ഉര്‍ദുഗാന് വന്‍ ഭൂരിപക്ഷം

ആങ്കറ: തുര്‍ക്കിയില്‍ പകുതിയിലേറെ ജനങ്ങളുടെ പിന്തുണയോടെ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വീണ്ടും അധികാരത്തിലേക്ക്. തുര്‍ക്കി പ്രസിഡന്റ്് ഭരണത്തിലേക്കു മാറിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പില്‍ 52.59 ശതമാനം വോട്ടുനേടിയാണ് ഉര്‍ദുഗാന്‍ വിജയിച്ചത്. പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹര്‍റം ഇന്‍സിക്ക് 30.64 ശതമാനം വോട്ടുകളെ നേടാനായുള്ളൂ. പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ എകെ പാര്‍ട്ടിയും വലതുപക്ഷ നാഷനലിസ്റ്റ് മൂവ്‌മെന്റ് പാര്‍ട്ടി (എംഎച്ച്പി)യും ഉള്‍പ്പെടുന്ന പീപ്പിള്‍സ് അലയന്‍സും പ്രതിപക്ഷമായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ (സിഎച്ച്പി) നേതൃത്വത്തിലുള്ള നാഷനല്‍ അലയന്‍സും തമ്മിലായിരുന്നു പ്രധാന മല്‍സരം.
99.2 ശതമാനം വോട്ടുകള്‍ എണ്ണിയപ്പോള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ പീപ്പിള്‍സ് അലയന്‍സ് 53.66 ശതമാനം വോട്ടും നാഷനല്‍ അലയന്‍സ് 33.94 ശതമാനം വോട്ടും നേടിയതായി സുപ്രിം ഇലക്ഷന്‍ കൗണ്‍സില്‍ മേധാവി സാദി ജുവീന്‍ അറിയിച്ചു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്റെ എകെ പാര്‍ട്ടി 42.5 ശതമാനം വോട്ടും സഖ്യകക്ഷിയായ എംഎച്ച്പി 11 ശതമാനം വോട്ടുമാണ് നേടിയത്. സിഎച്ച്പിക്ക് 23 ശതമാനം വോട്ടേ ലഭിച്ചുള്ളൂ.
ഫലം പുറത്തുവന്നതോടെ ആയിരങ്ങള്‍ ആഹ്ലാദപ്രകടനവുമായി തെരുവിലിറങ്ങി. തുര്‍ക്കിയില്‍ മുമ്പത്തേക്കാള്‍ ഇരട്ടി അധികാരത്തോടെ ഭരണത്തിലേറുന്ന ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റാവും ഉര്‍ദുഗാന്‍. രാജ്യത്ത് ജനാധിപത്യം വിജയിച്ചതായി ഉര്‍ദുഗാന്‍ പ്രതികരിച്ചു.  ജനങ്ങളോട് അദ്ദേഹം നന്ദി പറഞ്ഞു.
ഫലം അംഗീകരിക്കുന്നതായി പ്രതിപക്ഷ സ്ഥാനാര്‍ഥി മുഹര്‍റം ഇന്‍സി അറിയിച്ചു. രാജ്യത്തെ എട്ടുകോടി ജനങ്ങളെ ഉര്‍ദുഗാന്‍ നയിക്കുമെന്നും അദ്ദേഹം തങ്ങളുടെ എല്ലാവരുടെയും പ്രസിഡന്റായിരിക്കുമെന്നും ഇന്‍സി കൂട്ടിച്ചേര്‍ത്തു. അതേസമയം, വോെട്ടണ്ണലില്‍ കൃത്രിമം ആരോപിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി.
ഇത് ഭരണകൂടം നിഷേധിച്ചു. ജൂലൈ അഞ്ചിനായിരിക്കും ഔദ്യോഗിക ഫലപ്രഖ്യാപനമെന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

RELATED STORIES

Share it
Top