതിസന്ധിയെ അതിജീവിച്ചത്.
ഇടുക്കിയില്‍ രണ്ടു ദിവസത്തേക്കു കൂടി കൂടിയ തോതില്‍ ഉല്‍പാദിപ്പിക്കേണ്ടി വരുമെന്നാണ് കരുതുന്നത്. തുടരുന്ന കനത്ത മഴയാണ് കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ബോര്‍ഡിന് കരുത്ത് നല്‍കുന്നത്.  ഇടുക്കി ഒഴികെയുള്ള എല്ലാ ഡാമുകളിലും പൂര്‍ണതോതില്‍ ഉല്‍പാദനം നടന്നുവരുകയാണെന്നു വൈദ്യുതി ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.  വേനല്‍ മുന്നില്‍ക്കണ്ട് സംഭരിച്ചുവയ്ക്കുക എന്ന പതിവ് സമ്പ്രദായം ഉപേക്ഷിച്ചാണ്  വൈദ്യുതി ഉല്‍പാദനം ഉയര്‍ത്തിയത്. വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത് തുടരണോയെന്ന കാര്യത്തില്‍ വൈദ്യുതി ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല.  കേന്ദ്ര പൂളില്‍ നിന്നുള്ള കുറവ് നികത്തുന്നതു വരെ ഇടുക്കിയില്‍ ഉല്‍പാദനം കൂട്ടുന്നതിനാണ് ഇപ്പോഴത്തെ തീരുമാനം.

RELATED STORIES

Share it
Top