ഉറപ്പുകള്‍ പാലിച്ചില്ല; നാവിക അക്കാദമി അധികൃതര്‍ക്ക് വക്കീല്‍ നോട്ടീസ്

പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മലിനജല പ്ലാന്റിനെതിരേ നടന്ന ജനകീയ പ്രക്ഷോഭം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഒപ്പുവച്ച കരാറിലെ വ്യവസ്ഥകള്‍ നടപ്പാക്കാത്തതിനെതിരേ നാവിക അക്കാദമി അധികൃതര്‍ക്ക് സമരക്കാര്‍ വക്കീല്‍ നോട്ടീസ് അയച്ചു.
അക്കാദമി കമാന്‍ഡന്റ് എസ് വി ബുഖാറെ, കമാന്‍ഡിങ് ഓഫിസര്‍ കമലേഷ് കുമാര്‍ എന്നിവര്‍ക്കാണു അഡ്വ. എം വി അമരേശന്‍ മുഖേന ജനാരോഗ്യ സംരക്ഷണ സമിതി ഭാരവാഹികള്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനവും നല്‍കി. രാമന്തളിയിലെ കിണറുകള്‍ മലിനപ്പെടുത്തുന്ന നാവിക അക്കാദമിയിലെ മാലിന്യപ്ലാന്റ് അടച്ചുപൂട്ടുക എന്നാവശ്യപ്പെട്ട് അക്കാദമി ഗേറ്റിന് മുന്നില്‍ 85 ദിവസമായി നടത്തിവന്ന സമരം കേരളമാകെ ചര്‍ച്ചയായിരുന്നു.
മുഖ്യമന്ത്രിയും മുതിര്‍ന്ന നാവിക ഉദ്യോഗസ്ഥരും ഇടപെട്ട സമരം 2017 മെയ് 24നായിരുന്നു അവസാനിപ്പിച്ചത്. ഇതിനു മുന്നോടിയായി നാവിക അക്കാദമി കമാന്‍ഡന്റ് എസ് വി ബുഖാറെ, കമാന്‍ഡിങ് ഓഫിസര്‍ കമലേഷ് കുമാര്‍ എന്നിവരുമായി സമരസമിതി ഭാരവാഹികള്‍ ചര്‍ച്ച നടത്തിയിരുന്നു.
പ്ലാന്റിലെത്തുന്ന മാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്ന ഡീ സെന്‍ട്രലൈസേഷന്‍ പ്രവൃത്തി എട്ടുമാസത്തിനകം പൂര്‍ത്തിയാക്കുമെന്നായിരുന്നു കരാറിലെ പ്രധാന ഉറപ്പ്. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും പ്രാരംഭ നടപടികള്‍ പോലും ഉണ്ടായില്ല. പ്ലാന്റിന്റെ പൈപ്പ്‌ലൈനില്‍ ചോര്‍ച്ച തടയാനുള്ള പ്രവൃത്തികളും നടന്നില്ല.
ടൂ ട്രെയിന്‍ മെത്തേഡില്‍ ഒരു ടാങ്ക് വൃത്തിയാക്കുമ്പോള്‍ മറ്റേ ടാങ്കില്‍ വെള്ളം ശേഖരിക്കുമെന്ന നിബന്ധനയും പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ജനാരോഗ്യ സംരക്ഷണ സമിതി അടിയന്തര യോഗം ചേര്‍ന്ന് നിയമനടപടികളുമായി മുന്നോട്ടുപോവാന്‍ തീരുമാനിച്ചത്.

RELATED STORIES

Share it
Top