ഉരുവച്ചാലില്‍ വാഹനാപകടം; 10 പേര്‍ക്കു പരിക്ക്

ഉരുവച്ചാല്‍: ബസ്സുകള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ നിയന്ത്രണംവിട്ട ബസ് നിര്‍ത്തിയിട്ട ലോറിയുടെ പിറകിലിടിച്ച് 10 പേര്‍ക്കു പരിക്ക്. ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ഉരുവച്ചാല്‍ മെഡിക്കല്‍ സെന്ററിന് സമീപമാണ് സംഭവം.
മട്ടന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഹിമാനി ബസ്, കെഎസ്ആര്‍ടിസിയെ മറികടക്കവെ മട്ടന്നൂരില്‍നിന്ന് കൂത്തുപറമ്പിലേക്ക് വരികയായിരുന്ന തീര്‍ത്ഥം ബസ്സില്‍ ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട തീര്‍ത്ഥം ബസ് റോഡരികില്‍ നിര്‍ത്തിയിട്ട നാഷനല്‍ പെര്‍മിറ്റ് ലോറിയുടെ പിറകിലിടിച്ചു. ബസിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു.
അണിയാരം സ്വദേശികളായ നസീമ (45), സഹോദരന്‍ പി അഷ്‌റഫ് (43), ഭാര്യ നസീമ (39), നെല്ലൂന്നിയിലെ പുഷ്പ (45), മകള്‍ ജിന്‍ഷ (18) എന്നിവരെ തലശ്ശേരി ഇന്ദിരാ ആശുപത്രിയിലും, ബസ് ഡ്രൈവര്‍ ബൈജു (40)വിനെ മട്ടന്നൂര്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.  മറ്റുള്ളവര്‍ക്ക് കൂത്തുപമ്പ് ആശുപത്രിയില്‍ പ്രഥമ ചികില്‍സ നല്‍കി. ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. മട്ടന്നൂര്‍ എസ്‌ഐ ശിവന്‍ ചോടോത്തിന്റെ നേതൃത്വത്തില്‍ പോലിസെത്തി.

RELATED STORIES

Share it
Top