ഉരുള്‍പൊട്ടല്‍: നഷ്ടം പഠിക്കാന്‍ ജില്ലാ പഞ്ചായത്ത് സമിതി

കണ്ണൂര്‍: ശക്തമായ മഴയില്‍ മലയോര മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ സംഭവിച്ച നാശനഷ്ടങ്ങള്‍ നേരിട്ട് മനസ്സിലാക്കാനും നടപടികള്‍ കൈക്കൊള്ളാനും ജില്ലാ പഞ്ചായത്ത് ഒരു സമിതിയെ അയക്കും. ജില്ലാ പഞ്ചായത്തംഗം തോമസ് വര്‍ഗീസ് ഉന്നയിച്ച പ്രശ്‌നത്തിന് മറുപടിയായി പ്രസിഡന്റ് കെ വി സുമേഷ് അറിയിച്ചതാണ് ഇക്കാര്യം.
വീടുകള്‍ക്കും ഭൂമിക്കും നാശനഷ്ടങ്ങളുണ്ടായവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലും സഹായമെത്തിക്കുന്നതിലും സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെട്ടെങ്കിലും കൃഷിനാശം സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് തോമസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.
കൃഷിനാശത്തിന്റെ കൃത്യമായ കണക്കെടുത്ത ശേഷം ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പ്രസിഡന്റ് അറിയിച്ചു. തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ നടപടികള്‍ കൈക്കൊള്ളും. ജില്ലയിലെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനം സ്ഥാപിച്ചതായും ഉടന്‍ തന്നെ പ്രവര്‍ത്തനമാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷികപദ്ധതി നിര്‍വഹണം 14 ശതമാനം പൂര്‍ത്തിയായതായി യോഗം വിലയിരുത്തി. നിലവിലെ ജില്ലാ പഞ്ചായത്ത് ഭരണസമിതി മൂന്നുവര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ ഇതുവരെ പ്രഖ്യാപിച്ച പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്ന റിപോര്‍ട്ട് പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്തിന്റെ ഡോക്യുമെന്റേഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളുടെയും മറ്റും വിശദാംശങ്ങള്‍ തയ്യാറാക്കി നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം ന ല്‍കി. ജില്ലാ പഞ്ചായത്തിനു കീഴിലുള്ള സ്‌കൂളുകളില്‍ 34.6 ലക്ഷത്തിന്റെ സൗരോര്‍ജ പദ്ധതി നടപ്പിലാക്കാന്‍ ആദ്യഘട്ടത്തില്‍ 19 സ്‌കൂളുകളെ തിരഞ്ഞെടുത്തു.
വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി ഫര്‍ണിച്ചര്‍, കംപ്യൂട്ടര്‍, സിസിടിവി എന്നിവ നല്‍കുന്നതിനുള്ള സ്‌കൂളുകളുടെ പട്ടികയ്ക്ക് യോഗം അംഗീകാരം നല്‍കി. വൈസ് പ്രസിഡന്റ് പി പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷന്‍മാരായ കെ പി ജയബാലന്‍ മാസ്റ്റര്‍, വി കെ സുരേഷ് ബാബു, കെ ശോഭ, സെക്രട്ടറി വി ചന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top