ഉരുള്‍പൊട്ടല്‍ രാഷ്ട്രീയവല്‍ക്കരിക്കുന്നത് വെല്ലുവിളി: പഞ്ചായത്ത് ഭരണസമിതി

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലയിലുണ്ടായ ഉരുള്‍പൊട്ടലിനെ യുഡിഎഫ് രാഷ്ട്രീയവല്‍ക്കരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്് പഞ്ചായത്ത് പ്രസിഡന്റ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉരുള്‍പൊട്ടലുണ്ടായ 14നു തൊട്ട് 18നു അവസാന മൃതദേഹവും കിട്ടുന്നതുവരെ ഏറെ ഒത്തൊരുമയോടെയാണ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.
ഈ ദിവസങ്ങളില്‍ പരമാവധി പഞ്ചായത്തിന്റെ ഭാഗത്തു നിന്നും സര്‍ക്കാര്‍ ഭാഗത്തു നിന്നും ചെയ്യാന്‍ സാധിക്കുന്നത് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ 22നു നടത്താന്‍ നിശ്ചയിച്ച ഈ ദുരന്തത്തില്‍ കൈമെയ് മറന്ന് സഹായിച്ച മത,രാഷ്ട്രീയ,സന്നദ്ധ സംഘടനകളെയും ഉദ്യോഗസ്ഥരെയും വിളിച്ചു നന്ദി അറിയിക്കാനുള്ള തീരുമാനം യുഡിഎഫ് പ്രതിഷേധത്തിനാല്‍ മാറ്റുകയായിരുന്നു. യുഡിഎഫ് പുനരധിവാസം എന്നുപറഞ്ഞാണ് പ്രശ്‌നങ്ങള്‍ സൃഷ്്ടിക്കുന്നത്. ഈ പത്ത് ദിവസത്തിനുള്ളില്‍ കുറഞ്ഞ കുടുംബങ്ങളെ ഒഴിച്ച് മറ്റുള്ളവരെ പുനരധിവസിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ക്കു കൂടി വാടക വീട് കണ്ടെത്താനുള്ള തകൃതിയായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. കട്ടിപ്പാറ പോലെയുള്ള ഉള്‍നാടുകളില്‍ വാടക വീട് ഏറെ ദുഷ്‌കരമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ഈ ദിവസത്തിനുള്ളില്‍ തന്നെ മരിച്ചവര്‍ക്കും പരിക്കേറ്റവര്‍ക്കും സര്‍ക്കാര്‍ സഹായം എത്തി തുടങ്ങി.
സമീപപ്രദേശമായ പുല്ലൂരാംപാറയിലുണ്ടായ ഉരുള്‍പൊട്ടല്‍ കഴിഞ്ഞ് ആറ് വര്‍ഷം പൂര്‍ത്തിയായിട്ടും ക്യാംപുകളില്‍ കഴിയുന്നവരെ മാറ്റാന്‍ സാധിച്ചിട്ടില്ല. നഷ്ടപരിഹാരം ഒരു വര്‍ഷം കഴിഞ്ഞാണ് ലഭിച്ചതെന്നും നാട്ടുകാര്‍ക്കറിയാം. 21-ാം തിയ്യതി വരെ എല്ലാ കാര്യങ്ങളും കക്ഷി രാഷ്ട്രീയത്തിനതീതമായാണ് ചര്‍ച്ച ചെയ്തതെന്നും എന്നാല്‍ ചില യുഡിഎഫ് നേതാക്കള്‍ മാറി നില്‍ക്കുകയാണ് ചെയ്തതെന്നും പ്രസിഡന്റ്് ബേബി രവീന്ദ്രന്‍, വൈസ് പ്രസിഡന്റ് നിധീഷ് കല്ലുളളതോട്, ചെയര്‍പേഴ്‌സണ്‍മാരായ മദാരി ജുബൈരിയ, പി സി തോമസ്, ബേബി ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കട്ടിപ്പാറക്ക് പ്രത്യേക പാക്കേജ്
പ്രഖ്യാപിക്കണമെന്ന്
താമരശ്ശേരി: ഉരുള്‍പൊട്ടലില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിനു പുറമെ കട്ടിപ്പാറക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കട്ടിപ്പാറ പഞ്ചായത്ത് ഭരണസമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ 18നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ ഏറ്റവും വലിയ ദുരന്തമാണ് കട്ടിപ്പാറ കരിഞ്ചോലയില്‍ ഉണ്ടായത്. 14 വിലപ്പെട്ട ജീവനുകളും കോടികളുടെ സ്വത്തുവകകളുമാണ് നഷ്ടപ്പെട്ടത്. ഏറെ പിന്നാക്കം നില്‍ക്കുന്ന മേഖലയില്‍ സര്‍ക്കാര്‍ ഗൗരവത്തോടെ തന്നെ പരിഗണന നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ആവശ്യം തന്നെയാണ് പൊതുവില്‍ എല്ലാ സാമൂഹ്യ-രാഷ്ട്രീയ സന്നദ്ധ സംഘടനകളും ആവശ്യപ്പെടുന്നത്.

RELATED STORIES

Share it
Top