ഉരുവച്ചാലില്‍ വീട് തകര്‍ന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്ക്

ഉരുവച്ചാല്‍: ഇന്നലെ വൈകീട്ടുണ്ടായ കനത്ത മഴയില്‍ ഉരുവച്ചാലില്‍ വീട് തകര്‍ന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ഉരുവച്ചാല്‍ മണക്കായി റോഡില്‍ ആശാരി കോട്ടയിലെ പുന്നയുള്ളകണ്ടി വീടാണ് പൂര്‍ണമായും തകര്‍ന്നുവീണത്. അമ്മുജാക്ഷി അമ്മ (75), മകന്‍ പി കെ പ്രമന്‍ (46), പ്രേമന്റെ ഭാര്യ ഷീജ (39), മക്കളായ നിഹല്‍ (എട്ട്) നിഹാര (നാല്) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഉരുവച്ചാല്‍ മെഡിക്കല്‍ സെന്ററില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തലയ്ക്കും കൈക്കുമാണ് പരിക്ക്. വീട്ടിനകത്ത് ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് ഓട് മേഞ്ഞ വീട് പൂര്‍ണമായും തകര്‍ന്നു വീണത്. മേല്‍ക്കുരയും, ഞാലിയും ഓടും തകര്‍ന്ന് ഇവരുടെ ദേഹത്ത് വീഴുകയായിരുന്നു. ഈ സമയം പ്രേമന്റെ സഹോദരി വിലാസിനിയും ഭര്‍ത്താവ് കെ പി ബാലനും വീടിന് മുന്നിലെ വരാന്തയിലായതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട് തകര്‍ന്നു വീഴുന്ന ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ സമീപവാസികളാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. വീടിന്റെ മുന്‍ഭാഗം ഒഴികെ പൂര്‍ണമായും തകര്‍ന്നു.RELATED STORIES

Share it
Top