ഉല്‍പന്നം മാറി നല്‍കി; ഫഌപ്കാര്‍ട്ടില്‍ വിളിച്ചപ്പോള്‍ കിട്ടിയതു ബിജെപി അംഗത്വം

കൊല്‍ക്കത്ത: പ്രമുഖ ഓ ണ്‍ലൈന്‍ വ്യാപാര കമ്പനിയായ ഫഌപ്കാര്‍ട്ടില്‍ ഹെഡ്‌ഫോണ്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയ ആള്‍ക്ക് ലഭിച്ചത് എണ്ണക്കുപ്പി. പരാതി പറയാനായി കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചപ്പോള്‍ ബിജെപി അംഗത്വവും കിട്ടി.
കൊല്‍ക്കത്തക്കാരനായ ഒരു ഫുട്‌ബോള്‍ ആരാധകനാണു വീട്ടുകാരെ ശല്യപ്പെടുത്താതെ ഫുട്‌ബോള്‍ ലോകകപ്പ് കാണാനായി ഹെഡ്‌ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. രണ്ടുസെറ്റ് ഹെഡ്‌ഫോണാണ് ഇയാള്‍ ഫഌപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ എണ്ണക്കുപ്പിയാണ് കിട്ടിയത്.
തുടര്‍ന്ന് പൊതിയില്‍ രേഖപ്പെടുത്തിയ ഫഌപ്കാര്‍ട്ടിന്റെ കസ്റ്റമര്‍കെയര്‍ നമ്പറിലേക്ക് വിളിച്ചെങ്കിലും ആദ്യം ഫോണ്‍ എടുത്തില്ല. വീണ്ടും വിളിക്കുന്നതിനിടയിലാണ് ബിജെപിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടുള്ള സന്ദേശം ലഭിച്ചത്.  ബിജെപിയുടെ പ്രാഥമിക അംഗത്വ നമ്പറും സന്ദേശത്തിലുണ്ടായിരുന്നു. അംഗത്വമെടുക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനു പേരും വിലാസവും പിന്‍കോഡും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ എസ്എംഎസ് അയക്കാനായിരുന്നു നിര്‍ദേശം. തുടര്‍ന്നും കമ്പനിയിലേക്ക് വിളിച്ചെങ്കിലും ഇതേ സന്ദേശങ്ങള്‍ തന്നെയാണു മൊബൈലിലെത്തിയത്.
പിന്നീട് ഫഌപ്കാര്‍ട്ടിന്റെ നമ്പര്‍ ഓണ്‍ലൈനില്‍ നിന്നെടുത്ത് വിളിച്ച് അറിയിച്ചു. കമ്പനി ഉടനെ തന്നെ ഇയാള്‍ക്ക് ഹെഡ്‌ഫോണ്‍ അയച്ചുകൊടുത്തു. അബദ്ധത്തില്‍ പറ്റിയതാണെന്നും കമ്പനി ഇയാളെ അറിയിച്ചു. അതേസമയം ഫഌപ്കാര്‍ട്ടിന്റെ പാക്കറ്റില്‍ ബിജെപിയുടെ അംഗത്വ നമ്പര്‍ എങ്ങനെ വന്നെന്ന് അറിയില്ലെന്ന് ബിജെപി ബംഗാള്‍ ഘടകം പറഞ്ഞു.
മുമ്പ് കസ്റ്റമര്‍ കെയര്‍ നമ്പറായി ഉപയോഗിച്ച നമ്പറാണ് ഇതെന്നും പിന്നീട് നമ്പര്‍ ഉപേക്ഷിച്ചെന്നുമാണ് ഫഌപ്കാര്‍ട്ട് പ്രതികരിച്ചത്. ആറു മാസമായി ഉപയോഗത്തിലില്ലാത്ത ഈ നമ്പര്‍ കമ്പനി മറ്റാര്‍ക്കെങ്കിലും നല്‍കിയതാവാമെന്നും അവര്‍ പറയുന്നു.

RELATED STORIES

Share it
Top