ഉരുള്‍പൊട്ടല്‍ മേഖലയില്‍ അനധികൃത തടയണയും റിസോര്‍ട്ട് നിര്‍മാണവും

അരീക്കോട്: മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും ഏറെ നാശനഷ്ടം സംഭവിച്ച ഉര്‍ങ്ങാട്ടിരി പഞ്ചായത്തിലെ ചുണ്ടത്തും പൊയില്‍ ഭാഗത്ത് അനധികൃത തടയണയും റിസോര്‍ട്ട് നിര്‍മാണവും വ്യാപകം. ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരണമടഞ്ഞ വെറ്റിലപ്പാറ വില്ലേജില്‍ കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ഭൂമാഫിയകളാണ് വ്യാപകമായി വനം ഭൂമി കൈയേറി അനധികൃത നിര്‍മാണം നടത്തുന്നത്.
കക്കാടുംപൊയില്‍ പി വി അന്‍വറിന്റെ നിയന്ത്രണത്തിലുള്ള തടയണയ്ക്ക് സമീപമാണ് സ്വകാര്യ ഉടമസ്ഥതയില്‍ തടയണയും റിസോര്‍ട്ട് നിര്‍മാണവും. പത്തോളം ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന പൊട്ടിയാടി കോളനിയിലെ വനഭൂമിയിലൂടെയാണ് ഈ ഭാഗത്തേക്ക് എത്തുക. ഇതിനായി പഞ്ചായത്ത് ഫണ്ട് അഞ്ചുലക്ഷം ഉപയോഗിച്ച് 200 മീറ്റര്‍ റോഡ് ഊര്‍ങ്ങാട്ടിരി പഞ്ചായത്ത് നിര്‍മിച്ചു നല്‍കിയിരിക്കുന്നു. വനമേഖലയില്‍ ആദിവാസികളെ താമസിപ്പിച്ച് റോഡ് നിര്‍മാണത്തിന് പഞ്ചായത്ത് ഫണ്ട് ഉപയോഗിക്കുന്ന തന്ത്രമാണ് ഭൂമാഫിയകള്‍ സ്വീകരിക്കുന്നത്. തടയണയും റിസോര്‍ട്ടും നിര്‍മിക്കുന്നതിന് മുന്‍പ് വ്യത്യസ്ഥയിനം പൂന്തോട്ട നിര്‍മാണത്തിനുള്ള അനുമതിക്ക് സമീപിച്ചതായും വില്ലേജ് അധികൃതര്‍ പറഞ്ഞു. ഇതിന്റെ മറവിലാണ് അനധികൃത നിര്‍മാണം നടക്കുന്നത്. ആദിവാസി ഭൂസംരക്ഷണ നിയമപ്രകാരം ആദിവാസികള്‍ക്ക് പട്ടയം അനുവദിച്ചു കിട്ടിയെങ്കിലും വെറ്റിലപ്പാറ വില്ലേജില്‍ അനുബന്ധ രേഖകള്‍ ഇല്ലന്നാണ് വിവരം. നിക്ഷിപ്ത വനഭൂമിയായതിനാല്‍ ജെണ്ടകള്‍ പൊളിച്ചുമാറ്റിയാണ് ഭൂമി കൈയേറുന്നത്.
വനം വകുപ്പ്, റവന്യു ഉദേ്യാഗസ്ഥരുടെ ഒത്തുകളിയോടെ കൈയേറ്റമെന്നും ആക്ഷേപമുണ്ട്. ഏക്കര്‍ കണക്കിന് സ്ഥലത്തിന് നികുതി അടയ്ക്കാന്‍ സൗകര്യമൊരുക്കി ഭൂമികൈയേറ്റത്തിന് സഹായിക്കുന്ന നിലപാടാണ് വെറ്റിലപ്പാറ വില്ലേജില്‍ നടക്കുന്നത്. ഭൂമിയുടെ സര്‍വേയെ കുറിച്ചുള്ള വിവരവകാശ രേഖകളില്‍ പറയുന്നത് റിസര്‍വേ നടക്കാത്തതു കാരണം അടിസ്ഥാന നികുതി, രജിസ്റ്റര്‍, തണ്ടപ്പേര്, എന്നിവ പരിശോധിച്ചതില്‍ കൃത്യമല്ലാത്തിനാല്‍ വിവരങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ്. വെറ്റിലപ്പാറ വില്ലേജിലെ ചില ഉദ്യോഗസ്ഥരാണ് ഇത്തരത്തിലുള്ള കൈയേറ്റത്തിന് സൗകര്യമൊരുക്കി കൊടുക്കുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. നിലവില്‍ ഈ ഭാഗത്ത് ഒരു നിര്‍മാണ പ്രവൃത്തിയും നടക്കുന്നില്ല എന്നുള്ള വിവരമാണ് വെറ്റിലപ്പാറ വില്ലേജ് ഓഫിസില്‍ നിന്നുള്ള മറുപടി.
എന്നാല്‍, പഞ്ചായത്ത് രേഖകളില്‍ കുളവും രണ്ട് കെട്ടിടവും ഉള്ളതായി പറയുന്നു. ഈ ഭാഗത്തെ ആദിവാസികളെ കുറിച്ചും കൃത്യമായ വിവരം നല്‍കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. ഇവിടെ റിസര്‍വേ നടത്തി ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്. പരിസ്ഥിതി ലോല പ്രദേശമായ നിലമ്പൂര്‍ വനമേഖലയില്‍പ്പെട്ട ഈ ഭാഗത്ത് തടയണയും മറ്റ് അനധികൃത നിര്‍മാണ പ്രവൃത്തികളും ദുരന്തങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന ഭീതിയിലാണ് പ്രദേശവാസികള്‍.

RELATED STORIES

Share it
Top