ഉറങ്ങിക്കിടന്നവര്‍ക്കുമേല്‍ ബസ് കയറി; ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ പെട്രോള്‍ പമ്പിനു പിറകിലെ മൈതാനിയില്‍ ഉറങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ദേഹത്ത് സ്വകാര്യ ബസ് കയറി രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്കു പരിക്കേറ്റു.
ചത്തീസ്ഗഡ് ഹുറെ മാന്‍പൂര്‍ സ്വദേശി മാന്‍കുവിന്റെ മകന്‍ സുരേഷ് ഗൗഡ (15), ചത്തീസ്ഗഡ് പരാലി ധനിറാമിന്റെ മകന്‍ ബല്ലിഷോരി (18) എന്നിവരാണു മരിച്ചത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ചത്തീസ്ഗഡ് മാന്‍കൂര്‍ സ്വദേശി രാജേഷി (18)നെ ഗുരുതര പരിക്കുകളോടെ വട്ടമ്പലം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയാണു ദുരന്തം. മൈതാനത്ത് നിര്‍ത്തിയിട്ടിരുന്ന മണ്ണാര്‍ക്കാട്-തൃശൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സെന്റ് സേവ്യര്‍ ബസ് രാവിലെ പുറപ്പെടാനായി എടുത്തപ്പോഴാണ് അപകടം. മരിച്ച രണ്ടു പേരുടെയും തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. പരിക്കേറ്റ രാജേഷ് ഗൗഡയുടെ കാലിലൂടെയാണ് ബസ് കയറിയത്. മൂവരും കുഴല്‍ക്കിണര്‍ തൊഴിലാളികളാണ്. കുന്തിപ്പുഴയിലെ പഴേരി പെട്രോള്‍ പമ്പിന് പിന്നിലെ മൈതാനിയിലാണ് ഇവര്‍ ഉറങ്ങാറ്. ഇവിടെ രാത്രിയില്‍ സ്ഥിരമായി ചില ബസ്സുകള്‍ നിര്‍ത്തിയിടാറുണ്ട്.
തലേദിവസം അര്‍ധരാത്രിയോടെ ജോലി കഴിഞ്ഞെത്തിയ ഇവര്‍ സെന്റ് സേവ്യര്‍ ബസ്സിനു സമീപം കിടന്നുറങ്ങുകയായിരുന്നു. പുലര്‍ച്ചെ ബസ് പുറപ്പെടാനായി റിവേഴ്‌സ് എടുത്തപ്പോള്‍ ഇവര്‍ക്കുമേല്‍ കയറിയിറങ്ങുകയായിരുന്നു. അപകടദൃശ്യം പെട്രോള്‍ പമ്പിന്റെ സിസി ടിവി കാമറയില്‍ പതിഞ്ഞിട്ടുണ്ട്. രാജേഷിന്റെ കരച്ചില്‍ കേട്ടെത്തിയ മറ്റു തൊഴിലാളികളാണു പോലിസിനെ വിവരം അറിയിച്ചത്. സംഭവമറിയാതെ ബസ് പോവുന്നതും സിസി ടിവിയില്‍ വ്യക്തമാണ്.
മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടത്തിനായി പാലക്കാട്ടേക്ക് കൊണ്ടുപോയി. ബസ് ഡ്രൈവര്‍ തൃശൂര്‍ സ്വദേശി ജോയിയെ പോലിസ് കസ്റ്റഡിയിലെടുത്തു.

RELATED STORIES

Share it
Top