ഉര്‍ദുഗാന്‍ തുര്‍ക്കിയുടെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റ്

ആങ്കറ: തുര്‍ക്കിയുടെ ആദ്യ എക്‌സിക്യൂട്ടീവ് പ്രസിഡന്റായി റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ അധികാരമേറ്റു. 15 വര്‍ഷത്തോളമായി തുര്‍ക്കി ഭരണത്തിന് നേതൃത്വം നല്‍കുന്ന ഉര്‍ദുഗാന്‍ കൂടുതല്‍ അധി    കാരങ്ങളോടെയാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
ജൂണ്‍ 24നു നടന്ന തിരഞ്ഞെടുപ്പില്‍ 53 ശതമാനം വോട്ടു നേടിയാണ് ഉര്‍ദുഗാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. തുര്‍ക്കി ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റ് ഭരണത്തിലേക്കു മാറിയ ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. ഭരണഘടനാ ഭേദഗതിയിലൂടെ പ്രസിഡന്റിന്റെ അധികാരങ്ങള്‍ ഇരട്ടിയാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്. മന്ത്രിമാരെയും വൈസ് പ്രസിഡന്റിനെയും നിയമിക്കാനുള്ള അധികാരം പ്രസിഡന്റിനായിരിക്കും.
പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ 22 രാഷ്ട്രത്തലവന്‍മാര്‍ പങ്കെടുത്തു.  ബള്‍ഗേറിയ, ജോര്‍ജിയ, സുദാന്‍, ബോസ്‌നിയ പാകിസ്താന്‍, മൗറിത്താനിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രസിഡന്റുമാരാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്.
പ്രതിപക്ഷ കക്ഷികളായ റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (സിഎച്ച്പി) പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി,  ഐവൈഐ എന്നിവ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിച്ചു. 11 വര്‍ഷം പ്രധാനമന്ത്രിയായിരുന്ന ഉര്‍ദുഗാന്‍ 2014ലാണ് ആദ്യം പ്രസിഡന്റായത്.

RELATED STORIES

Share it
Top