ഉരുള്‍പൊട്ടല്‍; തുടര്‍പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ 23ന് യോഗം

താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോലമലയിലുണ്ടായ ഉരുള്‍പൊട്ടലുള്‍പ്പെടെ പഞ്ചായത്തിലെ നഷ്ടം കണക്കാക്കുന്നതിന് റവന്യൂ, കൃഷി വകുപ്പുകളുടെ സംയുക്ത യോഗം 23ന് 3ന് താമരശേരി തഹസില്‍ദാറുടെ ഓഫിസില്‍ ചേരാന്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ അധ്യക്ഷതയില്‍ കട്ടിപ്പാറ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം തീരുമാനിച്ചു.
വിവിധ രാഷ്ട്രീയ പാര്‍ടികളില്‍ നിന്ന് തിരഞ്ഞെടുത്ത പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. ലഭ്യമായ നഷ്ടങ്ങളുടെ കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിക്കും. പഞ്ചായത്തില്‍ നടത്തേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും. ദുരന്തബാധിതരെ സഹായിക്കാനായി വ്യാജ പിരിവ് നടത്തുന്നവര്‍ക്കെതിരേ നടപടിയെടുക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി. ക്യാംപുകളില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള ബദല്‍ സംവിധാനമൊരുക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിച്ചു.
ഉരുള്‍പൊട്ടലിനെ തുടര്‍ന്നും അല്ലാതെയും അപകട ഭീഷണിയുയര്‍ത്തി നില്‍ക്കുന്ന പാറകള്‍, പ്രദേശങ്ങള്‍, വീടുകള്‍ എന്നിവയെ കുറിച്ച് താമരശ്ശേരി തഹസില്‍ദാറെ അറിയിക്കണം. കരിഞ്ചോലമല കൂടാതെ കട്ടിപ്പാറ പഞ്ചായത്തിലെ ചമല്‍, കട്ടിപ്പാറ കാല്‍വരി എന്നിവിടങ്ങളിലും ഇതേ ദിവസം ഉരുള്‍പ്പൊട്ടലുണ്ടായിരുന്നു. ഉരുള്‍പൊട്ടലില്‍ ചളി വന്നു നിറയുകയും ഭാഗികമായി തകരുകയും ചെയ്ത വീടുകളില്‍ ഇവ നീക്കുന്ന പ്രവൃത്തികള്‍ ഇന്ന് തുടങ്ങും. ദുരിതബാധിത പ്രദേശങ്ങളിലെ വീടുകള്‍ വാസയോഗ്യമാണോയെന്ന് ഇന്ന് ജിയോളജി, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ പരിശോധന നടത്തും.
കാലവര്‍ക്കെടുതിയില്‍ പഞ്ചായത്തില്‍ 37 വീടുകളാണ് തകര്‍ന്നതെന്നാണ് പ്രാഥമിക കണക്കെന്ന് യോഗത്തില്‍ സംസാരിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ്  നിധീഷ് കല്ലുള്ളതോട് പറഞ്ഞു. ഏഴെണ്ണം പൂര്‍ണ്ണമായും തകര്‍ന്നു. ഇതില്‍ മാത്രം 1.88 കോടിയുടെ നഷ്ടമാണുണ്ടായത്.
മൂന്ന് കിലോമീറ്റര്‍ റോഡ് ഒലിച്ചുപോയതിലൂടെ 97 ലക്ഷത്തിന്റെയും 56 ഏക്കറിലെ കൃഷി നശിച്ചതിലൂടെ 75 ലക്ഷത്തിന്റെയും 2 ട്രാന്‍സ്—ഫോര്‍മറുകളടക്കം തകര്‍ന്നതിലൂടെ കെഎസ്ഇബിക്ക് 7 ലക്ഷത്തിന്റെയും നഷ്ടമുണ്ടായെന്നാണ് നിലവില്‍ ലഭിച്ച കണക്കെന്നും മറ്റുള്ളവ പരിശോധിച്ച് വരികയാണെന്നും വൈസ് പ്രസിഡന്റ് പറഞ്ഞു.     രക്ഷാപ്രവര്‍ത്തനത്തിലും ക്യാംപുകളിലും പ്രവര്‍ത്തിച്ച മുഴുവന്‍ പേര്‍ക്കും യോഗത്തില്‍ എംഎല്‍എ നന്ദി പ്രകടിപ്പിച്ചു. ദുരന്ത ബാധിതരായവരെ പുനരധിവസിക്കുന്ന തുടര്‍ പ്രവര്‍ത്തനങ്ങളിലും എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടാകണമെന്നും തീരുമാനം വിശദീകരിച്ച് എംഎല്‍എ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top