ഉറങ്ങിക്കിടന്ന യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി

കണ്ണൂര്‍: എടക്കാട് പോലിസ് സ്റ്റേഷന്‍ പരിധിയിലെ പെരളശ്ശേരി മാവിലായി കുഴിക്കലായിയില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. പാറപ്രം സ്വദേശിനി പനത്തറ വീട്ടില്‍ ശ്രീലത (43)യാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പ്രദീപ (45)നെ കസ്റ്റഡിയിലെടുത്തു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം. വീട്ടിലെ കൊടുവാള്‍ ഉപയോഗിച്ചാണ് കൊല നടത്തിയത്. വെട്ടേറ്റു കഴുത്ത് അറ്റ നിലയിലാണ്.
വെട്ടുന്നതിനിടയില്‍ ചുവരില്‍ മാംസം ചിതറിത്തെറിച്ചു. ബഹളം കേട്ടു തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന മക്കളെത്തിയപ്പോള്‍ കട്ടിലില്‍ രക്തത്തില്‍ കുളിച്ചുകിടക്കുന്ന അമ്മയെയാണു കണ്ടത്. നിലവിളി കേട്ടെത്തിയ അയല്‍വാസികള്‍ പോലിസിനെ വിളിച്ചുവരുത്തി.പ്രതിയെ നാട്ടുകാര്‍ തടഞ്ഞു പോലിസിലേല്‍പിച്ചു. കിണര്‍കുഴിക്കല്‍ തൊഴിലാളിയായ ഇയാള്‍ സ്ഥിരം മദ്യപിക്കാറുണ്ടത്രെ. വീടുനിര്‍മാണവുമായി ബന്ധപ്പെട്ടു കടുത്ത സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്ക് പതിവാണ്.
വഴക്ക് മൂര്‍ച്ഛിച്ചതിനാല്‍ കഴിഞ്ഞ ദിവസം പ്രദീപന്‍ വിട്ടിറങ്ങിയിരുന്നു. തുടര്‍ന്ന്, സഹോദരങ്ങള്‍ ഇയാളെ കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. പ്രദീപനും സഹോദരങ്ങളും ഒരു പരാതിയും ശ്രീലത മറ്റൊരു പരാതിയും പോലിസില്‍ നല്‍കിയിരുന്നു. പോലിസ് അന്നു വൈകീട്ട് ഇരുകൂട്ടരെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി അനുരഞ്ജന ചര്‍ച്ച നടത്തി.
തുടര്‍ന്ന്, ഇന്നലെ രാത്രിയും പ്രദീപനും ശ്രീലതയും തമ്മില്‍ വീണ്ടും വഴക്കുണ്ടായി. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആഴത്തില്‍ അഞ്ചിലധികം വെട്ടേറ്റ യുവതി തദ്ക്ഷണം മരിച്ചു.
മൃതദേഹം കതിരൂരിലെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. പാറപ്രം കള്ളുഷാപ്പിനടുത്ത അച്യുതന്റെയും രോഹിണിയുടെയും മകളാണ് ശ്രീലത. മുഴപ്പിലങ്ങാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി ശ്രദ്ധ, ചെറുമാവിലായി യുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രേയ എന്നിവര്‍ മക്കളാണ്.

RELATED STORIES

Share it
Top